'നവമാധ്യമങ്ങള്‍ വഴി വരുംതലമുറയെ ഭീകരസംഘടനകളില്‍ നിന്ന് സംരക്ഷിക്കാം'
Posted on: 24 Feb 2015
ഷാര്‍ജ: ഭീകരസംഘടനകളുടെ സ്വാധീനത്തില്‍ നിന്ന് വരും തലമുറകളെ സംരക്ഷിക്കുന്നതിന് ഭരണകൂടം നവ ആശയവിനിമയോപാധികള്‍ ശരിയായി ഉപയോഗപ്പെടുത്തണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഷാര്‍ജ അന്താരാഷ്ട്ര ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഫോറത്തിന്റെ അവസാനദിനം നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്.
ആശയവിനിമയത്തിനായി ഭരണകൂടത്തിന് ഡിജിറ്റല്‍ സാങ്കേതികതയെ എങ്ങനെ ആശ്രയിക്കാമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ഡിജിറ്റല്‍സാങ്കേതികത വഴിയുള്ള ആശയവിനിമയം സമൂഹത്തെ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്നും യോഗം ചര്‍ച്ച ചെയ്തു.
നവ മാധ്യമങ്ങളെ ശരിയായ രീതിയില്‍ ഗവണ്‍മെന്റുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിനെക്കുറിച്ച് ഗവേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ബെന്‍ ഹാമേഴ്സ്ലി അഭിപ്രായപ്പെട്ടു. ഇത്തരം മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വരുംതലമുറയെ ഭീകര സംഘടനകളുടെ സ്വാധീനത്തില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കും. യുവാക്കള്‍ക്കിടയില്‍ ഇടപെട്ടും ഉത്തമ മാതൃകകളിലൂടെ അവരെ സ്വാധീനിച്ചും ഇത് സാധ്യമാക്കാം- അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മാധ്യമങ്ങളുടെ യുഗത്തില്‍ എല്ലാവരും എല്ലാവര്‍ക്കും എളുപ്പം എത്തിപ്പെടാവുന്ന അകലത്തിലാണ് ഉള്ളതെന്ന് ഗൂഗ്ള്‍ ഐഡിയാസ് ഡയറക്ടര്‍ ജെറേഡ് കോഹെന്‍ (jared cohen) ചൂണ്ടിക്കാട്ടി. ഈയൊരു സാഹചര്യത്തില്‍ ഓരോരുത്തരുടെയും സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടുകയെന്നത് ഏറ്റവും വലിയ വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് വലിയ പങ്കു വഹിക്കാനുണ്ട്- അദ്ദേഹം പറഞ്ഞു. ഇ.എം.ഇ.എ. വാര്‍ത്താവിഭാഗം വൈസ് പ്രസിഡന്റ് ഹഗ് പെന്നീ, എം.ബി.സി. അവതാരക മുന സുലൈമാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ രണ്ടുദിവസമായി നടന്ന അന്താരാഷ്ട്ര ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഫോറം തിങ്കളാഴ്ച സമാപിച്ചു.
from kerala news edited
via IFTTT