Story Dated: Monday, February 23, 2015 07:58
ആലപ്പുഴ: സി.പി.എം സംസ്‌ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ സമാപനം. ആലപ്പുഴയിലെ ഇ.എം.എസ് സ്‌റ്റേഡിയത്തിലേക്ക് റെഡ് വോളണ്ടിയര്‍ മാര്‍ച്ച് എത്തിച്ചേര്‍ന്നതോടെയാണ് സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത്. ആലപ്പുഴയിലെ വിവിധ ഏരിയാ കമ്മറ്റികളില്‍ നിന്നുള്ള ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരാണ് റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ അണിനിരന്നത്. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി സ്‌റ്റേഡിയത്തില്‍ എത്തി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, തോമസ് ഐസക്, ഇ.പി ജയരാജന്‍ എന്നിവരാണ് പ്രകടനത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത്.
തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നതില്‍ നിരാശയുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കമ്മ്യുണിസ്‌റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് വി.എസ് ഒഴിവാക്കാന്‍ സാധിക്കാത്ത നേതാവാണ്. സമ്മേളനത്തിന്റെ രണ്ടാം ദിവസം സമ്മേളന വേദി വിട്ട വി.എസിനെ താന്‍ വിളിച്ചിരുന്നതായും അദ്ദേഹം പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കാരാട്ട് പറഞ്ഞു.
മുതിര്‍ന്ന നേതാവായ വി.എസ് പാര്‍ട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് കൂടുതല്‍ അറിയുന്ന നേതാവാണ് വി.എസ്. തുടര്‍ന്നുള്ള പാര്‍ട്ടിയുടെ പോരാട്ടത്തില്‍ വി.എസ് കൂടി പങ്കാളിയാകുമെന്ന് താന്‍ കരുതുന്നതായും കാരാട്ട് പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്‌തിയുടെ സ്വത്തല്ല പൊതു സ്വത്താണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
വി.എസിന് വ്യക്‌തമായ സന്ദേശം നല്‍കിയാണ് തുടര്‍ന്ന് സംസാരിച്ച സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രസംഗിച്ചത്. പാര്‍ട്ടി വ്യക്‌ത്യാധിഷ്‌ടമല്ലെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിയാണ് വലുത് നേതാവല്ല. ആരും പാര്‍ട്ടിക്ക് അതീതരല്ല. നേതാവിന് പിന്നിലല്ല പാര്‍ട്ടിക്ക് പിന്നിലാണ് ജനങ്ങള്‍ അണിനിരക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. വ്യക്‌തികള്‍ വരും പോകും. ആരു പോയാലും വന്നാലും സി.പി.എം നിലനില്‍ക്കും. സാധാരണക്കാരാണ് പാര്‍ട്ടിയുടെ കരുത്തെന്നും കോടിയേരി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയും കോടിയേരി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് കോടികള്‍ അര്‍ച്ചന നടത്തിയാലേ കാര്യം സാധിക്കൂ എന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ അഴിമതി കേസില്‍ പ്രതികളാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ മീനാകുമാരി കമ്മീഷനെ നിയമിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളാണ്. യു.ഡി.എഫ് മന്ത്രിസഭയ്‌ക്കെതിരെ ഇനി പോരാട്ടത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT