121

Powered By Blogger

Friday, 18 September 2020

ലോക്ക്ഡൗണിനുശേഷം സ്വർണപ്പണയ വായ്പയിൽ 70 ശതമാനം വരെ വർധന

കൊച്ചി: സ്വർണ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ വർധന. കോവിഡ്-19 ലോക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണ പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കെടുത്താൽ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയിട്ടുള്ളത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമേ ബാങ്കിന്റെ കാർഷിക സ്വർണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വർധന കാർഷിക സ്വർണ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തി. ഫെഡറൽ ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ നടപ്പു സാമ്പത്തിക വർഷം 25 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടെ 2,500 കോടി രൂപയുടെ സ്വർണ പണയ വായ്പ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളർച്ചയിലും വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ബാങ്ക് അറിയിച്ചു. സ്വർണപ്പണയ വായ്പാ വിതരണത്തിൽ 46 ശതമാനം വാർഷിക വർധന മാർച്ച്-സെപ്റ്റംബർ കാലയളവിൽ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും അറിയിച്ചു. 2020 മാർച്ച് 24 മുതൽ സെപ്റ്റംബർ ഏഴു വരെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വിതരണം ചെയ്ത വായ്പകളിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വർധന രേഖപ്പെടുത്തി. 40,000 ഗുണഭോക്താക്കൾക്കായി 38 ലക്ഷത്തിലധികം രൂപയാണ് ഇക്കാലയളവിൽ സ്വർണപ്പണയ വായ്പയായി വിതരണം ചെയ്തിട്ടുള്ളതെന്നും ഇസാഫ് വ്യക്തമാക്കി. സ്വർണപ്പണയ പോർട്ട്ഫോളിയോ ശക്തമാക്കി ബാങ്കുകൾ നേരത്തെ എൻ.ബി.എഫ്.സി.കളും സ്മോൾ ഫിനാൻസ് ബാങ്കുകളും മാത്രമാണ് സ്വർണപ്പണയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, കുറച്ച് വർഷങ്ങളായി ബാങ്കുകളും റീട്ടെയ്ൽ വിഭാഗത്തിൽ ഊന്നൽ നൽകിക്കൊണ്ട് സ്വർണപ്പണയ വായ്പാ പോർട്ട്ഫോളിയോ ശക്തമാക്കുന്നതാണ് കാണുന്നത്. വായ്പ വീണ്ടെടുക്കുന്നതിൽ റിസ്ക് കുറവാണ് എന്നതാണ് ബാങ്കുകളെ സംബന്ധിച്ച് സ്വർണപ്പണയ വായ്പകളുടെ മേന്മ. വലിയ ലക്ഷ്യങ്ങളാണ് ഈ വിഭാഗത്തിൽ ബാങ്കുകൾക്കുള്ളത്. ഇതിലേക്കെത്തുന്നതിനായി കോവിഡ് കാലത്തും ആകർഷകമായ പലിശ നിരക്കുകളും ഡോർ സ്റ്റെപ്പ് വായ്പാ സൗകര്യവുമൊക്കെയാണ് ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. വായ്പ എളുപ്പമാക്കുന്നതിനായി കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളും നൽകുന്നുണ്ട്. ഇതിനു പുറമെ ഓവർഡ്രാഫ്റ്റ് സ്വർണപ്പണയത്തിനുള്ള സൗകര്യങ്ങളും മിക്ക ബാങ്കുകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/3mCmQgP
via IFTTT