സബ് രജിസ്ട്രാര്‍ ഓഫീസര്‍ ജോലി രാജിവെച്ചൊഴിഞ്ഞു
Posted on: 05 Mar 2015
മൈസൂരു: പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കൈക്കൂലിക്കാരായ സഹപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു പോയതിലുള്ള വിഷമത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ ജോലി രാജിവെച്ചൊഴിഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍ നിന്ന് ഏറെ അകലെയെല്ലാത്ത ടി. നരസിപ്പുരയിലെ സബ് രജിസ്ട്രാര്‍ ഓഫീസറായ ചെലവരാജുവാണ് സ്വന്തം ഓഫീസിലെ അഴിമതിയില്‍ മനംമടുത്ത് സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഓഫീസില്‍ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അഴിമതിക്കെതിരെ പുറത്തുനിന്ന് പോരാട്ടം തുടരുമെന്ന് ചെലവരാജു അറിയിച്ചു.
രണ്ടുവര്‍ഷം മുന്‍പാണ് ടി. നരസിപ്പുരയിലെ സബ് രജിസ്ട്രാര്‍ ഓഫീസറായി ചെലവരാജു ജോലിയില്‍ പ്രവേശിച്ചത്. ചുമതലയേറ്റ് ഏറെ നാള്‍ കഴിയും മുന്‍പ് തന്നെ ഓഫീസിനുള്ളില്‍ നടക്കുന്ന ഭീകരമായ അഴിമതിയെ ക്കുറിച്ച് ഇദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് കീഴ് ജീവനക്കാരെ വിളിച്ച് ഉപദേശിച്ചെങ്കിലും കൈക്കൂലി വാങ്ങുന്നതില്‍ നിന്ന് പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല. ഇത് മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതൊക്കെ സാധാരണമാണെന്നും അതില്‍ ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു അവരുടെ മറുപടി. എന്നാല്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന ചെലവരാജു സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ഓഫീസിനുള്ളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുകയും ബയോ-മെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതു മറികടക്കാന്‍ ജീവനക്കാര്‍ കൈക്കൂലി ഇടപാടുകള്‍ ചെക്കിലൂടെയാക്കി മാറ്റി. ഓഫീസിനു പുറത്തുവെച്ച് പണംവാങ്ങുന്നതും നിര്‍ബാധം തുടര്‍ന്നു. ഇതോടൊപ്പം ഓഫീസിലെത്തുന്നവരുടെ മുന്നില്‍വെച്ച് ചെലവരാജുവിനെ കളിയാക്കി സംസാരിക്കാനും ആരംഭിച്ചു. ഇതേപ്പറ്റി വീണ്ടും വീണ്ടും അധികാരികളെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് അനക്കമൊന്നുമുണ്ടായില്ല.
അതിനിടെ ഒരു ഉന്നത ഓഫീസര്‍ ചെലവരാജുവിനെ ബുദ്ധിമാനായ മണ്ടന്‍ എന്ന് കീഴ്ജീവനക്കാരുടെ മുന്നില്‍ വെച്ച് സംബോധന ചെയ്യുകയും ചെയ്തതോടെയാണ് ജോലി രാജിവെക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിബ്രവരി 27-ന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. താന്‍ രാജിവെക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു. സര്‍ക്കാര്‍ ഇതില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് നോക്കിയതിനു ശേഷം കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചെലവരാജു മാധ്യമങ്ങളോടു പറഞ്ഞു. നേരത്തേ ടി. നരസിപ്പുരയില്‍ സ്വന്തം ഓഫീസില്‍ നടക്കുന്ന അഴിമതിയില്‍ മനംനൊന്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു.
from kerala news edited
via IFTTT