ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ പുനരാരംഭിക്കും.
Posted on: 05 Mar 2015
മൈസൂരു: സാങ്കേതികകാരണങ്ങളാല്‍ മുടങ്ങിപ്പോയ മൈസൂരു പാലസിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ പുനരാരംഭിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധസംഘം പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരികയാണ്. അടുത്ത ഒരുമാസത്തിനുള്ളില്‍ തന്നെ ഷോ പുനരാരംഭിക്കുമെന്ന് പാലസ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മൈസൂരുവിലേക്കു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പരിപാടി എല്ലാ ദിവസവും നടത്തുന്നതിനെ പ്പറ്റിയും അധികൃതര്‍ ആലോചിക്കുന്നുണ്ട്. മൈസൂരു പാലസിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന സന്ദര്‍ശകര്‍ക്ക് അടുത്ത വരവില്‍ ഇത് ഏറെ ആഹ്ലാദം പകരും.
മൈസൂരു രാജകുടുംബത്തിന്റെയും, പാലസിന്റെയും ചരിത്രം ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും രൂപത്തില്‍ അവതരിപ്പിക്കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിനു ശേഷം മൈസൂരു പാലസിലെ ലക്ഷം ദീപങ്ങള്‍ അഞ്ചു മിനിറ്റ് ഒരുമിച്ച് പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയില്‍ നടന്നുവന്നിരുന്ന പരിപാടി കാണാന്‍ വേണ്ടി മാത്രമായി നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പരിപാടി ഇടയ്ക്കിടെ മുടങ്ങുന്നത് പതിവായിരുന്നു. ഇതിനുശേഷം യെദ്യൂരപ്പയുടെ ഭരണകാലത്ത് പുതിയ കമ്പനിയെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നെങ്കിലും സ്‌ക്രിപ്റ്റില്‍ ചരിത്രത്തെ വളച്ചൊടിച്ചെന്ന രാജകുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് വീണ്ടും നിര്‍ത്തലാക്കി. തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പാണ് ഷോ പുനരാരംഭിച്ചത്.
എന്നാല്‍, കാര്യമായ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ മൂന്നുമാസം മുന്‍പാണ് ഷോ വീണ്ടും നിര്‍ത്തിയത്. പ്രശ്‌നം എളുപ്പം പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് സമയം കൂടുതല്‍ വേണ്ടിവരുന്നതെന്ന് പാലസ് അധികൃതര്‍ പറഞ്ഞു. കുറച്ചു മാറ്റങ്ങളോടെയായിരിക്കും ഷോ പുനരാരംഭിക്കുകയെന്നും ഇവര്‍ വ്യക്തമാക്കി.
from kerala news edited
via IFTTT