'മ്യൂസിയം ഓഫ് ഫ്യൂച്ചര്‍' പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തിറക്കി
Posted on: 05 Mar 2015
ദുബായ്: രാജ്യത്തിന്റെ നവീനതയിലേക്കുള്ള കുതിപ്പിന് ആക്കംകൂട്ടുന്ന 'മ്യൂസിയം ഓഫ് ഫ്യൂച്ചര്‍' പദ്ധതിയുടെ വിശദാംശങ്ങള്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ശൈഖ് സായിദ് റോഡില്‍ എമിറേറ്റ്‌സ് ടവറുകള്‍ക്കു സമീപം സ്ഥാപിക്കുന്ന മ്യൂസിയം 2017-ല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും.
രാജ്യത്തെ വികസനത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുംവിധത്തിലാണ് മ്യൂസിയം രൂപകല്പനചെയ്യുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സ്മാര്‍ട്ട് സിറ്റികള്‍, ഊര്‍ജം, ഗതാഗതം എന്നീ മേഖകളില്‍ നവീനാശയങ്ങള്‍ക്ക് രൂപംനല്‍കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനുള്ള പരീക്ഷണകേന്ദ്രമായിരിക്കുമിത്. ആശയങ്ങളുടെയും അവയുടെ രൂപകല്പനയുടെയും വികാസകേന്ദ്രമെന്ന നിലയില്‍ മ്യൂസിയം പ്രവര്‍ത്തിക്കും. നവീനതയിലേക്കുള്ള ശക്തിയും ഗവേഷകര്‍ക്കും സംരംഭകര്‍ക്കുമുള്ള ആഗോളസന്ദര്‍ശന കേന്ദ്രവുമായിരിക്കുമിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
2015 നവീനതയുടെ വര്‍ഷമായിരിക്കുമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചിരുന്നു. ഈയൊരു ദൗത്യത്തെ നാം എത്രത്തോളം ഗൗരവത്തോടെയാണു കാണുന്നതെന്നതിനു തെളിവാണ് നമ്മുടെ ശ്രമങ്ങള്‍. ഭാവി ഭാവനയില്‍ക്കാണാനും അവ രൂപകല്പനചെയ്യാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്നവരുടേതാണ് വരുംകാലം. യു.എ.ഇ.യില്‍ നമ്മള്‍ വ്യത്യസ്തമായാണു ചിന്തിക്കുന്നത്. മറ്റുള്ളവര്‍ ഭാവിപ്രവചിക്കുമ്പോള്‍, നമ്മളത് സൃഷ്ടിക്കുകയാണു ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു.
മ്യൂസിയം കേന്ദ്രീകരിച്ച് ഉന്നതതല പഠന കോഴ്‌സുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്റര്‍ മുഖേന വിശദമാക്കി. ക്രിയാശേഷിയുള്ള വ്യക്തികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനും ആശയങ്ങള്‍ക്ക് വിപണികണ്ടെത്താനും സഹായം നല്‍കും. കഴിവുറ്റ സംരംഭകര്‍ക്കും കണ്ടുപിടിത്തക്കാര്‍ക്കുമുള്ള മികച്ച താവളമായിരിക്കും മ്യൂസിയം ഓഫ് ഫ്യൂച്ചര്‍.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് തലവനായുള്ള ട്രസ്റ്റ് ബോര്‍ഡിനായിരിക്കും മ്യൂസിയത്തിന്റെ ചുമതല. കാബിനറ്റ്കാര്യമന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി വൈസ് പ്രസിഡന്റായിരിക്കും.
from kerala news edited
via IFTTT