Story Dated: Thursday, March 12, 2015 02:22
മാനന്തവാടി: ജില്ലയിലെ വന്യമൃഗശല്ല്യം പ്രതിരോധിക്കാനായി കര്‍ണ്ണാടക മാതൃകയില്‍ ഉരുക്കുവേലി സ്‌ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന പുതിയതരം പ്രതിരോധ സംവിധാനം ഒരുക്കിയിരിക്കുകയാണ് കര്‍ണ്ണാടകയിലെ വനംവകുപ്പ് അധികൃതര്‍.
ദേശീയ സംരക്ഷണ ഉദ്യാനമായ നാഗര്‍ഹോളയിലാണ് റെയില്‍വെ പാളത്തിനുപയോഗിക്കുന്ന ഉരുക്ക് ദണ്ഡുകള്‍ ഉപയോഗിച്ച് വേലി സ്‌ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ആന കിടങ്ങ് വൈദ്യുതി വേലി, കരിങ്കല്‍ മതില്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങളേക്കാള്‍ ഇത് വിജയകരമാണെന്ന് അഭിപ്രായമുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ ഇത്തരത്തിലുള്ള പ്രതിരോധവേലി ഒരുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ 75 പേര്‍ ഇവിടെ വന്യമൃഗ അക്രമങ്ങളില്‍ മരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ ഇതിലും രണ്ടും മൂന്നും ഇരട്ടിയാണ്.
വന്യമൃഗശല്ല്യം കൂടുതല്‍ അനുഭവപ്പെടുന്ന 91 കി.മീ വനാതിര്‍ത്തിയില്‍ പുതിയ തരത്തിലുള്ള വേലി സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്ലി പഞ്ചായത്ത് വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി വനംവകുപ്പ് മന്ത്രിക്കും ഉന്നത വനപാലകര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടപ്പിലാക്കുന്ന വൈദ്യുതി കമ്പിവേലി പരാജയമാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കിടങ്ങ് നിര്‍മാണം പ്രായോഗികമല്ലെന്ന് അനുഭവത്തില്‍ നിന്നും മനസിലായതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഒരു കിലോമീറ്റര്‍ ദൂരം കല്‍മതില്‍ നിര്‍മ്മിക്കാന്‍ ഒരുകോടി രൂപ ചിലവ് വരും. ഇത് അപ്രയോഗികവും പാരിസ്‌ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുന്നതുമാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് കര്‍ണ്ണാടകയിലെ നാഗര്‍ഹോളയില്‍ ഇരുമ്പ് വേലി സ്‌ഥാപിച്ചത്.നാലടി ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റില്‍ കാലുറപ്പിച്ചതിനുശേഷം അതിലാണ് കമ്പിവേലി സ്‌ഥാപിക്കുന്നത്. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ പി. രാജന്‍ നാഗര്‍ഹോളയിലെ കമ്പിവേലി നിര്‍മാണ രീതികള്‍ വിലയിരുത്തിയിരുന്നു.
from kerala news edited
via IFTTT