121

Powered By Blogger

Friday, 25 June 2021

യുഎസിലെ സാമ്പത്തികനയമാറ്റം ഇന്ത്യക്ക് കനത്ത ആഘാതമാകും?

ആഗോള സമ്പദ് വ്യവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിനാശകരമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട വർഷമായിരുന്നു 2020. സമ്പദ് വ്യവസ്ഥകളെ താങ്ങിനിർത്താൻ ലോകത്തിലെ വിവധ സർക്കാരുകളും കേന്ദ്രബാങ്കുകളും പല നടപടികളും കൈക്കൊണ്ടു. യുഎസ് ഫെഡ് റിസർവ് ഉൾപ്പടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു കൊണ്ടു വരികയും ഉദാര പണനയം ഉൾപ്പടെ അവിശ്വസനീയ നടപടികൾ പ്രഖ്യാപിക്കുകയുംചെയ്തു. സാമ്പത്തിക ഉത്തേജക നടപടികളുടെ ഫലം അതതു രാജ്യങ്ങളിൽ മാത്രം ഒതുങ്ങാതെ വികസ്വര സമ്പദ് വ്യവസ്ഥകളിലും അതിന്റെ അനുരണങ്ങളുണ്ടായി. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയായി ലഭിക്കുന്ന പണം കൂടുതൽ മെച്ചംതേടി വികസ്വര രാജ്യങ്ങളിലെത്തി. ഈ ഘട്ടത്തിൽ ഇന്ത്യയിലേക്കും വൻ തോതിൽ മൂലധനം ഒഴുകിവന്നു. 2020 മാർച്ച് മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങളും വ്യക്തികളും 15 ബില്യൺ യുഎസ് ഡോളർ നെഗറ്റീവ് സെല്ലിംഗ് നടത്തിയപ്പോൾ 2020 ഡിസംമ്പറിൽ ഇവർ 9 ബില്യൺ ഡോളറിന്റെ നിക്ഷേപകരായി മാറി. മൂലധനത്തിന്റെ ഈ ഒഴുക്കിൽനിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണമുണ്ടായിട്ടുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക നയത്തിലുണ്ടാകുന്ന ഏതുമാറ്റവും ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര സമ്പദ് വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുമെന്നകാര്യത്തിൽ സംശയമില്ല. വിലസ്ഥിരതയും ജനങ്ങൾക്ക് പൂർണമായ തൊഴിലും നൽകാൻ യുഎസ് കേന്ദ്ര ബാങ്കിനു ബാധ്യതയുണ്ട്.് 2 ശതമാനത്തിൽ താഴെയായിരുന്ന വിലക്കയറ്റ നിരക്ക് യുഎസിൽ ഒരു മൃത പ്രതിഭാസമായാണ് കണക്കാക്കപ്പെട്ടിരുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ ചൂടു പിടിച്ചുകൊണ്ടിരിക്കയാണ്. ഉദാഹരണത്തിന് 2021 മെയ്മാസം ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിലക്കയറ്റം 3.8 ശതമാനമായി ഉയർന്നു. 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്നാണ് തുടക്കത്തിൽ കരുതപ്പെട്ടിരുന്നത്. വിലക്കയറ്റ നിരക്ക് അപ്രതീക്ഷിത തലത്തിലേക്ക് ഉയർന്നതോടെ യുഎസ് കേന്ദ്ര ബാങ്ക് 2023 ഓടെ പലിശ നിരക്ക് അരശതമാനം ഉയർത്തുമെന്ന സൂചന നൽകിക്കഴിഞ്ഞു. വിലക്കയറ്റ നിരക്ക് ഇതേ സ്ഥിതിയിൽ തുടർന്നാൽ 2023നു മുമ്പുതന്നെ നടപടികളിലേക്കു നീങ്ങാൻ അവർ നിർബന്ധിതരാകും. ഇത്തരം സാഹചര്യത്തിൽ വികസ്വര വിപണികളിൽ നിന്നുള്ള പണമൊഴുക്ക് തിരിച്ചാകും. ലാഭത്തിന്റെ കാര്യത്തിൽ വികസ്വര വിപണികൾ അനാകർഷകമാകുന്നതോടെ വിദേശ നിക്ഷേപങ്ങൾ യുഎസിലേക്കു തിരികെ ഒഴുകാൻ തുടങ്ങും. ഇങ്ങനെയൊരു സാഹചര്യം 2013ൽ ഇന്ത്യ നേരിട്ടിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുയർത്തുമെന്ന വാർത്ത തന്നെ വികസ്വര വിപണികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതത്തിൽനിന്ന് ഇന്ത്യയ്ക്കും രക്ഷപെടാനാവില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, തുർക്കി എന്നിവയോടൊപ്പം ലോല സമ്പദ്ഘടനയുള്ള അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അക്കാലത്തെ യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാൻകെയുടെ പലിശ നിരക്കുയർത്തൽ സംബന്ധിച്ച സൂചനതന്നെ മതിയായിരുന്നു ഇന്ത്യയിൽ നിന്നു യുഎസിലേക്കു തിരിച്ചുള്ള പണമൊഴുക്കാരംഭിക്കാൻ. ഇത് ഓഹരി വിപണിയിൽ പരിഭ്രാന്തി പടർത്തുകയും യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ മറ്റു കറൻസികൾക്ക് വിലയിടിവുണ്ടാവുകയും ചെയ്തു. രൂപയുടെ വിലയിടിയുന്നത് നമ്മുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുകയും വ്യാപാരക്കമ്മി കൂട്ടുകയും ചെയ്യും. 2021 ജൂൺ 4ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ കറൻസി നീക്കിയിരിപ്പ് 605 ബില്യൺ യുഎസ് ഡോളറാണ്. വളരെ സുരക്ഷിതമായ നിലയാണിത്. എങ്കിലും യുഎസിലേക്കുള്ള പണത്തിന്റെ തിരിച്ചൊഴുക്കുണ്ടായാൽ സംഭവിക്കാവുന്ന അസ്ഥിരത നേരിടാൻ റിസർവ് ബാങ്ക് മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികവിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3zVTjoW
via IFTTT