Story Dated: Saturday, January 24, 2015 03:30
കോട്ടയം: ബാര്‍ കോഴക്കേസില്‍ കെ.എം മാണി മന്ത്രിസ്ഥാനത്തുനിന്ന് മാറിയാല്‍ പകരം ജോസ് കെ മാണി മന്ത്രിയാകുന്നതിന് തടയിട്ട് പാര്‍ട്ടി വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായി പി.സി ജോര്‍ജ് നിലപാട് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ആരുടെയും കുടുംബസ്വത്തല്ലെന്നും മാണി മാറിയാല്‍ പകരം പാര്‍ട്ടിയില്‍ മൂത്തുപഴുത്ത് പാകമായ ഒരുപാട് ഇലകളുണ്ടെന്നും ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ജോര്‍ജ്.
ബാര്‍ കോഴ ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് തുറന്നുപറഞ്ഞ ജോര്‍ജ്, മാണി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സൂചനയും നല്‍കി. മാണിയുടെ സ്ഥാനത്ത് താങ്കളായിരുന്നുവെങ്കില്‍ രാജിവയ്ക്കുമായിരുന്നോ എന്ന മാധ്യമപ്രതിനിധിയുടെ ചോദ്യത്തിന് 'സംശയമെന്ത്' എന്നായിരുന്നു മറുപടി. എന്നാല്‍ മാണി രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ പറയില്ലെന്നും എന്നാല്‍ കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം വന്നാല്‍ രാജിവയ്ക്കാന്‍ ധാര്‍മ്മികതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ജനങ്ങളുടെ മുഖത്തുനോക്കാന്‍ പറ്റാത്ത അവസ്ഥയായി.
ജോസ് കെ. മാണിക്ക് സിന്ദാബാദ് വിളിക്കാം എന്നു പറഞ്ഞല്ല കേരള കോണ്‍ഗ്രസില്‍ വന്നത്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദറില്ല. എം.പിയായ ജോസ് കെ. മാണി സംസ്ഥാന മന്ത്രിയാകണമെന്ന് പറയുന്നത് ധര്‍മ്മികമല്ല, മാന്യതയ്ക്ക് നിരക്കുന്നതല്ല. മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും യോഗ്യതയുള്ള നിരവധി എം.എല്‍.എമാരുണ്ട്. സി.എഫ് തോമസ് ആണ് അതില്‍ ഏറ്റവും യോഗ്യനെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. കെ.എം മാണി പറഞ്ഞാലും ജോസ്.കെ.മാണി മന്ത്രിയാകില്ല. എം.എല്‍.എ അല്ലാത്ത എം.പിയായ ഒരാളെ മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.
മാണി മന്ത്രി സ്ഥാനത്തുനിന്നും മാറുമെന്നോ മാറണമെന്നോ താന്‍ പറഞ്ഞിട്ടില്ല. സി.എഫ് തോമസ്, ജയരാജ് എം.എല്‍.എ , റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, ടി.യു കുരുവിള, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ മന്ത്രിയാകാന്‍ അര്‍ഹതയുള്ളവരാണെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.
ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ബിജു രമേശ് കള്ളുകച്ചവടക്കാനാണ്. കെ.എം.മാണി അയാളുടെ പക്കല്‍ നിന്ന് പണം വാങ്ങിയെന്ന് കരുതുന്നില്ല. പതിനെട്ട് വര്‍ഷം മുമ്പ് ബിജു രമേശിന്റെ അച്ഛന്‍ കമ്പനി വിലയില്‍ മൂന്നു പൈസ കുറച്ച് കോര്‍പറേഷന് പെട്രോള്‍ വിറ്റിരുന്നു. വിലകുറച്ച് പെട്രോള്‍ നല്‍കിയത് ഒന്നും കാണാതെയല്ല. റവന്യൂ ഉദ്യോഗസ്ഥരെ കളിപ്പിച്ച് ഇയാള്‍ തിരുവനന്തപുരത്ത് ഭൂമി കൈയേറിയിട്ടുണ്ട്. ഞാറയ്ക്ക് വിഷമദ്യ ദുരന്തമുണ്ടാക്കിയത് ഇയാളുടെ ഭാര്യാപിതാവാണ്. സ്വന്തം സഹോദരി ഭര്‍ത്താവായ ഐ.പി.എഫ് ഓഫീസറെ വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടുപോയവനാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതിന് ദൃക്‌സാക്ഷിയായിരുന്നുവെന്നും ജോര്‍ജ് ആരോപിച്ചു.
മാണി മാറിയാല്‍ പകരം ജോസ് കെ.മാണിയെ മന്ത്രിയാക്കുമോ എന്ന ചോദ്യം കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ഇതിനെ ചര്‍ച്ചയില്‍ എതിര്‍ത്ത ജോര്‍ജ് പാര്‍ട്ടിയിലെ മറ്റുള്ളവരുടെ അഭിപ്രായം തുറന്നുപറയുകയായിരുന്നുവെന്നാണ് സുചന. മാണിക്കു പകരം മകന്‍ വരുന്നതിനെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും ഉള്ളില്‍ എതിര്‍ക്കുന്നുണ്ടെങ്കിലും മാണിക്കു മുന്നില്‍ തുറന്നുപറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഇതാണ് ജോര്‍ജ് ചാനല്‍ അഭിമുഖത്തിലൂടെ പുറത്തുവിട്ടതെന്നും പൊതുസമൂഹം ചര്‍ച്ചയാക്കിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
from kerala news edited
via IFTTT