Story Dated: Saturday, January 24, 2015 07:00
കൊച്ചി: ധനമന്ത്രി കെ.എം മാണിക്കായി പിച്ചയെടുക്കാന്‍ ആഹ്വാനം ചെയ്‌ത് ഫേസ്‌ബുക്ക് കൂട്ടായ്‌മ. നാളെ രാവിലെ 10ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ മുറ്റത്ത് പിച്ചതെണ്ടി പ്രതിഷേധമറിയിക്കാനാണ് ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ ആഹ്വാനം. വെളുത്ത ജുബ്ബയും കറുത്ത ബജറ്റ് പെട്ടിയും പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങാന്‍ ഇതുവരെ 2100 പേരാണ് സമ്മതമറിയിച്ചത്. സമരാനുകൂലികള്‍ നാളെ നിരത്തിലിറങ്ങിയാല്‍ വ്യത്യസ്‌തമായ സമരമുഖത്തിനാകും കേരളം സാക്ഷിയാകുക.
'അഷ്‌ടിക്ക് വകയില്ലാതെ കഷ്‌ടപ്പെടുന്ന നമ്മുടെ സാറിന് കുറേ കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ക്ക് പിരിച്ച് കൊടുക്കണം. എന്റെ വക 500' എന്ന സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച പ്രതിഷേധമാണ് നാളെ തെരുവിലേക്ക് ഇറങ്ങുന്നത്. പോസ്‌റ്റിലെ ഹാഷ് ടാഗായ 'എന്റെ വക 500' എന്നപേരില്‍ തന്നെയാണ് കൂട്ടായ്‌മയും രൂപം കൊണ്ടിരിക്കുന്നത്.
പേജിലെ സമരാഹ്വാനം ഇങ്ങനെ; 'പരാമാവധി പേര്‍ വെളുത്ത ജുബ്ബയും കറുത്ത ബജറ്റ് പെട്ടിയുമായി വന്നാല്‍ പരിഹാസം ഉഷാറാക്കാം. ഇപ്പോ പെട്ടിയും ജുബ്ബയും എവിടെനിന്ന് സംഘടിപ്പിക്കാനാണെന്ന് ബേജാറാകേണ്ട. പിച്ച തെണ്ടാനുള്ള പാത്രം കൊണ്ടുവരണം. പ്ലക്കാര്‍ഡുമായി വരാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ അങ്ങനെയും. 2100 പേര്‍ വരാമെന്ന് പേജിലൂടെ അറിയിച്ചിട്ടുണ്ട്. അത്രയും വരില്ലെങ്കിലും രണ്ട് പേരെങ്കില്‍ രണ്ട് പേര്‍. നമ്മള്‍ അഷ്‌ടിക്ക് വകയില്ലാത്ത സാറിനായി ചിച്ചതെണ്ടും. ഇത് അഭിമാനമുള്ള ഓരോ മലയാളിയുടെയും പ്രശ്‌നമാണ്. ബജറ്റ് വിറ്റ് നമ്മളെ തുലച്ചവര്‍ക്കെതിരെയുള്ള പ്രതിഷേധമാണ്. വരൂ നമുക്ക് പിച്ചച്ചട്ടിയേന്തി തെരുവിലിറങ്ങാം'.
മുമ്പ് ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് മാണിയും കോഴ വിവാദവുമൊക്കെ ഫേസ്‌ബുക്കിലും ഹിറ്റ് ആക്കിയിരുന്നു. 'എന്റെ വക 500' എന്ന ഹാഷ് ടാഗ് പിന്തുടര്‍ന്ന് കെ.എം മാണിയുടെ പേരില്‍ പാലായിലെ പോസ്‌റ്റ് ഓഫീസില്‍ പതിനയ്യായിരത്തിലധികം രൂപ മണിയോര്‍ഡര്‍ വന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ സിനിമാ നടന്‍ അനൂപ് ചന്ദ്രന്‍ മാണിയെ കളിയാക്കി ഫേസ്‌ബുക്കിലിട്ട വീഡിയോയും വൈറലായിരുന്നു. മാണി രാജി വയ്‌ക്കണമെന്ന് ഒരു അഫ്‌ഗാനിസ്‌ഥാന്‍ ആവശ്യപ്പെടുന്ന വീഡിയോയും ഹിറ്റായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
from kerala news edited
via IFTTT