അബ്ദുള്ള രാജാവിന്റെ മരണം : ദുഃഖത്തോടെ യു.എ.ഇ. സമൂഹവും
Posted on: 25 Jan 2015
ദുബായ്: അബ്ദുള്ള രാജാവിന്റെ മരണം യു.എ.ഇ.ക്കാര്‍ക്കിടയിലും മ്ലാനത പരത്തി. ദുഃ ഖാചരണത്തിന്റെ ഭാഗമായി ആഘോഷപരിപാടികളില്‍ പലതും മാറ്റിവെച്ചതും റേഡിയോ, ടി.വി. ചാനലുകള്‍ വിനോദ പരിപാടികള്‍ നിര്‍ത്തിവെച്ചതും പൊതുവെ ശോകമൂകമായ അന്തരീക്ഷം സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അഭയമായ രാഷ്ട്രത്തലവന്റെ വിയോഗം യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും ദുഃഖംകലര്‍ന്ന വാര്‍ത്തയായി.
ആഴ്ചകളായി തുടരുന്ന ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആഘോഷപരിപാടികളും ഗ്ലോബല്‍ വില്ലേജിലെ സ്റ്റേജ് പരിപാടികളും മാറ്റിവെച്ചത് ദുബായിലെ ഉത്സവപ്രതീതിക്ക് മങ്ങലേല്‍പ്പിച്ചു. പൊതുവെ ആഘോഷങ്ങള്‍ നിര്‍ത്തിവെച്ച് ദുഃ ഖത്തില്‍ പങ്കാളികളാകാന്‍ ഓരോ സ്ഥാപനവും കൂട്ടായ്മകളും സന്നദ്ധരാകുന്ന കാഴ്ചയാണ് യു.എ.ഇ.യിലും കണ്ടത്. വെള്ളിയാഴ്ച കിന്റര്‍ഗാര്‍ട്ടന്‍ സ്റ്റാര്‍ട്ടേഴ്‌സില്‍ നടക്കാനിരുന്ന വാര്‍ഷിക കാര്‍ണിവലും മാറ്റിവെച്ചു. വൈകിട്ട് നടക്കാനിരുന്ന കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയായെങ്കിലും അബ്ദുല്ല രാജാവിനോടുള്ള ആദരസൂചകമായി പരിപാടി മാറ്റിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.
സൗദി രാജാവിന്റെ വിയോഗം മലയാളികളായ പ്രവാസികള്‍ ഏറെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. ഏറ്റവുമധികം മലയാളികള്‍ തൊഴില്‍ ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് ഓരോ മലയാളിയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൗദിയുമായി ബന്ധമുള്ളവരാണ്. യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നല്ലൊരു ശതമാനം ജോലിയാവശ്യാര്‍ഥം പലപ്പോഴായി സൗദിയില്‍ അബ്ദുല്ല രാജാവിന്റെ തണല്‍ അനുഭവിച്ചവരുമാണ്. അദ്ദേഹം ഭരണം കൈയാളിയിരുന്ന 2005 മുതലുള്ള കാലങ്ങളില്‍ അവിടെ കടകളിലും കമ്പനികളിലുമൊക്കെയായി ജോലി ചെയ്തിരുന്ന മലയാളികടക്കമുള്ള വിദേശികള്‍ യു.എ.ഇ.യിലുണ്ട്.
പ്രജാക്ഷേമതത്പരനും സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങും തണലുമായിരുന്നു രാജാവെന്ന് അവര്‍ ഓര്‍മിച്ചു. ഷാര്‍ജയില്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കുന്ന കറാച്ചി സ്വദേശി മുറാദ് അബ്ദുള്ള സൗദി രാജാവിന്റെ മരണവാര്‍ത്ത കേട്ടത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. വെള്ളിയാഴ്ച അദ്ദേഹം ജോലിക്ക് ഹാജരാകാതെ വീട്ടിനകത്തുതന്നെയിരുന്നു. 1990 മുതല്‍ 20 വര്‍ഷക്കാലം മുറാദ് സൗദിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ശാരീരിക അവശതകാരണം നാട്ടിലേക്ക് പോയ മുറാദ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഷാര്‍ജയില്‍ ടാക്‌സി ഓടിക്കുകയാണ്.
സൗദിയുമായി ഷാര്‍ജ ഭരണകൂടം വളരെയടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ ത്തന്നെ അബ്ദുല്ല രാജാവിന്റെ മരണം ഏറ്റവുമധികം ബാധിച്ച ജനവിഭാഗവും ഷാര്‍ജക്കാരാണ്. പൊതുവെ ശോകമൂകമായ അന്തരീക്ഷമാണ് എമിറേറ്റിലെങ്ങും. ലോക സംഗീതോത്സവം നടക്കുന്ന അല്‍ മജാസ് ആംഫി തിയേറ്ററില്‍ ലബനീസ് സംഗീതജ്ഞന്‍ മജീദ് അല്‍ റൂമിയുടെ സംഗീതനിശ മാറ്റിവെച്ചിരുന്നു. പരിപാടി ഇതേ വേദിയില്‍ തന്നെ തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
from kerala news edited
via IFTTT