121

Powered By Blogger

Saturday, 24 January 2015

ഇന്ത്യയുടെ വികസനത്തിന് പിന്നില്‍ കോണ്‍ഗ്രസ്: കെ വി തോമസ്‌








ഇന്ത്യയുടെ വികസനത്തിന് പിന്നില്‍ കോണ്‍ഗ്രസ്: കെ വി തോമസ്‌


Posted on: 24 Jan 2015




ദോഹ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് പ്രൊഫ. കെ വി തോമസ് എം പി. ദോഹയില്‍ ഇന്‍കാസ് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ 67 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ അരനൂറ്റാണ്ടിലധികം രാജ്യത്ത് ഭരണനേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സായിരുന്നു. കാര്‍ഷിക മേഖല, ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍, വിദ്യാഭ്യാസ മേഖല തുടങ്ങിയ രംഗങ്ങളിലെല്ലാം രാജ്യത്തിനുണ്ടായ കുതിപ്പിന് ആസൂത്രണം നല്‍കിയത് കോണ്‍ഗ്രസ്സാണ്.


2014 ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ജനവിധി കോണ്‍ഗ്രസ് അംഗീകരിച്ചു. ഫലപ്രദമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ഐക്യവും നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എക്കാലത്തെയും പോലെ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും. ഏഴുമാസത്തെ ഭരണംകൊണ്ട് ഒരു ഗവണ്‍മെന്റിനെ വിലയിരുത്താന്‍ കഴിയില്ലെങ്കിലും സര്‍ക്കാരിന്റെ തുടക്കം നിരാശാജനകമാണ്. ഉറങ്ങിക്കിടന്ന വര്‍ഗീയതയെ വിളിച്ചുണര്‍ത്തുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളുടെ സംഭാവനകള്‍ മോദി സര്‍ക്കാര്‍ മന:പൂര്‍വം വിസ്മരിക്കുകയാണ് - കെ വി തോമസ് പറഞ്ഞു.


വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ഇന്ന് ലക്ഷ്യം കാണുകയാണ്. വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ നാട്ടിലുള്ള കുടുംബങ്ങളുടെ സംരക്ഷണത്തിനും ഇനിയും നടപടികള്‍ ഉണ്ടാവണമെന്നും സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ട് കെ വി തോമസ് പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്തുപോലും പ്രതിയോഗികള്‍ക്കുനേരെ മോശമായ പരാമര്‍ശങ്ങള്‍പോലും നടത്താതെ മാതൃകകാട്ടി രാഷ്ട്രീയ രംഗത്തുപോലും അധ്യാപനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന മികച്ച പാര്‍ലമെന്റേറിയനാണ് കെ വി തോമസെന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് സി കെ മേനോന്‍ പറഞ്ഞു. യോഗത്തില്‍ ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചച്ചന്‍ തെക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി സ്വാഗതം ആശംസിച്ചു. ഐ സി സി പ്രസിഡന്റ് ഗിരീഷ്, ഒ ഐ സി സി ഗ്ലോബല്‍ വക്താവ് മന്‍സൂര്‍ പള്ളൂര്‍, കെ കെ സുധാകരന്‍ എന്നിവര്‍ ആശംസകളും സോണു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. കേരള സര്‍ക്കാരിന്റെ കലാശ്രീ അവാര്‍ഡ് നേടിയ കെ കെ സുധാകരനെ ചടങ്ങില്‍ ആദരിച്ചു.












from kerala news edited

via IFTTT