കെജ്രിവാളും ബേദിയും ഹസാരെയെ ചൂഷണംചെയ്തവര്‍ -ദിഗ്വിജയ് സിങ്
Posted on: 25 Jan 2015
ബെംഗളൂരു: സ്വന്തം രാഷ്ട്രീയമോഹങ്ങള്‍ക്കായി അരവിന്ദ് കെജ്രിവാളും കിരണ്‍ബേദിയും അണ്ണ ഹസാരെയെ ചൂഷണംചെയ്യുകയായിരുന്നവെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടു.
കിരണ്‍ബേദിക്കും കെജ്രിവാളിനും എപ്പോഴും രാഷ്ട്രീയമോഹങ്ങളുണ്ടായിരുന്നു. അതില്‍ തെറ്റൊന്നുമില്ല. അത്തരക്കാര്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സജീവ രാഷ്ട്രീയക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും സമ്മര്‍ദങ്ങളും അപ്പോള്‍ അവര്‍ക്ക് മനസ്സിലാകുമല്ലോ -സിങ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ബി.ജെ.പി.യുടെ ബി ടീമാണ്. അത് താന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ആ രണ്ടു പാര്‍ട്ടികളും അഴിമതിവിരുദ്ധസമരം നടത്തിയത് ആര്‍.എസ്.എസ്സിന്റെ നിര്‍ദേശമനുസരിച്ചാണ് -സിങ് പറഞ്ഞു.
ഡല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ 2010-ല്‍ ഒരു യോഗം നടന്നു. അതില്‍ ഗുരുമൂര്‍ത്തി, ഗോവിന്ദാചാര്യ തുടങ്ങിയ ആര്‍.എസ്.എസ്. പ്രതിനിധികളും ബാബാ രാംദേവും കെജ് രിവാളും അന്നത്തെ ഫൗണ്ടേഷന്‍ ഡയറക്ടറും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായ നൃപേന്ദ്രമിശ്രയും ശ്രീശ്രീ രവിശങ്കറുടെ ഒരു പ്രതിനിധിയും പങ്കെടുത്തിരുന്നു. അഴിമതിവിരുദ്ധപ്രസ്ഥാനത്തില്‍ അണ്ണ ഹസാരെയെ പങ്കെടുപ്പിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു -സിങ് വിവരിച്ചു.
കിരണ്‍ബേദി ഒരുദിവസം ബി.ജെ.പി.യില്‍ ചേര്‍ന്നു. അടുത്തദിവസംതന്നെ അവരെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു. ഇത് ഡല്‍ഹിയിലെ ബി.ജെ.പി. നേതൃത്വത്തിന്റെ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. ഡല്‍ഹിയിലെ ജഗദീശ് മുഖി, സതീഷ് ഉപാധ്യായ്, ഡോ. ഹര്‍ഷ് വര്‍ധന്‍ തുടങ്ങി ജീവിതത്തില്‍ ഇത്ര കാലവും ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിച്ചവരോട് സഹതാപമുണ്ടെന്നും സിങ് പറഞ്ഞു.
ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ അഴിമതിക്കെതിരെ പോരാടുന്നതില്‍നിന്ന് അണ്ണ ഹസാരെയെ പിന്തിരിപ്പിച്ചത് കിരണ്‍ബേദിയും കെജ്രിവാളും ഇപ്പോള്‍ കേന്ദ്രമന്ത്രിയായിട്ടുള്ള ജനറല്‍ വി.കെ.സിങ്ങുംകൂടിയാണ്. എ.എ.പി. നേതാവ് കുമാര്‍ വിശ്വാസ് ഈയിടെ നടത്തിയ പ്രസ്താവനയും അത് സൂചിപ്പിക്കുന്നുണ്ടെന്ന് സിങ് പറഞ്ഞു.
from kerala news edited
via IFTTT