121

Powered By Blogger

Sunday, 29 August 2021

ഉയർന്ന പണപ്പെരുപ്പവും ഉയരാത്ത വളർച്ചയും വെല്ലുവിളി

കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിൽനിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഒന്നര വർഷത്തോളമായി റിസർവ് ബാങ്ക് പണ-വായ്പാ നയത്തിലൂടെ നടപടികളെടുത്തു വരുന്നു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പണ-വായ്പാ നയത്തിലുള്ള വെല്ലുവിളികളെക്കുറിച്ചും പലിശ നിരക്കുകളിലെ മാറ്റത്തിനുള്ള സാധ്യതകളെക്കുറിച്ചും ആർ.ബി.ഐ.യിലെ പണ-വായ്പാ സമിതിയിലെ പുറത്തുനിന്നുള്ള അംഗവും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറും മലയാളിയുമായ പ്രൊഫ. ജയന്ത് ആർ. വർമ 'മാതൃഭൂമി'യോട് സംസാരിക്കുന്നു. നിലവിൽ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി വിശദമാക്കുമോ കോവിഡ് അസാധാരണ സാഹചര്യമാണ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിട്ടുള്ളത്. വിവിധ മേഖലകളെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം വലിയ വെല്ലുവിളിയാണ്. സാമ്പത്തിക വളർച്ച വേണ്ടത്ര വേഗം കൈവരിച്ചിട്ടുമില്ല. രണ്ടും സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവരുന്ന അനിശ്ചിതത്വം വലുതാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. പണപ്പെരുപ്പം കുറയാതിരിക്കുകയും വളർച്ച കൂടുതൽ വേഗം കൈവരിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി മുൻകൂട്ടി കണ്ടുവേണം തീരുമാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒന്നിനെ മാത്രം നോക്കി തീരുമാനമെടുത്താൽ അത് രണ്ടാമത്തേതിന് തിരിച്ചടിയാകും. സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വിലപ്പെരുപ്പമുണ്ടാകും. തിരിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സാമ്പത്തിക വളർച്ച മുരടിക്കും. രണ്ടും സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. കോവിഡ് രണ്ടാം തരംഗം എങ്ങനെ ബാധിച്ചു പണപ്പെരുപ്പവും വളർച്ചാ നിരക്കും തമ്മിലുള്ള സന്തുലനാവസ്ഥയിൽ കോവിഡ് രണ്ടാം തരംഗം മാറ്റങ്ങളുണ്ടാക്കി. പണപ്പെരുപ്പം സ്വീകാര്യമായ ഉയർന്ന നിലവാരത്തിനടുത്താണ്. അഞ്ചു ശതമാനത്തിനു മുകളിൽ പണപ്പെരുപ്പം കൂടുതൽ കാലം നിന്നാൽ തമസ്കരിക്കാൻ ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ പാദത്തിലിത് പ്രശ്നമാകില്ല. രണ്ടു വർഷത്തോളം തുടർന്നാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വ്യവസായ ലോകം അതിനോട് താദാത്മ്യം പ്രാപിച്ച് പ്രതിരോധിച്ച് നിൽക്കും. പക്ഷേ, ഉപഭോക്താക്കൾക്ക് ഇതുമൂലമുണ്ടാകുന്ന വിലവർധന താങ്ങാൻ ബുദ്ധിമുട്ടാകും. പ്രത്യേകിച്ചും കോവിഡ് അവരുടെ വരുമാനത്തെ വളരെയധികം ബാധിച്ച സാഹചര്യത്തിൽ. അതുകൊണ്ടാണ് പണപ്പെരുപ്പത്തിന് അൽപ്പം കൂടി പ്രാധാന്യം നൽകണമെന്ന് പണ-വായ്പാ നയ യോഗത്തിൽ ആവശ്യപ്പെട്ടത്. അടുത്ത പണനയത്തിൽ റിപോ,റിവേഴ്സ് റിപോ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കേണ്ടതുണ്ടോ പണ-വായ്പാ സമിതിയിൽ ഒരാളുടെ അഭിപ്രായമനുസരിച്ചല്ല തീരുമാനങ്ങൾ. ആറംഗങ്ങളിൽ ഭൂരിപക്ഷ അഭിപ്രായത്തിനാണ് പ്രാധാന്യം. ഓരോരുത്തരുടേതും സ്വതന്ത്ര കാഴ്ചപ്പാടാണ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യം മുൻനിർത്തിയാണ് ഇത്തവണ ഞാൻ വിയോജിപ്പു രേഖപ്പെടുത്തിയത്. അടുത്ത പണ-വായ്പാ നയ യോഗം വരുമ്പോഴേക്കും സ്ഥിതി മാറാം. ഓരോ ആഴ്ചയും പുതിയ ഡേറ്റ എത്തുന്നു. ഇതു പരിഗണിച്ചാണ് അഭിപ്രായങ്ങൾ വരിക. മൂന്നോ നാലോ അംഗങ്ങൾക്ക് ഇപ്പോഴത്തെ അഭിപ്രായം മാറിയാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. നിലവിൽ റിപോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനവുമാണ്. റിവേഴ്സ് റിപോ നിരക്ക് നാലു ശതമാനത്തോട് അടുപ്പിക്കാനായിരുന്നു എന്റെ ശുപാർശ. റിപോ നിരക്ക് കുറച്ചുകാലം കൂടി നാലു ശതമാനത്തിൽ തുടർന്നേക്കും. പക്ഷേ മാറ്റങ്ങൾ എപ്പോൾ വേണമെന്നത് സമ്പദ് വ്യവസ്ഥയിലെ ചലനങ്ങൾ നോക്കിയാകും തീരുമാനിക്കുക. വിപണിയിൽ പലിശ നിരക്ക് ഏറെ താഴെയാണ്. നിരക്കു വർധിപ്പി ച്ചാൽ അത് എത്തരത്തിലാകും പ്രവർത്തിക്കുക പണപ്പെരുപ്പം കുറയ്ക്കുന്നതിന് അടിസ്ഥാന നിരക്കുകൾ ഉയർത്തിയാൽ അത് വളർച്ചയെ ബാധിക്കും. വളർച്ച കൂട്ടാൻ നിരക്ക് കുറച്ചു നിർത്തുമ്പോൾ പണപ്പെരുപ്പം ഉയരുന്നു. ഇന്നത്തെ പ്രതിസന്ധി ഇതാണ്. രണ്ടും സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല. അതുകൊണ്ട് ഇവയെ സന്തുലിതമായി നിലനിർത്തുന്നതാണ് വലിയ വെല്ലുവിളി. പലിശ നിരക്ക് കുറഞ്ഞുനിന്നിട്ടുംഉപഭോഗം കൂടുന്നില്ല, അപ്പോൾ പലിശ കൂട്ടുന്നത് നന്നാകുമോ പല മേഖലയിലും ഉപഭോഗം കുറവാണ്. ചിലതിൽ കൂടുതലും. ഇതിന് ഏകീകൃത രീതിയില്ല. വാഹന മേഖലയെടുത്താൽ എസ്.യു.വി.കളുടെ വില്പന ഉയർന്നു. ചെറു കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും സ്ഥിതി തിരിച്ചാണ്. എസ്.യു.വി. വില്പന ഉയർന്നു നിൽക്കുന്നതു ചൂണ്ടിക്കാട്ടി സമ്പദ് വ്യവസ്ഥ നേരായ ദിശയിലാണെന്നു പറയാനാകില്ല. ഇവയുടെ ഉപഭോഗം സമൂഹത്തിൽ ഏതെല്ലാം വിഭാഗത്തെ ആശ്രയിച്ചാണെന്നതാണ് പരിഗണിക്കേണ്ടത്. ആർക്കൊക്കെയാണ് ഉത്തേജനം വേണ്ടതെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. പലിശ കുറച്ചു നിർത്തിയാൽ അത് ഓഹരി വിപണിക്കും റിയൽ എസ്റ്റേറ്റ് രംഗത്തിനും മറ്റുമാകും നേരിട്ട് നേട്ടമെത്തിക്കുക. വരുമാനം കുറഞ്ഞവർക്ക് ഇത് വലിയ പ്രയോജനം ചെയ്യില്ല. ഓരോ വിഭാഗം തിരിച്ച് ഉത്തേജക നടപടികളെടുക്കാൻ പണ-വായ്പാ നയത്തിനു കഴിയില്ല. ചെറിയ വരുമാനക്കാർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള സമ്പാദ്യം മുഴുവൻ നഷ്ടമായി. ഇതാണ് അത്തരക്കാർ കൂടുതൽ ഇടപെടുന്ന മേഖലയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നത്. ഇവർക്ക് ഉത്തേജനം നൽകാൻ ആർ.ബി.ഐ.ക്ക് പരിമിതികളുണ്ട്. നേരിട്ടു നേട്ടം കൈമാറിയും (ഡി.ബി.ടി.) മറ്റും ഇത്തരക്കാർക്കു സഹായമെത്തിക്കാൻ സർക്കാരിനാണ് കഴിയുക. നിരക്ക് കുറഞ്ഞുനിൽക്കുന്നത് ഭാവിയിൽ നിഷ്ക്രിയ ആസ്തി കൂടാൻ കാരണമാകുമോ അത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്. പലിശ കൂടുമ്പോൾ അത് തിരിച്ചടയ്ക്കാൻ എല്ലാവർക്കും ശേഷിയുണ്ടാകുമോ എന്നത് ആശങ്ക നൽകുന്നതാണ്. പ്രൊഫ. ജയന്ത് ആർ. വർമ കേരളത്തിൽ ചാലക്കുടിയിൽ വേരുകളുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ. ആയുർവേദ പണ്ഡിതൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്റെ ഇളയ സഹോദരൻ രാമ വർമയുടെയും ഗിരിജ വർമയുടെയും മകനാണ്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് വിഭാഗം പ്രൊഫസറായി പ്രവർത്തിക്കുന്നു. ആർ.ബി.ഐ.യുടെ പണ-വായ്പാ സമിതിയിൽ പുറത്തുനിന്നുള്ള അംഗം. സെബി ഡയറക്ടർ ബോർഡിൽ മുഴുവൻ സമയ അംഗമായിരുന്ന അദ്ദേഹം സെക്കൻഡറി മാർക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഇന്ത്യയിലെ സാമ്പത്തിക വിപണി, ഫിനാൻസ് തിയറി എന്നിവയിൽ വലിയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ജേണലുകളിലടക്കം ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ഉമ ഇടപ്പള്ളി സ്വദേശി. ഏക മകൻ അക്ഷർ പിഎച്ച്.ഡി.യുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. raheshinct@gmail.com

from money rss https://bit.ly/3zsA4CB
via IFTTT