121

Powered By Blogger

Sunday, 11 January 2015

കേശവേന്ദ്രകുമാറിന് കരിഓയില്‍ അഭിഷേകം: കേസ് പിന്‍വലിക്കുന്നതില്‍ പ്രതിഷേധം









Story Dated: Monday, January 12, 2015 11:29



mangalam malayalam online newspaper

തിരുവനന്തപുരം: മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസിനെ കെ.എസ്.യു പ്രവര്‍ത്തകന്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഐ.എ.എസ് അസോസിയേഷന് പ്രതിഷേധം.അസോസിയേഷനൊ കേശവേന്ദ്ര കുമാറോ അറിയാതെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് പോലും അറിയാതെ മുഖ്യമന്ത്രിയുടെ കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.


എം.ജി കോളജ് ആക്രമണത്തില്‍ എ.വി.ബി.പി പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ച മുഖ്യമന്ത്രിയുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസ് പ്രതികളില്‍ ഒരാള്‍ക്ക് ജോലിക്ക് തടസ്സമാകുന്നുവെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.


2013 ഫെബ്രുവരിയിലാണ് കേശവേന്ദ്ര കുമാറിനെതിരെ ആക്രമണമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ചത്. ചര്‍ച്ചയ്‌ക്കെന്ന വ്യാജേന ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ മുറിയില്‍ എത്തിയ കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നുറുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു. വിഘ്‌നേശ്, ശ്രീലാല്‍, ഷാനുദാസ്, അന്‍സാര്‍, അഭിനാസ്, സാദിഖ്, ഷമീം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.


സംഭവത്തില്‍ അറസ്റ്റിലായ എട്ടു വിദ്യാര്‍ത്ഥികളും പൊതുമുതല്‍ നശിപ്പിച്ചതിന് ഹൈക്കോടതിയില്‍ അഞ്ചു ലക്ഷം രൂപ കെട്ടിവച്ചാണ് പിന്നീട് ജാമ്യത്തിലിറങ്ങിയത്. പ്രതിഷേധത്തെ കെ.എസ്.യു നേതൃത്വം തള്ളിക്കളയുകയും കേസില്‍ പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.


അതേസമയം, സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും കേസില്‍ പെട്ടവര്‍ ഇപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകരല്ലെന്നും സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കേശവേന്ദ്രകുമാര്‍ പ്രതികരിച്ചു. ഐ.എ.എസ് അസോസിയേഷനും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തനിക്ക് നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും നിലവില്‍ വയനാട് ജില്ലാ കലക്ടര്‍ കൂടിയായ കേശവേന്ദ്ര കുമാര്‍ പ്രതികരിച്ചു.










from kerala news edited

via IFTTT