Story Dated: Monday, January 12, 2015 04:23
വിളപ്പില്‍ശാല: ശുദ്ധജല വിതരണം മുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടതോടെ വിളപ്പില്‍മേഖലയിലെ ജനങ്ങള്‍ കുടിനീരിനായി നെട്ടോട്ടമോടുന്നു. നഗരത്തിലടക്കം വിവിധ പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്ന പ്രധാന പമ്പിംഗ് സ്‌റ്റേഷന്‍ വിളപ്പില്‍ പഞ്ചായത്തിലുണ്ടായിരുന്നിട്ടും ജനങ്ങള്‍ക്ക് മുടങ്ങാതെ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ക്കാകുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി ഒരു തുള്ളിവെള്ളം പോലും എത്താതായതോടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന വിളപ്പില്‍ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിനീരിനായി നെട്ടോട്ടമോടുന്നത്.
കാവിന്‍പുറം ശുദ്ധജല പ്ലാന്റ്‌വഴിയാണ് വിളപ്പില്‍ പഞ്ചായത്തിലും അരുവിക്കര വിളവൂര്‍ക്കല്‍, മലയിന്‍കീഴ് തുടങ്ങിയ പഞ്ചായത്തുകളിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ജലവിതരണം നടക്കുന്നത്. മൂന്ന് പമ്പിംഗ് മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളൈക്കടവ് നിന്ന് കരമനയാറിലെ വെള്ളം പമ്പ് ചെയ്‌ത് കാവിന്‍പുറത്തെ ജല സംഭരണിയിലെത്തിച്ചാണ് വാട്ടര്‍ അഥോറിറ്റി വെള്ളമെത്തിക്കുന്നത്. അയ്യായിരം എം.എല്‍.എ.ഡി. സംഭരണ ശേഷിയുണ്ടെങ്കിലേ ഒരു ദിവസം അയ്യായിരത്തിലധികം വരുന്ന ഉപഭോക്‌താക്കള്‍ക്ക് ജലവിതരണം പൂര്‍ണമായി നടത്താനാകും. എന്നാല്‍ മൂവായിരം എം.എല്‍.ഡി. സംഭരണ ശേഷി മാത്രമുള്ള കാവിന്‍പുറം പ്ലാന്റിലെ ജലവിതരണം ഭാഗീകമായി മാത്രമാണ് നടത്താന്‍ ഇപ്പോള്‍ കഴിയുന്നത്. ഒന്നിടവിട്ടുള്ള ദിവസങ്ങളിലെങ്കിലും എത്തിയിരുന്ന വെള്ളം ദിവസങ്ങളായി എത്താതായതോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആളുകള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
പമ്പിംഗിന് ആകെയുളള മൂന്നു മോട്ടറുകളില്‍ രണ്ടും കേടായതോടെയാണ് ജലവിതരണം മുടങ്ങിയതെന്ന് കാവിന്‍പുറം പ്ലാന്റിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ദിവസങ്ങളായി കേടായ മോട്ടര്‍ റിപ്പയര്‍ ചെയ്‌ത് കുടിവെള്ളം എത്തിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
from kerala news edited
via IFTTT