Story Dated: Monday, January 12, 2015 04:22
മലപ്പുറം: മതേതരത്വം ദുര്‍ബലപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമാധാനത്തിന്റെ സന്ദേശവുമായി പാണക്കാട്ട് നടന്ന മതമൈത്രി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം ദുര്‍ബലപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഒരു മതവും മറ്റൊരു മതത്തിനു എതിരല്ല. എല്ലാമതങ്ങളും മാനവികതയുടെ ഉത്‌കൃഷ്‌ടതയാണു പ്രചരിപ്പിക്കുന്നത്. ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്. സമാധാനവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കേണ്ടതു എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഭരണഘടനയെ തിരിച്ചുവിളിച്ചു മതേതരത്വത്തെ സംരക്ഷിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു അധ്യക്ഷ പ്രസംഗത്തില്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംശയങ്ങളുടെ വിഷവിത്തു വളരാനുള്ളതല്ല മനസുകളെന്നു തിരിച്ചറിവു പ്രചരിപ്പിക്കാനാകും ഇനിയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. യഹൂദന്റെ മൃതദേഹത്തിന് ഉപചാരം അര്‍പ്പിക്കുകയും ക്രിസ്‌ത്യാനിയെയും യഹൂദനെയും തന്റെ പള്ളിയില്‍ ഒപ്പം പ്രാര്‍ഥിക്കുകയും അനുവദിക്കുകയും ചെയ്‌ത പ്രവാചകന്റെ 22 വര്‍ഷത്തെ ജീവിതമാണ് ലോകത്തിന് വെളിച്ചം പകര്‍ന്നതെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് പറഞ്ഞു.
പ്രവാചകന്‍ ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ സംഭാവന മതസഹിഷ്‌ണുതയാണ്. മനുഷ്യന്‍ അകന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ലോകത്തിന്റെ ഏതു സര്‍വകലാശാലയും പഠിപ്പിക്കാത്ത ഹൃദയവിശാലതയുടെ ഭാഷ പാണക്കാട്ടെ തങ്ങന്മാരുടെ വിദ്യാലയത്തിനു പഠിപ്പിക്കാന്‍ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ലോകത്തിനു നഷ്‌ടപ്പെട്ട ഹൃദയശൂന്യതയെ മതം കൊണ്ടു നികത്തണമെന്ന് അബ്‌ദുസമദ് സമദാനി പറഞ്ഞു.
സമാധാനത്തിന്റെ പ്രവാചകന്‍ എന്ന പ്രമേയത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, സിഡ്‌നിയില്‍ നിന്നു റയാന്‍ യാക്കൂബ് അല്‍ ബിക്കാദി, ആലംകോട് ലീലാകൃഷ്‌ണന്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ബാസലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവരും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌്വി, എംഎല്‍എ പി.ഉബൈദുല്ല, പി.വി അബ്‌ദുല്‍ വഹാബ്, ജില്ലാ പൊലിസ് സൂപ്രണ്ട് ദേഭേഷ് കുമാര്‍ ബഹറ, ഹാരിസ് ഹുദവി മടപ്പള്ളി, ആസിഫ് ദാരിമി പുളിക്കല്‍ പ്രസംഗിച്ചു.
പ്രവാചക ജന്‍മദിന മാസമായ റബീഉല്‍ അവ്വലില്‍ മാനവ മൈത്രിയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ വിളംബരം ചെയ്‌താണ് മതമൈത്രി സമ്മേളനം സംഘടിപ്പിച്ചത്. തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സ്‌ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്.
from kerala news edited
via IFTTT