121

Powered By Blogger

Sunday, 14 February 2021

ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആർ കോഡുവഴി തട്ടിപ്പുസംഘങ്ങൾ പണംതട്ടുന്നു

കൊച്ചി:പഴയതും പുതിയതുമായ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആപ്പുകളിൽ പരസ്യം നൽകുന്നവരെ നോട്ടമിട്ട് ക്യൂ ആർ കോഡ് വെച്ച് പണം തട്ടുന്ന സംഘങ്ങൾ. പരസ്യം നൽകുന്ന സാധനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചാകും ഇവരുടെ വിളിയെത്തുക. വടക്കേ ഇന്ത്യൻ സംഘമാണ് പ്രവർത്തനത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. പൊതുവേ ആപ്പിൽ വില്പന നടക്കുന്ന സാധനങ്ങൾക്ക് പകരം, വിരളമായി ലഭിക്കാവുന്ന സാധനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചാണ് ഇവർ ബന്ധപ്പെടുക. സാധനങ്ങൾ നേരിൽ കാണാതെ തന്നെ ഇവ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കും. ഹിന്ദി സംസാരിക്കുന്ന ഇവർ നിലവിൽ കേരളത്തിലുണ്ടെന്നോ, അല്ലായെങ്കിൽ അടുത്തുതന്നെ കേരളത്തിലേക്ക് വരുമെന്നോ അറിയിക്കും. ശേഷം വിലപേശൽ തുടങ്ങും. വിലപേശൽ പൂർത്തിയാക്കിക്കഴിഞ്ഞ് പണം അക്കൗണ്ടിലേക്ക് ഇടാമെന്നറിയിക്കും. ഇതോടെയാണ് തട്ടിപ്പിനായുള്ള വല വിരിക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ വഴി പണം അയച്ചു നൽകാൻ ഗൂഗിൾ പേ വഴി സാധിക്കും. എന്നാൽ ഇത്തരത്തിൽ അയയ്ക്കുമ്പോൾ ഇടപാട് പരാജയപ്പെടുന്നുവെന്ന് ഇവർ അറിയിക്കും. പകരം ക്യൂ ആർ കോഡ് വഴി എളുപ്പത്തിൽ പണം അയച്ചു നൽകാനാകുമെന്ന് പറയും. ക്യൂ ആർ കോഡ് വഴി പണം അയയ്ക്കാനറിയാത്തവർക്ക് നിർദേശങ്ങൾ അടങ്ങുന്ന ഒരു ക്ലാസും ഇവർ നൽകും. പണം സ്വീകരിക്കുന്നയാളുടെ ക്യൂ ആർ കോഡ് വാങ്ങാതെ ഇവർ നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പറയും. ഇതോടെ തട്ടിപ്പിലേക്ക് വീഴുകയും ചെയ്യും. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പണം അങ്ങോട്ട് അയയ്ക്കുന്നതിനുള്ള പ്രോസസിങ് കാണിക്കും. ഈ സമയം കരാർ ഉറപ്പിച്ചിരിക്കുന്ന തുക ടൈപ്പ് ചെയ്യുന്നതോടെ പണം നമ്മുടെ അക്കൗണ്ടിൽനിന്ന് നഷ്ടമാകും. പണം വീഴുന്നതോടെ ഈ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത ഇരയെ തേടി സംഘം പോകും. മുമ്പ് ഇതുവഴി സേനയിലെ ഉദ്യോഗസ്ഥരുടെ വാഹനം വിൽക്കാനുണ്ടെന്ന പേരിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇതിൽ ഓരോ പ്രോസസിങ് ഫീസുകൾ പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. ഇത് നടക്കാതെയായപ്പോഴാണ് ക്യൂ ആർ കോഡ് തട്ടിപ്പുമായി എത്തിയിരിക്കുന്നത്. അന്വേഷണം നടക്കുന്നു ക്യൂ ആർ കോഡ് സ്കാനിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്നുണ്ട്. സൈബർ പോലീസിന്റെ നേതൃത്വത്തിൽ ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇത്തരം മെസേജുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. - കെ. കാർത്തിക് (എറണാകുളം റൂറൽ എസ്.പി.)

from money rss https://bit.ly/3deJKbC
via IFTTT