121

Powered By Blogger

Sunday, 6 December 2020

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നു: കിലോയ്ക്ക് കൂടിയത് 10 രൂപയിലേറെ

കൊച്ചി: ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. നവംബറിൽ തുടങ്ങിയ വില ക്കയറ്റം ഡിസംബറിലും കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയിൽ കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രവർത്തിക്കാതിരുന്ന ഇരുമ്പുരുക്ക് സാമഗ്രികൾ വിൽക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ചില സമയങ്ങളിൽ വില കൂടാറുണ്ട്. എന്നാൽ, ഇത്ര വലിയ മാർജിനിൽ വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികൾ പറയുന്നു. ഒരു മാസം മുൻപേ അഡ്വാൻസ് തുക വാങ്ങി ഉപയോക്താക്കളുമായി കരാറിലേർപ്പെടുന്ന വ്യാപാരികൾക്ക് ഇതുമൂലം വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. നിർമാണ മേഖലയെ ആകെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ പറയുന്നു. നവംബർ വരെ ഏഴു മുതൽ 10 രൂപ വരെയാണ് വില വർധിച്ചിരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരം മൂന്നു മുതൽ നാലു രൂപ വരെ വീണ്ടും വില വർധിക്കുകയായിരുന്നു. ടി.എം.ടി. ബാറുകൾക്കും എം.എസ്. ആംഗിളുകൾക്കും കിലോയ്ക്ക് 10 മുതൽ 13 രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. പ്ലേറ്റുകൾ, ഷീറ്റുകൾ ജി.പി./എം.എസ്. പൈപ്പുകൾ എന്നിവയ്ക്ക് 11 മുതൽ 14 രൂപ വരെയും വില കൂടി. അലുമിനിയം ഷീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും വില വർധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിൽ ഒരു വില വർധനയില്ലാതിരിക്കേ ആഭ്യന്തര വിപണിയിൽ മാത്രമാണ് ഇത്തരത്തിൽ വില ഉയർന്നു വരുന്നത്. ഒഡിഷയിൽ ഇരുമ്പയിര് ഖനനം ചെയ്യുന്നയിടങ്ങളുടെ ചുമതല ചില സ്റ്റീൽ കമ്പനികൾ ലേലം വഴി സ്വന്തമാക്കിയിട്ടുണ്ട്. ഇവർ ഇരുമ്പയിര് ഖനനം ചെയ്യുന്നത് കുറയ്ക്കുകയാണെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോവിഡ് സമയത്ത് വലിയ സ്റ്റീൽ കമ്പനികളുടെ ഉത്പാദനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഈ നഷ്ടം നികത്താനായി ഇത്തരം കമ്പനികൾ നടത്തുന്ന ശ്രമമാണ് വൻ വിലക്കയറ്റത്തിന് കാരണമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/39TWTW9
via IFTTT