121

Powered By Blogger

Sunday, 29 September 2019

ഉന്നതവിദ്യാഭ്യാസം നേടണോ; അതോ ജോലിചെയ്ത് വീട്ടുകാരെ സഹായിക്കണോ?

അനൂപ് ബി.ടെക്. അവസാനവർഷ വിദ്യാർഥിയാണ്... കാമ്പസ് പ്ലേസ്മെന്റിന്റെ സമയം അടുത്തുവരുന്നു... അതിനാലുള്ള ആശയക്കുഴപ്പവുമായാണ് എന്നെ സമീപിച്ചത്. 'തുടർന്നും പഠിക്കണമോ, അതോ കുറച്ചുകാലം ജോലിചെയ്ത്വീട്ടുകാരെ സഹായിച്ചിട്ട് പഠിച്ചാൽ മതിയോ...?' -മനസ്സിലുയരുന്ന ഈ ചോദ്യങ്ങളാണ് അയാളെ കുഴയ്ക്കുന്നത്. 'എന്താണ് കൂടുതൽ ഇഷ്ടമായി തോന്നുന്നത്...?' എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി, 'എനിക്ക് ഇനിയും പഠിക്കണം' എന്നതുതന്നെയായിരുന്നു. പക്ഷേ, 'വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാൻ പറ്റില്ല'. 'ഇപ്പോൾ അനൂപും കൂടി ജോലിയെടുത്ത് വീടുപുലർത്തേണ്ട അവസ്ഥയുണ്ടോ...?' എന്നായി ഞാൻ. 'അത്ര വലുതായിട്ടൊന്നുമില്ല...' -അവൻ മറുപടി പറഞ്ഞു. 'എന്നാൽപ്പിന്നെ തുടർവിദ്യാഭ്യാസം ഇടമുറിയാതെ മുന്നോട്ട് പൊയ്കൂടേ... കാരണം, അതിനുള്ള പണം ലഭിക്കാൻ നിരവധി മാർഗങ്ങളുണ്ടല്ലോ...? ഉന്നതവിദ്യാഭ്യാസം ഭാരിച്ചതായാണ് പലർക്കും അനുഭവപ്പെടാറുള്ളത്. ഇക്കാര്യത്തിൽ സ്വയംപഴിക്കുന്നവരും മാതാപിതാക്കളുടെ പിടിപ്പുകേടിനെ കുറ്റപ്പെടുത്തുന്നവരുമായ നിരവധി വിദ്യാർഥികളെ കണ്ടുമുട്ടാറുണ്ട്. എന്നാൽ, സ്കോളർ അഥവാ പ്രതിഭകളായവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠനസഹായത്തിനായി വ്യത്യസ്തവും നവീനവുമായ നിരവധി 'സ്കോളർഷിപ്പുകൾ' ഉണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യതയ്ക്കായി നൽകുന്ന കൈത്താങ്ങാണ് സ്കോളർഷിപ്പുകൾ. സാമ്പത്തികമായും സാമൂഹികമായും നിലവാരം കുറഞ്ഞവരെ വിദ്യാഭ്യാസത്തിലൂടെ ഉന്നമനത്തിലെത്തിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. അക്കാദമിക്, കായികം, ന്യൂനപക്ഷം, വനിത, കലാപരം തുടങ്ങിയ വിവിധവും വ്യത്യസ്തവുമായ മേഖലകളിലായാണ് ഇവ ലഭ്യമാവുന്നത്. ഭാരതീയ വിദ്യാർഥികൾക്കുള്ളതിനു പുറമേ വിദേശവിദ്യാർഥികൾക്കായി ലഭ്യമാവുന്ന ധാരാളം ഭാരതീയ സ്കോളർഷിപ്പുകളും ഉണ്ട്. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്, ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ്പ്, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമായുള്ളവ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മാത്രമായുള്ളത് എന്നിങ്ങനെയും വിഭാഗങ്ങൾ ലഭ്യമാണ്. ഈ അക്കാദമികവർഷവും അടുത്ത വർഷവുമായി ലഭ്യമാവുന്ന നിരവധി സ്കോളർഷിപ്പുകളിൽ ചിലതിനെ പരിചയപ്പെടാം: ഡി.ബി. ടി.ജെ.ആർ.എഫ്. സ്കോളർഷിപ്പ്: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള മുഴുവൻ പഠനസഹായിയായി ഇത് വർത്തിക്കുന്നു. ഇതുവഴി പ്രതിമാസം 28,000 രൂപ വിദ്യാർഥികൾക്ക് ലഭിക്കുന്നു. സ്വർണജയന്തി ഗവേഷണ ഫെലോഷിപ്പ്: ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉന്നതവിദ്യാഭ്യാസം തേടുന്ന ഭാരതത്തിലെ വിദ്യാർഥികളോടൊപ്പം വിദേശവിദ്യാർഥികൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്. രാമൻ ചർപക് ഫെലോഷിപ്പ്: പ്രതിമാസം 1,500 യൂറോ ലഭ്യമാവുന്ന ഈ ഗവേഷണ സ്കോളർഷിപ്പ് വഴിയായി സാമ്പത്തിക സഹായത്തോടൊപ്പം മറ്റ് അക്കാദമിക സൗകര്യങ്ങളും നൽകുന്നു. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വഴിയായി ഫീസും മറ്റ് ചെലവുകളും നേരിടാനാവുന്നു. ഇൻസ്പയർ സ്കോളർഷിപ്പ്: പേര് സൂചിപ്പിക്കുന്നതു പോലെതന്നെ തീർത്തും പ്രചോദനാന്മകമായ രീതിയിൽ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് സ്കോളർഷിപ്പ്: എൻജിനീയറിങ് ബിരുദ വിദ്യാഭ്യാസം തേടുന്ന എല്ലാ രാജ്യക്കാർക്കും സമീപിക്കാവുന്ന ഈ സ്കോളർഷിപ്പ് ഒരു പൂർണ പഠനസഹായ പദ്ധതിയാണ്. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രതിവർഷം 6,000 രൂപവച്ച് നൽകപ്പെടുന്ന ഈ പദ്ധതിയിൽ പഠനത്തിന്റെ ഭാഗിക ചെലവ് അംഗീകൃതവും തിരഞ്ഞെടുക്കപ്പെട്ടതുമായ വിദ്യാഭ്യാസസ്ഥാപനം വഴിയായി നൽകപ്പെടുന്നു. ആൽബർട്ട് ഐൻസ്റ്റൈൻ അന്താരാഷ്ട്ര സ്കോളർഷിപ്പ്: പ്രവേശന ടെസ്റ്റ് വഴിയായി തിരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്ര-സാങ്കേതിക വിദ്യാർഥികൾക്ക് ഇത് ലഭ്യമാവുന്നു. ഐ.സി.എസ്.ആർ. ഡോക്ടറൽ ഫെലോഷിപ്പ്: രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഈ ഫെലോഷിപ്പ് സാമൂഹ്യ-മാനവിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് ലഭ്യമാവുന്നു. ഇവയോരോന്നിന്റെയും വ്യവസ്ഥകളും തുകയും മറ്റ് മാനദണ്ഡങ്ങളും ഇടക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ, അതത് സ്കോളർഷിപ്പിന്റെ വെബ്സൈറ്റുകൾ പരിശോധിച്ച് മാറ്റങ്ങൾ മനസ്സിലാക്കേണ്ടതാണ്. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന േസ്കാളർഷിപ്പുകൾക്കായി പൊതു പോർട്ടലുകളും ഉണ്ട്. സാമൂഹികമാധ്യമങ്ങളിൽ ധാരാളം സമയം ചെലവഴിക്കുന്ന പുതുതലമുറ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാനുംകൂടി ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. കൂടാതെ, വിവിധ ബാങ്കുകളും ബഹുരാഷ്ട്ര കമ്പനികളും വിവിധ സന്നദ്ധസംഘടനകളും ക്ലബ്ബുകളും ഈ രംഗത്ത് സജീവസാന്നിദ്ധ്യമാണ്. അതുപോലെതന്നെ, തങ്ങളുടെ സി.എസ്.ആർ. ഫണ്ട് വിദ്യാഭ്യാസ സഹായത്തിനായി മാറ്റിവയ്ക്കുന്ന നിരവധി കമ്പനികൾ ഉണ്ട്. അന്വേഷിച്ച് കണ്ടെത്തേണ്ട ഉത്തരവാദിത്വം വിദ്യാർഥിക്കാണ്. ഇപ്പോഴേ പരിശ്രമം തുടങ്ങിയാൽ അടുത്ത അധ്യയനവർഷം ചെലവില്ലാതെ പഠിക്കാം. ഈ വർഷം മുടക്കിയ ഫീസും മറ്റു ചെലവുകളും 'റീ ഇമ്പേഴ്സ്മെന്റ്' രൂപത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യാം. പലതും ഓൺലൈൻ വഴിയായാണ് അപേക്ഷിക്കേണ്ടത്. പണം വരുന്നത് വിദ്യാർഥിയുടെ അക്കൗണ്ടിലേക്കുമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കോളർഷിപ്പുകൾക്കായി പ്രത്യേകവിഭാഗവും ഓഫീസ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. നോട്ടീസ് ബോർഡുകളിൽ ഇവ യഥാസമയങ്ങളിൽ പതിപ്പിക്കാറുമുണ്ട്. സ്കോളർഷിപ്പ് സ്വന്തമാക്കുന്നത് അഭിമാനകരമായ വസ്തുതയാണ്. അത് ആത്മവിശ്വാസവും ഉത്തരവാദിത്വവും വർധിപ്പിക്കുന്നു. കാരണം, സമൂഹത്തിന്റെ പണമെടുത്താണ് പഠിക്കുന്നത്. ഇവ വിദ്യാർഥികളുടെ അവകാശമാണ്, ആനുകൂല്യമല്ല എന്നതും തിരിച്ചറിയേണ്ടതാണ്.

from money rss http://bit.ly/2mXVR57
via IFTTT