121

Powered By Blogger

Tuesday, 3 August 2021

വ്യവസായ യൂണിറ്റുകളിലെ പരിശോധന: പുതിയ മാർഗ നിർദേശങ്ങളിലെ 'ഹൈ റിസ്‌കി'ൽ ആശങ്ക

കൊച്ചി: കേരളത്തിലെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുതിയ കേന്ദ്രീകൃത പരിശോധനാ മാർഗ നിർദേശങ്ങൾ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകും. കേരളത്തിന്റെ തനത് വ്യവസായങ്ങൾക്കു പോലും പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണ് കേന്ദ്രീകൃത പരിശോധനാ മാർഗ നിർദേശങ്ങളെന്ന് വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നു. വ്യവസായങ്ങളെ ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായി തിരിച്ചാണ് പരിശോധനാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനു പുറമെ പഞ്ചായത്തിന്റെ 'ഹൈ റിസ്ക്' വിഭാഗം കൂടി ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോ കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തിലൊരിക്കലും മീഡിയം കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിലൊരിക്കലും ഹൈ കാറ്റഗറി സ്ഥാപനങ്ങളിൽ വർഷാ വർഷവുമാണ് പരിശോധനകൾ. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡ് ഗ്രീൻ, വൈറ്റ് കാറ്റഗറിയിൽ പെടുത്തിയ പല വ്യവസായങ്ങളും പുതിയ ഉത്തരവിൽ 'ഹൈ റിസ്ക്' കാറ്റഗറിയിലാണുള്ളത്. ഈ വിഭാഗത്തിൽ പരിശോധനകൾ നടക്കുക എങ്ങനെയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല. ഇതാണ് വ്യവസായികളുടെ ആശങ്കയ്ക്ക് പ്രധാന കാരണം. 300 ചതുരശ്ര മീറ്ററിനു മുകളിലുള്ള 44 ഇനം വ്യവസായങ്ങൾ 'ഹൈ റിസ്ക്' വിഭാഗത്തിലാണ്. പ്രിന്റിങ് പ്രസ്, ഫർണിച്ചർ, ഹോളോ ബ്രിക്സ്, കയർ ചകിരി നിർമാണം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ വ്യവസായങ്ങളെ 'ഹൈ റിസ്ക്' വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്. ഇത് വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ. എ.) ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3Ch14H1
via IFTTT