121

Powered By Blogger

Sunday, 16 June 2019

ഡോക്ടറോ എന്‍ജിനിയറോ ആകേണ്ട; സിനിമാ നടിയാകണം

എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു കരിയർ ഗൈഡൻസ് സെമിനാറായിരുന്നു അത്... പതിവുപോലെ കരിയർ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. 'ഡോക്ടർ', 'എൻജിനീയർ' തുടങ്ങിയ പതിവ് ക്ലീഷേ മറുപടികളിൽനിന്ന് വ്യത്യസ്തമായി ഏകദേശം പകുതിയോളം പേർ 'സിനിമ-ചലച്ചിത്ര' മേഖലയിലെ സ്വപ്നങ്ങളാണ് പങ്കുവച്ചത്. ചിലർക്ക് സിനിമ സംവിധാനം ചെയ്യണം. വേറെ ചിലർക്ക് അഭിനയരംഗത്തേക്ക് കടക്കണം. മറ്റ് ചിലർ ഷോർട്ട് ഫിലിം, പരസ്യകല, ഡോക്യുമെന്ററി മേഖലയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്നു. സാമ്പത്തികം ചിന്തിച്ചിട്ടാവണം നിർമാണമേഖലയെക്കുറിച്ച് അധികംപേരും പറഞ്ഞില്ല. ആശയസംവേദനത്തിന്റെയും സാങ്കേതികവിദ്യയുടെയും കലാവൈഭവത്തിന്റെയും ശക്തമായ മാധ്യമമായി സിനിമ മാറിക്കഴിഞ്ഞു. കേവലം കലാസ്വാദനത്തിനുമപ്പുറം അനേകം പേരുടെ കഴിവുകളുടെയും സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളുടെയും തട്ടകമാണ് സിനിമാലോകം. പണം, പ്രശസ്തി ഇവ രണ്ടും നേടിത്തരുന്നതുകൊണ്ട് മാത്രമല്ല, ആത്മസാക്ഷാത്കാരത്തിന്റെ മറുവാക്കായും സിനിമാവ്യവസായം മാറുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഒരുവനിൽ വ്യക്തിപരമായി അന്തർലീനമായിരിക്കുന്ന കഴിവിനെ സാമ്പത്തികസ്രോതസ്സായാണ് പരിഗണിക്കുന്നത്. പ്രശസ്ത ഭാരതീയ സാമ്പത്തികശാസ്ത്രജ്ഞനും നോബേൽ സമ്മാന ജേതാവുമായ അമർത്യാ സെൻ 'സാധ്യതകളുടെയും കഴിവുകളുടെയും വളർച്ച' എന്നാണ് വികസനത്തെ നിർവചിച്ചിരിക്കുന്നത്. ഒരു സാമ്പത്തിക വ്യവസ്ഥിതി അതിന്റെ വികസനത്തിന്റെ പരമാവധിയിലെത്തുന്നത് ഓരോ അംഗത്തിന്റെയും വ്യക്തിഗത കഴിവുകൾ പരമാവധി ഉപയോഗിക്കപ്പെടുമ്പോഴാണ്. അപ്പോൾ വസ്തുക്കളും പണവും സൃഷ്ടിക്കപ്പെടുന്നു. അതനുസരിച്ച് സിനിമാവ്യവസായം വലിയ സാമ്പത്തികസ്രോതസ്സുമാണ്. ജീവിതമാർഗത്തിനായി മറ്റ് തൊഴിൽരംഗങ്ങളിലേക്ക് കടക്കുമ്പോഴും സിനിമ എന്ന സ്വപ്നം സൈഡ് ട്രാക്കിലൂടെ കൊണ്ടുനടക്കുന്ന നിരവധിപേരെ ഈ നാളുകളിൽ ഞാൻ കണ്ടുമുട്ടുന്നുണ്ട്. സിനിമയുടെ പേരുപറഞ്ഞ് ജീവിതം തുലയ്ക്കുന്നുവെന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും പഴികേൾക്കുന്നവരും ധാരാളമുണ്ട്. പലർക്കും സിനിമയെന്ന സ്വപ്നം അസ്ഥികളിൽ പിടിച്ച അഗ്നിപോലെയാണ്. എത്ര ഇറക്കിവയ്ക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അത് മജ്ജയിലേക്കും മാംസത്തിലേക്കുമെന്നപോലെ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്നു. സിനിമാസ്വപ്നം നെഞ്ചിലേറ്റി ഈ രംഗത്ത് ചെറുതായി എന്തെങ്കിലും ചെയ്യുമ്പോഴും സാമ്പത്തികപരാധീനത മൂലം താൻ തിരഞ്ഞെടുത്ത വഴി ശരിയാണോ എന്ന് ആശങ്കപ്പെടുന്നവരെയും കണ്ടുമുട്ടുന്നു... മകളെ സിനിമയിലേക്ക് എത്തിക്കാൻ സ്വന്തം കരിയറും ബിസിനസും മാറ്റിവച്ച അമ്മമാരെയും കണ്ടുമുട്ടുന്നു. ഒരുകാര്യം ഉറപ്പാണ്, സിനിമ ഒരു വശീകരണരംഗമായി പുതുതലമുറയ്ക്ക് മാറിക്കഴിഞ്ഞു. സിനിമാവ്യവസായത്തിൽ ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, ക്യാമറയ്ക്ക് പിന്നിലും നിരവധി മേഖലകളും സാധ്യതകളും ഉണ്ട്. അതുകൊണ്ടുതന്നെ, സിനിമ സ്വപ്നം കാണുന്നവർക്ക് പഠിക്കാൻപറ്റിയ നിരവധി കോഴ്സുകളും ഈ രംഗത്തുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ, എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. ഫീസടയ്ക്കാൻ പണമില്ലാത്തതുകൊണ്ട് യു-ട്യൂബ് നോക്കി എിഡിറ്റിങ് പഠിക്കുന്നവരുണ്ട്. അനിമേഷൻ വ്യവസായമേഖല വിപ്ലവംതന്നെ സൃഷ്ടിക്കുകയാണ്. അനിമേഷൻ രംഗത്ത് പരിശീലനം ലഭിച്ചവർക്ക് സിനിമ മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യ, വീഡിയോ ഗെയിമിങ്, ഗ്രാഫിക് ഡിസൈനിങ്, പരസ്യകല എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവ് ഉപയോഗിക്കാനാവും. സിനിമാറ്റോഗ്രഫി ഈ രംഗത്ത് വളർന്നുവരുന്ന മറ്റൊരു കാൽവയ്പാണ്. നൈസർഗിക കലയോടൊപ്പം സർഗാത്മകത, അവതരണ ചാരുത, ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം എന്നിവ ഈ രംഗത്ത് മികവ് തെളിയിക്കാൻ ആവശ്യമാണ്. വിഷ്വൽ കമ്യൂണിക്കേഷൻ പഠനരംഗം ധാരാളം വിദ്യാർഥികളെ ഇന്ന് ആകർഷിക്കുന്നുണ്ട്. സിനിമയിൽ സ്വന്തമായി ഇടംനേടുക എന്നത് മാത്രമല്ല, വെബ്സൈറ്റ് നിർമാണം മുതൽ കലാസംവിധാനം വരെ ന്യൂ മീഡിയാ രംഗത്ത് ഈ പഠനശാഖയ്ക്ക് സാധ്യതകളേറെയാണ്. മറ്റൊരു പഠന മേഖലയാണ് മാസ് കമ്യൂണിക്കേഷൻ. ടെലിവിഷൻ രംഗത്തും ജേണലിസത്തിനും പ്രയോജനകരമായ കോഴ്സാണിത്. സിനിമാ നിർമാണം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർധനയും ശ്രദ്ധേയമാണ്. പുണെയിലെ 'ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' (http://bit.ly/2XV7cQM) െകാൽക്കത്തയിലെ 'സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്' (wwws.rfti.ac.in) തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ മാത്രമായിരുന്നു ഈ രംഗത്ത് പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് സർക്കാർ-സർക്കാരിതര-സ്വകാര്യ മേഖലകളിൽ ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ധാരാളമായുണ്ട്. അടിസ്ഥാന ഡിഗ്രി ആവശ്യമാണെങ്കിലും ഒരു ഡിഗ്രികൊണ്ടു മാത്രം ജീവിതം രക്ഷപ്പെട്ടുവെന്ന് ഇക്കാലത്ത് പറയാനാവുകയില്ല. അടിസ്ഥാന വിവരം വളരെ ആവശ്യമാണ്. സിനിമാ അഭിനയരംഗത്ത് പ്രധാനപ്പെട്ടത്, തനിക്ക് അഭിനയിക്കുന്നതിന് അനുയോജ്യമായ കഴിവുകളുണ്ടോ എന്ന കണ്ടെത്തലാണ്. അതുപോലെതന്നെ, കഴിവിനോടൊപ്പം കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വ്യക്തിത്വവും ഏറെ പ്രധാനപ്പെട്ടതാണ്. സിനിമാമേഖലയെ ഗൗരവമായി ജീവിതശൈലിയായി കാണുന്നവർക്ക് ദൃശ്യരചനാ പാടവവും സ്വാഭാവിക സർഗാത്മകതയും ഭാവനാനിപുണതയും ആശയവിനിമയ ചാരുതയും ഈ രംഗത്തോടുള്ള തീവ്രമായ അഭിനിവേശവും കൈമുതലായുണ്ടാവണം. വ്യക്തിബന്ധങ്ങൾ സുതാര്യവും മാന്യവുമായി കാത്തുസൂക്ഷിക്കാനുള്ള കഴിവും വേണം. കാരണം, സിനിമയെന്നത് അനേകം പേരുടെ അദ്ധ്വാനഫലമാണ്. ഒരുപക്ഷേ, തുടക്കത്തിൽ 'ഗോഡ്ഫാദർ' എന്ന് പറയുംപോലെ ആരെങ്കിലും കൈപിടിച്ചുകയറ്റാനും ആദ്യചുവടുകൾ നൽകാനും തയ്യാറാവണം. ചിലർക്ക് അതിന്റെ ആവശ്യവുമില്ല. ഭാഗ്യവും സമയവുമെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും സ്ഥിരോത്സാഹികൾ രംഗം കീഴടക്കുന്നതും നമ്മൾ കാണുന്നു. drkochurani@gmail.com

from money rss http://bit.ly/2IjAinA
via IFTTT