121

Powered By Blogger

Sunday, 13 October 2019

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് ഇന്ത്യയുടേത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും -റിപ്പോർട്ട് വ്യക്തമാക്കി. നിർമാണ-ഉത്പാദന മേഖലകളിലെ ഉണർവ് വ്യവസായോത്പാദന വളർച്ചനിരക്ക് 6.9 ശതമാനം ഉയർത്തി. അതേസമയം, കാർഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളർച്ചനിരക്ക് ഇടിഞ്ഞു -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജി.ഡി.പി.യുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18-ൽ ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു വിദേശനാണ്യക്കമ്മി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാൻ ഇതിനകം കേന്ദ്രസർക്കാരും റിസർവ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യം വളർച്ചയിൽ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന് ഏറെ സാധ്യതകളുണ്ടെന്നും ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. അടുത്തിടെ ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയതായും ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. “നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം” -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/2B73TMr
via IFTTT