121

Powered By Blogger

Tuesday, 12 November 2019

പാഠം 47: ഒഴിവാക്കേണ്ട നിക്ഷേപ പദ്ധതികള്‍

നിക്ഷേപ പദ്ധതികളുമായി നിങ്ങളെ സമീപിക്കുന്ന ഏജന്റിന്റെ പ്രധാന ലക്ഷ്യം ജീവിക്കാനുള്ള മികച്ച വരുമാനം നേടുകയെന്നതാണ്. നിങ്ങളെ സമ്പന്നനാക്കിയേ അടങ്ങൂയെന്ന് ഒരുഏജന്റും കരുതുന്നില്ല. വിവിധ നിക്ഷേപ പദ്ധതികളിൽ ചേർത്തി തരക്കേടില്ലാത്ത കമ്മീഷൻ നേടാൻ അദ്ദേഹം ശ്രമിക്കും. ഉദ്ദേശിച്ച നിക്ഷേപ പദ്ധതിയിൽ ചേർത്തുന്നതുവരെ നിങ്ങളുടെചുറ്റും അദ്ദേഹം വട്ടമിട്ടുപറന്നുകൊണ്ടേയിരിക്കും. വൈവിധ്യമാർന്ന നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിലുള്ളതിനാൽ ഈ മേഖലയിൽ മിസ് സെല്ലിങ് വ്യാപകമാണ്. ഭാവയിൽ ലഭിക്കാനിരിക്കുന്ന നേട്ടം പെരുപ്പിച്ചുകാണിച്ചായിരിക്കും ഉത്പന്നം വിറ്റഴിക്കുന്നത്. യോജിച്ച പദ്ധതി തിരഞ്ഞെടുക്കുക മിക്കവാറും തനിക്ക് യോജിക്കാത്ത പദ്ധതികളിലാകും പലരും നിക്ഷേപം നടത്താൻ നിർബന്ധിതരാകുക. ഏജന്റ് അവതരിപ്പിക്കുന്ന നിക്ഷേപ പദ്ധതി നിങ്ങൾക്ക് യോജിച്ചതാണോയെന്ന് സ്വന്തംനിലയിൽ പരിശോധിക്കുക. നിക്ഷേപകൻ നേരിടുന്ന പ്രധാനവെല്ലുവിളിയാണിത്. ഏജന്റ് അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ മനസിലാക്കാനോ വിലയിരുത്താനോ പലരും മുതിരാറില്ലെന്നതാണ് വാസ്തവം. ഒരു സ്മാർട്ട്ഫോണോ, ടെലിവിഷനോ തിരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന ശുഷ്കാന്തിപോലും പദ്ധതിയിൽ നിക്ഷേപിക്കുംമുമ്പ് നടത്താൻപലരും ശ്രമിക്കാറില്ല. നിക്ഷേപിക്കുംമുമ്പ് ആ പദ്ധതി നിങ്ങൾക്ക് യോജിച്ചതാണോ അല്ലയോയെന്ന് വിലയുരുത്തുകതന്നെവേണം. വില്പനക്കാരന് ഉത്പന്നം വിറ്റഴിക്കുകയെന്നതാണ് ലക്ഷ്യം. പക്ഷേ, അത് ആവശ്യമുണ്ടോയെന്ന് വാങ്ങുന്നവൻ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനായി ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം. ഒഴിവാക്കേണ്ട ചില നിക്ഷേപ പദ്ധതികൾ എൻഡോവ്മെന്റ്, മണിബായ്ക്ക് പോളിസികൾ ജോലി കിട്ടിയ ഉടനെ ഇൻഷുറൻസിൽ ചേർത്താൻ ഏജന്റ് നിങ്ങളുടെ വീട്ടിലെത്തും. അയാൾ നിങ്ങളുടെ സുഹൃത്തോ, ബന്ധുവോ ആയിരിക്കും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയുള്ള നിക്ഷേപ പദ്ധതിയാണ് എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ. നികുതി ആനുകൂല്യമുള്ളതിനാൽ നിരവധിപേർക്ക് ഈ പദ്ധതികൾ ആകർഷകമായി തോന്നിയേക്കാം. എന്നാൽ ഒരുകാര്യം മനസിലാക്കുക. ഈ പോളിസികൾ നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ തരക്കേടില്ലാത്ത ആദായമോ നൽകാൻ പര്യാപ്തമല്ല. പരമാവധി 5 മുതൽ 6 ശതമാനംവരെ നേട്ടമാണ് ഇത്തരം പദ്ധതികളിൽനിന്ന് ലഭിക്കുക. യുലിപ് പ്ലാനുകൾ യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനാണ് യുലിപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിതന്നെയാണിതും. പലപ്പോഴും മ്യൂച്വൽ ഫണ്ട് എന്നപേരിലാകും ഏജന്റ് ഈ പദ്ധതി അവതരിപ്പിക്കുക. ഒരുഭാഗം ഓഹരിയിൽ നിക്ഷേപിക്കുന്നതുകൊണ്ട് മികച്ച നേട്ടം ഭാവിയിൽ ലഭിക്കുമെന്നായിരിക്കും വാഗ്ദാനം. വീണ്ടും വ്യക്തമാക്കാം, ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തുന്നത് ഉചിതമല്ല. രണ്ടിനെയും രണ്ടായി കാണണം. യുലിപ് പ്ലാനുകൾക്ക് വിവിധ ഇനത്തിലായി നിരവധി ചാർജുകൾ ഈടാക്കുന്നുണ്ട്. ഏജന്റിന്റെ കമ്മീഷൻ ഇനത്തിലും നല്ലൊരുതുക പോകും. ഇടയ്ക്കുവെച്ച് നിക്ഷേപം നിർത്തിയാലും ആദായത്തെ ബാധിക്കും. എന്താണ് പരിഹാരം? ഇൻഷുറൻസിനായി ടേം പ്ലാൻ എടുക്കുക. നിക്ഷേപ ലക്ഷ്യങ്ങൾക്കായി, നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസൃതമായി മികച്ച പദ്ധതികൾ തിരഞ്ഞെടുക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, പിപിഎഫ്, സ്ഥിര നിക്ഷേപ പദ്ധതികൾ, ഡെറ്റ് ഫണ്ടുകൾ എന്നിവയിലേതെങ്കിലും നിങ്ങളുടെ മനോഭാവത്തിനനുസരിച്ച് പരിഗണിക്കാം. സെക്ടർ ഫണ്ടുകൾ മ്യൂച്വൽ ഫണ്ടിലെ അതീവ നഷ്ടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടതാണ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകൾ. ഒരു പ്രത്യേക കാറ്റഗറിയിൽ മാത്രം നിക്ഷേപിക്കുന്നവയാണ് ഈ ഫണ്ടുകൾ. അതുകൊണ്ടുതന്നെ ഫണ്ട് മാനേജർക്ക് വൈവിധ്യവത്കരണത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. ബാങ്ക് ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ബാങ്കിങ് ഫണ്ടുകൾ, ഇൻഫ്രസ്ട്രക്ചർ മേഖലയിലെ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഇൻഫ്ര ഫണ്ടുകൾ, ഫാർമ കമ്പനികളിൽമാത്രം നിക്ഷേപിക്കുന്ന ഫാർമ ഫണ്ടുകൾ എന്നിവ ഉദാഹണം. ചില കാലയളവുകളിൽ ഇത്തരം ഫണ്ടുകൾ മികച്ചനേട്ടം ഉണ്ടാക്കിയേക്കാം. എങ്കിലും ദീർഘകാലയളവിൽ നിക്ഷേപിക്കാൻ യോജിച്ചവയല്ല സെക്ടറൽ ഫണ്ടുകൾ. എന്താണ് പരിഹാരം? ഏത് സെക്ടറാണ് വരാനിരിക്കുന്ന കാലയളവിൽ മികച്ച നേട്ടമുണ്ടാക്കുകയെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ നഷ്ടസാധ്യത ഒഴിവാക്കാൻ വൈവിധ്യമാർന്ന സെക്ടറുകളിൽ നിക്ഷേപിക്കുന്ന ഡൈവേഴ്സിഫൈഡ് ഫണ്ടുകളിൽ നിക്ഷേപിക്കുക. പിഎംഎസ് പോർട്ട്ഫോളിയോ മാനേജുമെന്റ് സ്കീമാണ് പിഎംഎസ് എന്നപേരിൽ അറിയപ്പെടുന്നത്. 25 ലക്ഷമാണ് ചുരുങ്ങിയ നിക്ഷേപം. വിവിധ ബ്രോക്കിങ് ഹൗസുകളും വൻകിട ഓഹരി വിദഗ്ധരുമൊക്കെയാണ് സെബിയുടെ അനുമതിയോടെ ഈ സേവനം നിക്ഷേപകർക്ക് നൽകുന്നത്. അതീവ നഷ്ടം സഹിച്ച് മികച്ച ലാഭം നേടുകയെന്നതാണ് പിഎംഎസിന്റെ രീതി. ചില സമയങ്ങളിൽ മികച്ച നേട്ടം നിക്ഷേപകന് ലഭിച്ചേക്കാമെങ്കിലും നിക്ഷേപിച്ച തുകപോലും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. വൻകിട നിക്ഷേപകർക്ക് വിവിധ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ മൊത്തം നിക്ഷേപത്തിന്റെ ചെറിയ ശതമാനം ഇതിനായി നീക്കിവെയ്ക്കാം. എന്താണ് പരിഹാരം? ഇതിനുപകരമായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കാം. മികച്ച വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലാർജ്ക്യാപ് ഫണ്ട്, മൾട്ടിക്യാപ് ഫണ്ട് തുടങ്ങിയവ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. ദീർഘകാലയളവുള്ള ഡെറ്റ് ഫണ്ടുകൾ 2018ൽ സെബി ഡെറ്റ് ഫണ്ടുകളെ റീ കാറ്റഗറൈസേഷൻ നടത്തിയതോടെ 15 മുതൽ 20വരെ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകൾ നിലിവിൽവന്നു. എന്നിരുന്നാലും അധികം നിക്ഷേപകരും ലിക്വിഡ് ഫണ്ട്, അൾട്ര ഷോർട്ട്, ഷോർട്ട് ഡ്യൂറേഷൻ എന്നീ വിഭാഗങ്ങലിലുള്ള ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഡെറ്റിൽതന്നെയുള്ള മറ്റ് ഫണ്ടുകൾ ദീർഘകാലാവധിയുള്ളവയാണ്. ലോങ് ഡ്യൂറേഷൻ, മീഡിയം ഡ്യൂറേഷൻ തുടങ്ങിയ ഫണ്ടുകൾ ഉദാഹരണം. ഈ ഫണ്ടുകൾക്ക് താരതമ്യേന നഷ്ടസാധ്യകൂടുതലാണ്. എന്താണ് പരിഹാരം? ഡെറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ നഷ്ടസാധ്യത ഇല്ലെന്നുതന്നെ പറയാവുന്ന( ലിക്വിഡ്, ഷോർട്ട് ഡ്യൂറേഷൻ, ഷോർട്ട് ടേം) ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. നഷ്ടസാധ്യത എടുക്കാൻ തയ്യാറാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം അല്ലാതെ ഡെറ്റിൽതന്നെ നിക്ഷേപിക്കേണ്ടതില്ല. കൂടുതൽ ആദായംനൽകുന്ന കടപ്പത്രങ്ങൾ ബാങ്കിൽ നിക്ഷേപിച്ചാൽ ഇപ്പോൾ പരമാവധി ലഭിക്കുക ഏഴു ശതമാനം പലിശയാണ്. എന്നാൽ 9 മുതൽ 10 ശതമാനംവരെ ആദായം നൽകുന്ന കടപ്പത്രങ്ങൾ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ആതായത് രണ്ടു മുതൽ മൂന്നുവരെ ശതമാനം ആദായം കൂടുതൽ ലഭിക്കുമെന്നുചുരുക്കം. റേറ്റിങ് കുറഞ്ഞ കമ്പനികളാണ് കൂടുതൽ ആദായമുള്ള കടപ്പത്രങ്ങൾ പുറത്തിറക്കുന്നത്. ഇവയിൽ നിക്ഷേപിക്കുകയാണെങ്കിൽതന്നെ കുറഞ്ഞത് ട്രിപ്പിൾ എ-റേറ്റിങ് ഉള്ളവയാണെന്ന് ഉറപ്പുവരുത്തണം. എന്താണ് പരിഹാരം? ഡെറ്റ് ഫണ്ടിനെക്കുറിച്ച് അറിയുമെങ്കിൽ അതിൽ നിക്ഷേപിക്കുകയാണ് നല്ലത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ 8 മുതൽ 10വരെ ശതമാനം ആദായം നൽകിവരുന്നതായി കാണുന്നു. ലിക്വിഡിറ്റി(പണമാക്കൽ)യുടെ കാര്യത്തിലും ഡെറ്റ് ഫണ്ടുകൾ മികച്ചതാണ്. അല്ലെങ്കിൽ ബാങ്ക് എഫ്ഡിതന്നെ തിരഞ്ഞെടുക്കുക. കമ്പനി നിക്ഷേപം കടപ്പത്രങ്ങളുടെകാര്യം പറഞ്ഞതുപോലെതന്നെയാണ് കമ്പനി നിക്ഷേപങ്ങളുടെയും. റേറ്റിങ് കുറഞ്ഞ സ്ഥാപനങ്ങളാകും കൂടുതൽ ആദായം നൽകുക. നഷ്ടസാധ്യത കൂടിയ നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെട്ടവയാണ് കമ്പനി നിക്ഷേപങ്ങളും. സ്ഥാപനംപൂട്ടിപ്പോയാൽ നിക്ഷേപിച്ച തുക തിരികെകിട്ടില്ല. എന്താണ് പരിഹാരം? ബാങ്ക് നിക്ഷേപത്തെ ആശ്രയിക്കുന്നതാകും ഉചിതം. കൂടുതൽ ആദായം ലഭിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള മികച്ച സഹകരണ ബാങ്കുകളിലും നിക്ഷേപമാകാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നിക്ഷേപ പദ്ധതികളുടെ ഗുണവും ദോഷവും വ്യക്തമായി മനസിലാക്കിയശേഷംമാത്രം ഉചിതമായ തീരുമാനമെടുക്കുക. ആദായത്തെക്കുറച്ചുമാത്രം ചിന്തിച്ചാൽപോരാ, നഷ്ടസാധ്യതയും നിക്ഷേപ പദ്ധതിയുടെ പ്രവർത്തനരീതിയും വിലിയിരുത്തണം. feedbacks to: antonycdavis@gmail.com Investment plans to be avoided

from money rss http://bit.ly/33J6DfQ
via IFTTT