121

Powered By Blogger

Thursday, 9 January 2020

പേസ്ട്രിയുടെ ലോകത്തേയ്ക്ക് പോകാം; മാസം 10,000 രൂപ നേടാം

സായാഹ്നങ്ങൾ മധുരതരമാക്കാനുള്ളതാണ് 'പേസ്ട്രി'. ഒരു ചായയുടെയോ അല്ലെങ്കിൽ ജ്യൂസിന്റെയോ കൂടെ പേസ്ട്രി നുകർന്നിരിക്കുന്നവർ ഏറെയുണ്ട്. പ്രായഭേദമെന്യേ ആരാധകരുണ്ട് പേസ്ട്രിക്ക്. കേക്കുകളുടെ പേസ്ട്രിക്കാണ് കൂടുതൽ ഡിമാൻഡ്. ഇഷ്ടമുള്ള ഫ്ളേവർ ഒന്നോ രണ്ടോ കുറഞ്ഞ വിലയിൽ വാങ്ങിക്കഴിക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് പേസ്ട്രി തന്നെയാണ്. ഒരു മുഴുവൻ കേക്ക് വാങ്ങേണ്ടതായും വരുന്നില്ല. അതിനാൽ വിവിധ രുചികൾ പരീക്ഷിക്കാനും മടിയില്ല. ഒറ്റദിവസംതന്നെ ഒന്നിൽക്കൂടുതൽ ഫ്ളേവറുകൾ കഴിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രീം, ഐസ് കേക്കുകളുടെ കടന്നുവരവോടെയാണ് നഗരത്തിൽ പേസ്ട്രിക്ക് ഡിമാൻഡ് കൂടിയത്. പേസ്ട്രികൾ പലതരം പേസ്ട്രി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓർമവരുന്നത് കേക്ക് പേസ്ട്രി ആണ്. എന്നാൽ, മാവ്, പഞ്ചസാര, പാൽ, വെണ്ണ, ഷോട്ടണിങ് (ബട്ടർ പോലെ വീടിന്റെ മുറിയിലുള്ള ഉൗഷ്മാവിൽ നിൽക്കുന്നവ), ബേക്കിങ് പൗഡർ, മുട്ട തുടങ്ങിയ ചേരുവകളിൽനിന്ന് ബേക്ക് ചെയ്ത് നിർമിക്കുന്നവയെല്ലാം 'പേസ്ട്രി' വിഭാഗത്തിലാണ് വരുന്നത്. വിദേശരാജ്യങ്ങളിലെല്ലാം വ്യത്യസ്തതരം പേസ്ട്രികൾ തന്നെ വിൽപ്പനയ്ക്കായുണ്ട്. കൊച്ചിയിലും ഇത്തരം പേസ്ട്രികൾ ഇടംപിടിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഭൂരിഭാഗം പേരും കേക്കുകളാണ് പേസ്ട്രിയായി കാണുന്നത്. ഓർഡറുകൾ കൂടുന്നു ഷോപ്പിൽ വന്ന് കഴിക്കുന്നതുപോലെതന്നെ പേസ്ട്രി പാഴ്സലായി വാങ്ങുന്നവരുടെ എണ്ണത്തിലും രണ്ട് വർഷത്തോളമായി വർധനയുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി സൈറ്റുകൾ വഴിയും നേരിട്ടും ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് ഷോപ്പ് ഉടമകൾ പറയുന്നു. കൂടുതൽ മധുരം വേണ്ടവർക്ക്, അല്ലെങ്കിൽ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർക്കെല്ലാംതന്നെ വ്യത്യസ്ത രുചികളിൽ പേസ്ട്രി ലഭ്യമാണ്. മാസം 10,000രൂപ നേടാം പേസ്ട്രി നിർമിക്കാൻ വളരെ എളുപ്പമാണ്. വീട്ടമ്മമാർക്കാണ് ഇത്തരം മേഖലയിൽ കൂടുതൽ സാധ്യത. ഒഴിവുസമയങ്ങളിൽ പേസ്ട്രി തയ്യാറാക്കാൻ ശ്രമിച്ചുനോക്കാവുന്നതാണ്. സംഭവം വിജയിച്ചാൽ മാസം 10,000 രൂപയിലധികം വരുമാനം നേടാം. പേസ്ട്രി നിർമിക്കാനുള്ള എല്ലാവിധ സാധനങ്ങളും ഇപ്പോൾ കടകളിൽ ലഭ്യമാണ്. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കായി പ്രത്യേകം ഷോപ്പുതന്നെ കൊച്ചിയിൽ ഉണ്ട്. ബജറ്റിന് അനുസരിച്ച് ബേക്കിങ് സാധനങ്ങൾ വാങ്ങാവുന്നതാണ്. ആദ്യംതന്നെ അരക്കിലോയിൽ പരീക്ഷണം ചെയ്യാവുന്നതാണ്. പിന്നീട് അളവ് കൂട്ടാം. ആദ്യമായി തയ്യാറെടുക്കുന്നവർക്ക് റെസിപ്പികൾക്കായി യുട്യൂബിൽ നിരവധി വീഡിയോകൾ ലഭ്യമാണ്. നിർമിക്കുന്നതിനു മുൻപ് ബേക്ക് ചെയ്യാനുള്ള സാധനങ്ങളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ആദ്യമൊക്കെ കാര്യമായ വരുമാനം ലഭിക്കണമെന്നില്ല. എന്നാൽ, പിന്നീടങ്ങോട്ട് വരുമാനം കൂടുതൽ നേടാം. 'ആദ്യം ഒരു ഹോബിയായാണ് പേസ്ട്രി നിർമാണം തുടങ്ങിയത്. ഇപ്പോൾ ഏഴ് വർഷമായി ഈ മേഖലയിൽ. വീട്ടമ്മമാർക്ക് ഒഴിവുസമയം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നതാണിത്'- ഷുഗർ ബോൾ എന്ന ഫെയ്സ്ബുക്ക് പേജ് വഴി വിപണനം നടത്തുന്ന കാൻഡിഡ ആഗ്ന റോഡ്രിക്സ് പറഞ്ഞു. മാസം 50,000 രൂപ വരെ നേടുന്നവർ ഈ മേഖലയിലുണ്ട്. കൂടാതെ ബേക്കിങ് ശീലമായാൽ കുറഞ്ഞസമയം കൊണ്ട് പേസ്ട്രി നിർമിക്കാനാകും. വിൽപ്പന എളുപ്പം ആദ്യമൊക്കെ വീടിനടുത്തോ ഫ്ലാറ്റിനടുത്തോ ഉള്ളവർക്ക് ഇത്തരം പേസ്ട്രികൾ നിർമിച്ചുനൽകുക. അവരുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം പതിയെ വാട്സ്ആപ്പ് വഴി വിൽപ്പന ആരംഭിക്കുക. അപ്പോഴേക്കും സംരംഭത്തിന് ചെറിയൊരു പേരും കണ്ടുപിടിക്കണം. പെട്ടെന്ന് ഓർത്തുവെയ്ക്കാൻ പറ്റുന്ന ചെറിയ പേരുകളാണ് ഉത്തമം. കൂടെ, ഫെയ്സ്ബുക്ക് പേജ് തുടങ്ങാം. അതുപോലെ ഇൻസ്റ്റഗ്രാം പേജും വേണം. ഓരോ വർക്കിന്റെയും മികച്ച ഫോട്ടോകൾ, വീഡിയോകൾ എന്നിവ പേജിലൂടെ അപ്ലോഡ് ചെയ്യണം. ഒറ്റനോട്ടത്തിൽ പേജ് എന്താണെന്ന് മനസ്സിലാകുന്ന രീതിയിലായിരിക്കണം പേജിന്റെ സജ്ജീകരണം. ഉപഭോക്താക്കളിൽ കൗതുകം ജനിപ്പിക്കുകയാണെങ്കിൽ പേജിന് ആരാധകർ കൂടും. സംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ കൃത്യമായ ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ (വാട്സ്ആപ്പ് ഉണ്ടെങ്കിൽ ഉത്തമം), ബാങ്ക് അക്കൗണ്ട് ഇവ ഉണ്ടായാൽ പേജുകൾ വഴി വിൽപ്പന തുടങ്ങാം. ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും ബേക്കറികളുമായി സഹകരിച്ച് വിൽപ്പന നടത്താവുന്നതാണ്. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും ഒരു പ്രത്യേകത നമ്മുടെ ഉത്പന്നത്തിനോ സംരംഭത്തിനോ ഉണ്ടെങ്കിൽ ഉപഭോക്താക്കൾ കൂടും.

from money rss http://bit.ly/2QILePX
via IFTTT