121

Powered By Blogger

Tuesday, 14 January 2020

പാഠം 56: നേരത്തെ റിട്ടയര്‍ചെയ്യുംമുമ്പ് അറിയുക ഈ കാര്യങ്ങള്‍

45-ാംവയസ്സിൽ വിരമിക്കുന്നതിനെക്കുറിച്ചുള്ള പാഠത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. യാഥാർഥ്യമാകാത്ത സ്വപ്നം എന്നും പലരുംകുറിച്ചു. ആത്മവിശ്വാസവും ചിട്ടയായി നിക്ഷേപിക്കാനുള്ള ആർജവവുമുണ്ടെങ്കിൽ അറിയാതെതന്നെ നിങ്ങളുടെ പണംവളരും.നിങ്ങളുടെ ജോലിയോ വരുമാനമോ ഒന്നും അതിന് തടസ്സമല്ല. എങ്ങനെയെന്ന് തുടർന്നുള്ള പാഠങ്ങളിൽനിന്ന് മനസിലാക്കുക. ലക്ഷ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക ലക്ഷ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടൊപ്പംതന്നെ പ്രധാനമാണ് വർത്തമാനകാലത്തെ അവഗണിക്കാതിരിക്കുകയെന്നത്. നേരത്തെ വിരമിക്കുന്നത് നല്ലകാര്യമാണെങ്കിലും അതിന് വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കണം. അതേസമയം, നിലവിലെ ജീവതത്തെ അത് ബാധിക്കാനും പാടില്ല. നേരത്തെ വിരമിക്കാൻ ഇപ്പോൾ ത്യാഗംചെയ്താണ് ജീവിക്കുന്നതെന്ന തോന്നൽ ഉണ്ടാകരുത്. നിത്യജീവിതത്തിലെ ചെറിയ ചെറിയ ആഘോഷങ്ങൾക്ക് അത് തടസ്സമാകാനുംപാടില്ല. വർഷങ്ങൾക്കുശേഷമാണ് വിരമിക്കാൻ ഉദ്ദേശിക്കുന്നത്. അന്ന് അടിച്ചുപൊളിക്കാൻ അത്രയുംകാലത്തെ ആയുസ് പാഴാക്കേണ്ടതില്ല. ജീവിത സൗകര്യങ്ങൾ പടിപടിയായാണ് നേടിയെടുക്കേണ്ടത്. അതായത് ജീവിതത്തിന് അടിവെച്ചടിവെച്ചുള്ള കയറ്റമാണ് വേണ്ടത്. അതല്ലാതെ ഒറ്റയടിക്ക് ലിഫ്റ്റിൽകയറി മുകളിലെത്തുകയല്ല. ഒരുസുപ്രഭാതത്തിൽ ലിഫ്റ്റിൽതന്നെ താഴെയെത്താനുള്ള സാധ്യതയും മുന്നിലുണ്ടാകണം. സൗകര്യങ്ങൾ പടിപടിയായി സാവധാനം നേടിയെടുക്കുക. കിട്ടുന്നതെല്ലാം തുടക്കത്തിലെ ജീവിതസൗകര്യത്തിന് ക്രമപ്പെടുത്തിയാൽ ഭാവിയിൽ കുറഞ്ഞ സൗകര്യങ്ങളിൽ ജീവിക്കാൻ നിങ്ങൾക്ക് പ്രയാസമാകും. ശുഭാപ്തിവിശ്വാസം നിലനിർത്തുക നേരത്തെ വിരമിക്കാനും ഓഫീസിനുപുറത്തുള്ള ജീവിതം ആസ്വദിക്കാനും തീരുമാനിച്ചാൽ ഭാവിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം പുലർത്തുക. ജോലിചെയ്യാതെ മുപ്പതോ, നാല്പതോ വർഷമോ അതിൽകൂടുതലോകാലം നിങ്ങൾക്ക് ജീവിക്കാൻകഴിയുമെന്ന ചിന്ത അർഥമാക്കുന്നത് നിങ്ങൾ ഭാവിയെ പോസിറ്റീവായാണ് കാണുന്നതെന്നും കാര്യങ്ങൾ ഫലപ്രദമായി കൊണ്ടുപോകാൻ കഴിയുമെന്ന് സ്വയം വിശ്വസിക്കുന്നുവെന്നുമാണ്. ഈ ശുഭാപ്തിവിശ്വാസം ജീവിതത്തിൽമൊത്തം പ്രതിഫലിക്കുന്നതാണ്. നേരത്തെ വിരമിക്കാൻ തീരുമാനിച്ചവർ എല്ലാകാര്യങ്ങളിലും മിതവ്യയം ശീലിക്കുന്നവരാണ്. അവർ മറ്റുള്ളവരെ നോക്കിയല്ല ജീവിക്കുന്നത്. സ്വന്തം ആവശ്യങ്ങളോട് മികച്ചരീതിയിൽ പ്രതികരിക്കുന്നവരാണ്. കീശകാലിയാകുന്നതിനെക്കുറിച്ച് ബോധവാനാകുക എന്തുംവാങ്ങിക്കൂട്ടുകയെന്ന ഉപഭോക്തൃസംസ്കാരം മുന്നോട്ടുവെയ്ക്കുന്നപാത തിരഞ്ഞെടുക്കാതിരിക്കുക. വ്യത്യസ്ത പാത തിരഞ്ഞെടുക്കുന്നവരെ സംശയത്തോടെനോക്കുന്ന ഒരുസമൂഹം നമുക്കുചുറ്റുമുണ്ട്. അത്തരക്കാർ അവസരംകിട്ടിയാൽ 65-70 വയസ്സിൽപോലും വിരമിക്കാൻ മടിക്കുന്നവരാണ്. സമൂഹത്തിൽനിന്ന് ലഭിക്കുന്ന ഒരുസുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണവർ. നമ്മുടെ ലക്ഷ്യംഅതല്ലല്ലോ. അവരെ അവഗണിക്കുക. ഉപഭോക്തൃജീവിതരീതിക്ക് വൈകാരികമായ ഒരുതലംകൂടിയുണ്ട്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണംകീശയിൽനിന്ന് അപഹരിക്കാൻ അതിന് കഴിയും. നമുക്കെല്ലാവർക്കം അതറിയാമെങ്കിലും സമൂഹത്തിന്റെ ഒഴുക്കിനൊത്ത് നീങ്ങാനാണ് എല്ലാവർക്കും താൽപര്യം. ഇതിനെതിരെയുള്ള ചിന്തകൾ നിങ്ങളെ മാനസിക സമ്മർദത്തിലാക്കും, നിരാശനാക്കും. അതിനെ അപ്പാടെ അവഗണിക്കുക. നിങ്ങളുടെ മുന്നിൽ മറ്റുലക്ഷ്യങ്ങളോടൊപ്പം നേരത്തെ വിരമിക്കണമെന്ന ആവശ്യംകൂടിയുണ്ട്. അത്രമാത്രം. വായ്പ നിങ്ങൾക്കുപറഞ്ഞിട്ടുള്ളതല്ല നിങ്ങളുടെ വരുമാനത്തെ കാർന്നുതിന്നുന്നഒന്നാണ് കടം. പണംകൈവശമില്ലാത്തതിനാലാണ് കടംവാങ്ങുന്നത്. അത് വീട്ടിതീർക്കാനുള്ള സമ്മർദം നിങ്ങളുടെ നിക്ഷേപശീലത്തെ തകിടംമറിക്കും. ആവശ്യമെങ്കിൽ ഭവനവായ്പമാത്രം എടുക്കുക. മൂല്യമിടിയുന്ന ആസ്തികൾക്കുവേണ്ടിയുള്ള കടമെടുക്കൽ പരിമിതപ്പെടുത്തുക; പ്രതേകിച്ച് കാറുപോലുള്ളവ. നിലവിൽ കടബാധ്യതയുണ്ടെങ്കിൽ എത്രയുംവേഗം അത് വീട്ടിതീർക്കാൻ ശ്രമിക്കുക. നിങ്ങൾ വിരമിച്ചിട്ടില്ല ദിനംപ്രതിയുള്ള ഓഫീസിൽപോക്കും ജോലിയുമാണ് നിങ്ങൾ ഉപേക്ഷിക്കുന്നത്. പൂർണമായും നിങ്ങൾക്ക് വിരമിക്കാൻകഴിയില്ല. സമൂഹത്തിന് ഗുണപരമായ എന്തെങ്കിലും സംഭാവചെയ്യാനായാൽ അതിലൂടെ നമുക്ക് ലഭിക്കുന്നത് ഉത്പാദനക്ഷമതമാത്രമല്ല മാനസീകോല്ലാസംകൂടിയാണ്. നിങ്ങൾക്കിഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാം. കൺസൾട്ടൻസിയാകാം. അല്ലെങ്കിൽ നിങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുന്ന അനൗദ്യോഗിക ജോലിയാകാം. അതിൽനിങ്ങൾ ഉല്ലാസം കണ്ടെത്തണം. സമ്മർദമില്ലാതെ തിരക്കുള്ളയാളാകണം. അല്ലെങ്കിൽ നിങ്ങൾക്ക് നേരത്തെവിരമിച്ചതിന്റെ ഗുണം ലഭിക്കില്ല. വിഷാദവും നിരാശയും നിങ്ങളെ പിടികൂടിയേക്കാം. നിക്ഷേപത്തിലെ അച്ചടക്കം ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാൽ ഓരോമാസവും ശമ്പളത്തിൽനിന്ന് കിഴിവ് ചെയ്യുന്ന രീതി സ്വീകരിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് ചിട്ടയായി നിക്ഷേപിക്കാൻ കഴിയില്ല. പലപ്പോഴും മറ്റാവശ്യങ്ങൾക്ക് വകമാറ്റാൻ നിങ്ങൾ നിർബന്ധിതരാകും. എസ്ഐപി മുന്നോട്ടുവെയ്ക്കുന്ന നിക്ഷേപരീതി സ്വീകാര്യമാണ്. ബാങ്കിന് നിർദേശം നൽകിയാൽ നിശ്ചിത ഇടവേളകളിൽ നിങ്ങളുടെ പണം നിക്ഷേപ അക്കൗണ്ടിലേയ്ക്ക് പോയ്ക്കൊള്ളും. ചെലവുകൾ കഴിഞ്ഞുള്ള തുകയല്ല നിക്ഷേപിക്കേണ്ടത്. ആദ്യം നിശ്ചിതതുക നിക്ഷേപിക്കുക. അതിനുശേഷമാകട്ടെ മറ്റെന്തും. സർപ്പത്തെപ്പോലെ വിവേകികളായിരിക്കുക കടത്തിൽനിന്ന് കരകയറാനും സമ്പത്ത് കെട്ടിപ്പടുക്കാനും സാമ്പത്തിക സ്വാതന്ത്ര്യംനേടാനും വേണ്ടത് ചിട്ടയായ ശീലമാണ്. അതിൽനിന്ന് നിങ്ങളെ വഴിതിരിച്ചുവിടുന്നതെന്തിനെയും അവഗണിക്കുക. വിദഗ്ധോപദേശത്തെ വിലയിരുത്തിയശേഷംമാത്രം സ്വീകരിക്കുക. സാമ്പത്തിക വിദഗ്ധർ നിങ്ങളോട് പറയുന്നകാര്യങ്ങൾ അന്ധമായി വിശ്വസിക്കരുത്. സർപ്പത്തെപോലെ വിവേകികളും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കുക! മിതവ്യയം മോശംകാര്യമല്ല മിതവ്യയം ശീലിക്കുന്നത് ഒരുമോശംകാര്യമല്ല. പിശുക്കിനെക്കുറിച്ചല്ല ഇവിടെ വിവക്ഷിക്കുന്നത്. വാരിവലിച്ചുകഴിച്ച് പണംകളയുന്നതിനേക്കാൾ നല്ലതല്ലേ ആരോഗ്യകരമായി ഭക്ഷണശീലം പിന്തുടരുന്നത്. ആവശ്യമില്ലാത്തതെല്ലാം വാങ്ങിക്കൂട്ടുന്നശീലം പാടെ മറന്നേക്കൂ. പേഴ്സിൽനിന്ന് പണമെടുക്കുന്നതിനുമുമ്പേ അത് തനിക്ക് ആവശ്യമുള്ളതാണോയെന്ന് ചിന്തിക്കുക. മാസത്തിലൊരിക്കൽ കുടുംബത്തോടൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനോനിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതിനോ മിതവ്യയം തടസ്സമല്ലെന്ന് മനസിലാക്കുക. ചെലവുചെയ്യുന്നതിന്റെകാര്യത്തിൽ വിവേകിയായിരിക്കുക. അത്രമാത്രം. ഭാവിയെക്കുറിച്ച് സംസാരിക്കുക; ഇടയ്ക്കെങ്കിലും കൂട്ടുകാരോടൊത്തോ ഭാര്യയുമൊത്തോ കൊച്ചുവർത്തമാനം പറയുമ്പോൾ ഭാവിയെക്കുറിച്ചും റിട്ടയർമെന്റ്കാല ജീവിതത്തെക്കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്. പുതിയ ആശയങ്ങൾക്കായി എപ്പോഴും ചെവിയോർക്കുക. ഇത്തരം ചർച്ചകളിലൂടെയും കൊച്ചുവർത്തമാനങ്ങളിലൂടെയുമാകും പുതുപുതു ആശയങ്ങൾ ഉരുത്തിരിയുക. ഹ്രസ്വകാല-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും സംഭാഷണമാകാം. പെൻഷൻപറ്റിയശേഷവും ഇത്തരം സംഭാഷണങ്ങൾ ജീവിത്തതിന് കരുത്താകും. മറ്റുള്ളവരുമായുള്ള താരതമ്യം ഒഴിവാക്കുക ഓരോരുത്തരുടെയും ജീവിതം തികച്ചും വ്യത്യസ്തമാണ്. കയറ്റവും ഇറക്കവും ആരുടെ ജീവിതത്തിൽനിന്നും ഒഴിവാക്കാനാവില്ല. ചിലർക്ക് വിസ്മയകരമായ ചെറുപ്പകാലം ഉണ്ടായിട്ടാകും. മറിച്ചായിരിക്കും ചിലരുടേത്. ചിലർ കോളേജിൽ പോയിട്ടുണ്ടാകും എന്നാൽ മറ്റുചിലരാകട്ടെ കോളേജിന്റെ പടികണ്ടിട്ടുണ്ടാവില്ല. എല്ലാവർക്കും ഒരേപോലെയല്ല ശമ്പളം ലഭിക്കുന്നത്. ചെലവഴിക്കുന്നതും അതുപോലെതന്നെ. അതിനാൽ മറ്റുള്ളവരിലേയ്ക്ക് നോക്കാതെ തന്നിലേയ്ക്കുനോക്കി ജീവിക്കുക. പിഴവുകൾ തിരുത്തി മുന്നോട്ടുപോകുക നേരത്തെ പെൻഷനാകാനുള്ള നിങ്ങളുടെ പദ്ധതിയ്ക്ക് എവിടെയെങ്കിലും കോട്ടംതട്ടുകയാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ പിഴവുകൾതിരുത്തി മുന്നോട്ടുപോകുക. അത് നിങ്ങളെ ലക്ഷ്യത്തോടടുപ്പിക്കും. നിശ്ചിത സമയത്ത് നിങ്ങൾക്ക് വിരമിക്കാനായില്ലെങ്കിൽ ലക്ഷ്യത്തിലെത്താൻ കുറച്ചുകാലംകൂടി ജോലി ചെയ്യുക. നേരത്തെ വിരമിച്ചാൽ നിങ്ങൾ എന്തുചെയ്യും? വിരമിച്ചശേഷമുള്ള ജീവിതത്തിന്റെ ഒരുകരടുരേഖ മനസിലുണ്ടാകുന്നത് നല്ലതാണ്. കുറച്ചുകടന്നകയ്യാണെങ്കിലും, വേണമെങ്കിൽ അന്നത്തെ ജീവിത കഥ എങ്ങനെയായിരിക്കണമെന്ന് നിങ്ങൾക്ക് കുറിച്ചുവെയ്ക്കാം. പെൻഷനായതിനുശേഷവും ജീവിത്തിൽ മികച്ച പ്രൊഫഷണലിസംകാത്തുസൂക്ഷിക്കുകയാണ്ലക്ഷ്യമെന്ന് ചുരുക്കം. ചെറുപ്പത്തിൽമാത്രമല്ല ജീവിതം ആസ്വദിക്കാൻ കഴിയുക. സ്വന്തംകാലിൽ നിൽക്കാൻ കഴിയുമെങ്കിൽ ഏതുപ്രായത്തിലും അതിനുകഴിയും. പിൻകുറിപ്പ്: പെൻഷൻപറ്റിയതിനുശേഷം ജീവിക്കാൻ പണം സമ്പാദിച്ചുവെച്ചിട്ട് അതിനുമുമ്പേ തട്ടിപ്പോയാലോ എന്നുചോദിക്കുന്നവരോട് ഒന്നുംപറയാനില്ല. Feedbacks to: antonycdavis@gmail.com നേരത്തെ റിട്ടയർ ചെയ്യണോ? വിദഗ്ധോപദേശത്തിനായി താഴെനൽകിയിട്ടുള്ള കോളങ്ങൾ പൂരിപ്പിക്കുക. വിശദമായ മറുപടി ഇ-മെയിലിൽ ലഭിക്കും.​ View Survey

from money rss http://bit.ly/2QXOib3
via IFTTT