121

Powered By Blogger

Wednesday, 15 January 2020

നോക്കൂ..സ്റ്റാന്‍ലിയുടെ ജീവിതത്തിലേയ്ക്ക്‌

മീൻപിടിത്തം മുതൽ സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ ജോലിവരെ ചെയ്യും ഈ യുവാവ്... ഇയാൾ നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ ആരും അദ്ഭുതപ്പെടും... ഇതാണ് 'റാംബോ സ്റ്റാൻലി'... ഈ ചെറുപ്പക്കാരൻ ഇപ്പോൾ അറിയപ്പെടുന്നത് സിനിമയിലെ സ്റ്റണ്ട് സംവിധായകനായാണ്... പക്ഷേ, അങ്ങനെ ഒരൊറ്റ വാക്കിൽ പരിചയപ്പെടുത്താവുന്നയാളല്ല സ്റ്റാൻലി... ഇരുപത്താറുകാരനായ ഈ മനുഷ്യൻ നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ ആരാണ് അദ്ഭുതപ്പെടാത്തത്. കായലിലേക്ക് ഊളിയിട്ടിറങ്ങി സെക്കൻഡുകൾക്കുള്ളിൽ സ്റ്റാൻലി മുകളിലേക്ക് ഉയർന്നുവരും... കൈയിൽ അപ്പോൾ മീനുണ്ടാകും. മത്സ്യത്തൊഴിലാളി എന്ന് സ്റ്റാൻലിയെ വിളിക്കാനാവില്ല. ജീവിക്കാൻവേണ്ടിയാണ് ഈ മീൻപിടിത്തം. മറ്റുചിലപ്പോൾ അയാൾ വാർക്കപ്പണിക്കാർക്കൊപ്പം കൂടും... മാർബിൾ പണിയെടുക്കും... ഇവിടെയൊന്നും തീരുന്നതല്ല സ്റ്റാൻലിയുടെ കഥകൾ... ക്രിക്കറ്റിൽ തുടങ്ങിയ ജീവിതം സ്റ്റാൻലി നല്ല ക്രിക്കറ്ററാണ്. കുട്ടിക്കാലത്ത് വെറുതെ ക്രിക്കറ്റ് കളിച്ചതല്ല... 14 വയസ്സ് മുതൽ 20 വയസ്സ് വരെ ക്രിക്കറ്റ് പരിശീലിച്ചയാളാണ്. കുറേക്കാലം ഒരു പ്രൊഫഷണൽ ടീമിന്റെ ഓപ്പൺ ബൗളറായിരുന്നു. ക്രിക്കറ്റിനായി തുടർച്ചയായി നടത്തിയ അധ്വാനം 'ടെന്നീസ് എൽബോ' എന്ന രോഗം പിടിപെട്ടതോടെയാണ് നിർത്തിയത്. പിന്നെ സ്റ്റാൻലി പോയത് ഫുട്ബോളിലേക്കാണ്. ഫോർട്ടുകൊച്ചിയിൽ 'റൂഫസ് അങ്കിളി'ന്റെ ശിഷ്യനായി തുടങ്ങി... നിരവധി ടീമുകളിൽ അംഗമായി... ഒടുവിൽ സെൻട്രൽ എക്സൈസ് ടീമിന്റെ സ്ട്രൈക്കറായി... ആറ്ുവർഷം സെൻട്രൽ എക്സൈസിൽ. മനസ്സിൽ മൈക്കിൾ ജാക്സൻ ഇതോടൊപ്പം നൃത്തത്തെക്കൂടി സ്റ്റാൻലി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. കുട്ടിക്കാലത്തുതന്നെ നൃത്തം അയാളുടെ മനസ്സിലുണ്ടായിരുന്നു. 'കൊച്ചിൻ ഡാൻസ്' ട്രൂപ്പിൽ അംഗമായ സ്റ്റാൻലി, മൈക്കിൾ ജാക്സനെയാണ് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. സ്റ്റാൻലിയുടെ മൈക്കിൾ ജാക്സൻ അവതരണം പ്രസിദ്ധമാണ്. കലാഭവന്റെ വേദികളിലും സ്റ്റാൻലി മൈക്കിൾ ജാക്സൻ ഡാൻസ് ചെയ്തു. ഇതുകൂടാതെ, നിരവധി സ്റ്റേജുകളിൽ നൃത്തപരിപാടി അവതരിപ്പിച്ചു. കുറേക്കാലം പല ഇടങ്ങളിൽ നിന്നായി നൃത്തം പഠിച്ചു. ചിത്രകലയും ചതുരംഗവും സ്റ്റാൻലി ചിത്രകല പഠിച്ചിട്ടില്ല... പക്ഷേ, നന്നായി വരയ്ക്കും. ശില്പനിർമാണവുമുണ്ട്. 'പ്രകൃതിയാണ് ഇതിലെല്ലാം എന്റെ ഗുരു' എന്നാണ് ഇദ്ദേഹം പറയുന്നത്. സ്റ്റാൻലി വരച്ച ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഏറെ ആകർഷകമാണ്. കുറച്ചുകാലം കളരിയിലും ഉണ്ടായിരുന്നു. കളരിയിൽ തന്റെ ആശാൻ അപ്പച്ചനാണെന്ന് സ്റ്റാൻലി പറയുന്നു. പക്ഷേ, അതുകഴിഞ്ഞ് സ്റ്റാൻലി പോയത് കരാട്ടെയിലേക്കാണ്. കരാട്ടെയിൽ 'ബ്ലാക്ക് ബെൽറ്റ്' നേടി. പിന്നെ, 'കുങ്ഫു'. അവിടെയും മിന്നുന്ന പ്രകടനം. നല്ല ചെസ് കളിക്കാരൻ കൂടിയാണ് സ്റ്റാൻലി. 'ചതുരംഗ'ത്തിൽ കുട്ടിക്കാലത്ത് നിരവധി സമ്മാനങ്ങൾ നേടി. ഇപ്പോൾ കുട്ടികളെ ചെസ് പഠിപ്പിക്കുന്നു. ഇദ്ദേഹം പരിശീലിപ്പിച്ച കുട്ടിക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ലഭിച്ചു. അക്കാലത്തുതന്നെ ഈ മനുഷ്യൻ 'ബോക്സിങ്ങി'ലുമെത്തി. ബോക്സിങ്ങിനായി നിരന്തരം അധ്വാനിച്ചു. 'നാഷണൽ ക്വിക് ബോക്സിങ് ചാമ്പ്യൻഷിപ്പി'ൽ രണ്ടുതവണ പങ്കെടുത്തു. ഒരിക്കൽ നാഷണൽ ബോക്സിങ്ങിൽ മത്സരിക്കുമ്പോൾ, സ്റ്റാൻലിയുടെ ഇടിയുടെ ആഘാതത്തിൽ ബോധംകെട്ട് വീണ എതിരാളി കിടപ്പിലായി. ചികിത്സ ദീർഘകാലം തുടർന്നത്രെ. ഇതോടെ ആ രംഗം വിടാൻ സ്റ്റാൻലി തീരുമാനിച്ചു... ബോക്സിങ് കളം വിട്ടു. ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അങ്ങനെയിരിക്കുമ്പോഴാണ് സ്റ്റാൻലി കൊച്ചി മുണ്ടംവേലിയിലെ 'അഗസ്റ്റിനോ വിച്ചിനീസ്' വിദ്യാലയത്തിലെത്തുന്നത്. ബധിര-മൂക വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണത്. സിസ്റ്റർ മേരിയാണ് സ്റ്റാൻലിയെ സ്കൂളിലെത്തിച്ചത്. കേൾവിശക്തിയില്ലാത്ത കുട്ടികളെ കായികമായി ശക്തിപ്പെടുത്തണം. ഫിസിക്കൽ ട്രെയ്നറായി സ്കൂളിൽ ചേർന്നു. ഒരു പരിശീലനവും നേടാതെയാണ് സ്റ്റാൻലി ആ കുട്ടികളെ പഠിപ്പിച്ചത്. എല്ലാ കായിക ഇനങ്ങളും കുട്ടികളെ പരിശീലിപ്പിച്ചു. അതൊരു സമർപ്പണമാണെന്നാണ് സ്റ്റാൻലി പറയുന്നത്. കുട്ടികൾക്കുവേണ്ടി എത്ര ബുദ്ധിമുട്ടാനും സ്റ്റാൻലി തയ്യാർ... അതിന് ഫലവുമുണ്ടായി. ഈ സ്കൂളിലെ കുട്ടികൾ കായികരംഗത്ത് നിരവധി നേട്ടങ്ങളുണ്ടാക്കി. എവിടെപ്പോയാലും തന്റെ കുട്ടികൾ സമ്മാനം നേടാതെ മടങ്ങില്ലെന്ന് സ്റ്റാൻലിക്ക് ഉറപ്പ്. 16 വർഷമായി കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്റ്റാൻലി. മികച്ച രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്റ്റാൻലി ഈ രംഗത്തെ മികവിന് രണ്ട് പുരസ്കാരങ്ങൾ നേടി. 'കാവാലം പുരസ്കാര'വും 'കെ.കെ. അരൂർ സ്മാരക പുരസ്കാര'വും. ഇടയ്ക്ക് സ്റ്റാൻലി 'റിയാലിറ്റി ഷോ'കളിലുമെത്തി. സ്വകാര്യ ചാനലുകളിലെ സാഹസിക പരിപാടികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. പലയിടത്തും സമ്മാനങ്ങൾ നേടി. ഒരിക്കൽ ഒരു ചാനൽ പരിപാടിയിൽ ഒന്നാംസമ്മാനം കരസ്ഥമാക്കി... അഞ്ചുലക്ഷം രൂപയായിരുന്നു സമ്മാനം... പക്ഷേ, ആ പണം കൈയിൽ കിട്ടിയില്ലെന്ന് സ്റ്റാൻലി. അതോടെ സാഹസിക പരിപാടിയും വേണ്ടെന്നുവച്ചു. ഒടുവിൽ സിനിമയിലേക്ക്... കുറച്ചുകാലമായി സ്റ്റാൻലി സിനിമയിലെ 'സ്റ്റണ്ട് മാസ്റ്റർ'മാരുടെ കൂടെയുണ്ട്. 'പ്രഭു മാസ്റ്ററി'നൊപ്പം പല സിനിമകളിലും പ്രവർത്തിച്ചു. തെലുങ്ക്, തമിഴ്, കന്നട സിനിമകളിലായിരുന്നു കൂടുതൽ സ്റ്റണ്ട് കൈകാര്യം ചെയ്തത്. പിന്നെ 'മാഫിയ ശശി'ക്കൊപ്പമായി. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. 'പരോൾ', 'സലാം കശ്മീർ', 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒടുവിൽ 'കടത്ത് നാടൻ' എന്ന സിനിമയിൽ സ്റ്റണ്ട് സ്വതന്ത്രമായി ചെയ്യുകയായിരുന്നു. 'വരദ സാമുറായ്' എന്ന കന്നട ചിത്രത്തിൽ വില്ലന്റെ റോളിൽ സ്റ്റാൻലി അഭിനയിച്ചിട്ടുണ്ട്. 'കനകദുർഗ' എന്ന കന്നട ചിത്രത്തിൽ അഭിനയിക്കുന്നു... ഈ ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായി. കായലിന്റെ ആഴങ്ങൾ തേടി... കഥ ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് ഇപ്പോഴും സ്റ്റാൻലിയെ കായലോരത്ത് കാണാം... അത് ചിലപ്പോൾ കളത്ര കായലിലാകാം... മറ്റുചിലപ്പോൾ ഇടക്കൊച്ചി കായലിലാകാം... ബൈക്ക് കായലിനരികിൽ നിർത്തിവയ്ക്കും, പാന്റ്സ് ഊരിമാറ്റും, പിന്നെ കായലിലേക്ക് ചാടും... കുറച്ചുനേരം കായലിന്റെ ആഴത്തിൽ... കൈയിൽ മീനുമായി തിരിച്ച് കരയിലേക്ക്... 'ഇത് അപ്പച്ചൻ പഠിപ്പിച്ച വിദ്യയാണ്... അധികമാർക്കും വശമില്ലാത്ത വിദ്യ. പണം ഒരാവശ്യമായി വന്നാൽ ഞാൻ കായലിന്റെ മടിത്തട്ടിലേക്ക് പോകും... അവിടെ എനിക്കുള്ളത് കരുതിവച്ചിട്ടുണ്ട്...' -സ്റ്റാൻലി പറയുന്നു. അവധി ദിവസങ്ങളിൽ ഇപ്പോഴും സ്റ്റാൻലി ടൈൽ ജോലികൾക്കും പോകും. സെൻട്രൽ എക്സൈസ് ഉൾപ്പെടെ പല സ്ഥാപനങ്ങളും സ്റ്റാൻലിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അതൊന്നും ഈ മനുഷ്യൻ സ്വീകരിച്ചില്ല. 'കേൾവിയില്ലാത്ത ആ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് എനിക്കിഷ്ടം. ജീവിക്കാനുള്ള പണം അത്ര വലിയ പ്രശ്നമല്ല... അത് പ്രകൃതിയിലുണ്ടല്ലോ. ആ കുട്ടികളെ സഹായിക്കാൻ എനിക്കുമാത്രമേ കഴിയൂ... അതാണെന്റെ നിയോഗം.' -സ്റ്റാൻലി പറഞ്ഞുനിർത്തുന്നു. sreelanvp@gmail.com

from money rss http://bit.ly/2uRo80R
via IFTTT