121

Powered By Blogger

Monday, 24 February 2020

വിപണിയിൽ കാലുറപ്പിക്കാനൊരുങ്ങി ‘റോയൽ കരിക്ക്’

കോടഞ്ചേരി: റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി 'റോയൽ കരിക്ക്' എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുൽ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും. ആറുമാസംമുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിന് ഡോക്ടർ നാടൻ ഇളനീർ നൽകാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണത്തിൽനിന്ന് ഷമീർ ഇളനീർ വാങ്ങി ബന്ധുവിന് നൽകിയപ്പോൾ വെയിൽകൊണ്ട് വാടിയ രുചി. പോരാത്തതിന് വെള്ളത്തിന്റെ അളവും കുറവായിരുന്നു. പരാതിയുമായി വീണ്ടും ആ കടയിലേക്കുപോയ ഷമീറിനോട് 'വെയിൽകൊണ്ട് വാടാത്ത ഇളനീർ നിങ്ങൾക്ക് കിട്ടില്ല' എന്നായിരുന്നു കടക്കാരന്റെ മറുപടി. നാട്ടിൽ സുലഭമായി കിട്ടുന്ന ഇളനീർ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാർക്ക് നൽകാൻ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയിൽനിന്നാണ് 'റോയൽ കരിക്ക്' ജന്മമെടുക്കുന്നത്. വിപണത്തിനു തയ്യാറായ ന്യൂജൻ റോയൽ കരിക്ക് വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ളയുമായി പങ്കുവെച്ചു. സംഗതികൊള്ളാമെന്ന് തോന്നിയപ്പോൾ, തന്റെ മൊബൈൽ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേർന്നു. നാട്ടിൽ തെങ്ങുകൾ ധാരാളം ഉണ്ടെങ്കിലും കടകളിൽ എത്തുന്നതിൽ അധികവും തമിഴ്നാട്ടിൽനിന്നുള്ള ഇളനീർ ആയിരുന്നു. കർഷകരിൽനിന്ന് നേരിട്ട് വലിയ നാടൻ ഇളനീർ ശേഖരിച്ച് കടകളിൽ എത്തിച്ചായിരുന്നു 'റോയൽ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാൻ കടക്കാർക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടം പരാജയം മണത്തു. എങ്കിലും പദ്ധതിയിൽനിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഗുണമേന്മയുള്ള നാടൻ ഇളനീർ ശീതീകരിച്ച് അതിൽ വിളവെടുപ്പ് തീയതിമുതൽ പരമാവധി ഉപയോഗദിവസംവരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീർ) ഇളനീരിനെ വിപണിയിൽ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാൽ, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതൽ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറിൽ വെക്കാനും മറ്റും കടക്കാർക്ക് ബുദ്ധിമുട്ടായി. പരാജയങ്ങൾക്കിടയിലും ആശയത്തെ കൈവിടാൻ ഇവർ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജൻ ഇളനീരിന് ഇവർ ജന്മംനൽകി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാൻ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാൻ സൗകര്യം, ഒപ്പം കടക്കാർക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയൽ കരിക്ക് വിപണിലിറക്കി. കർഷകരിൽനിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതൽ വെള്ളമുള്ളതുമായ വലിയ നാടൻ ഇളനീർ ആണ് ഇവർ ശേഖരിക്കുന്നത്. തെങ്ങിൽനിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേൽക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്ട്രോ ഇട്ട് കുടിക്കാൻവേണ്ടി പ്രത്യേകം നിർമിച്ച ചാലിൽ മരത്തിന്റെ ക്വാർക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാർക്ക് താഴേക്ക് അമർത്തിയാൽ കരിക്ക് കുടിക്കാൻ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലിൽ ഒന്നുകൂടെ അമർത്തിയാൽ മൃദുവായ ചിരട്ട അടർന്നുമാറുന്നു. ഇതോടെ ഉൾക്കാമ്പും യഥേഷ്ടം കഴിക്കാനാകും. നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയൽ കരിക്കി'ന് രൂപംനൽകിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയൽ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.

from money rss http://bit.ly/2HSj6EH
via IFTTT