121

Powered By Blogger

Sunday, 5 April 2020

ലോറീ നീയെവിടെ അഥവാ കേരളം എന്ന ട്രക്കോണമി

മുട്ടത്തുവർക്കി എഴുതി കുഞ്ചാക്കോയുടെ എക്സൽ പ്രൊഡക്ഷൻസ് നിർമിച്ച് ടി.ആർ. രഘുനാഥ് സംവിധാനം ചെയ്ത 1971-ലെ സിനിമയായിരുന്നു 'ലോറാ നീ എവിടെ'. നസീറും ഉമ്മറും കെ.പി.എ.സി. ലളിതയുമൊക്കെയായിരുന്നു അഭിനേതാക്കൾ. നായികയായ ലോറയായി അഭിനയിച്ചത് എം.ജി.ആർ. തന്റെ സഹോദരിയായി ദത്തെടുത്ത ഉഷാകുമാരി എന്ന 'വെണ്ണിറ ആടൈ' നിർമല. ബാബുരാജ് ആയിരുന്നു സംഗീത സംവിധായകൻ. എ.എം. രാജ പാടിയ 'കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്...' എന്ന ഹിറ്റ്ഗാനം ഈ സിനിമയിലെയാണ്. ലോറയെ ഇപ്പോൾ വീണ്ടുമോർത്തത് 'ലോറീ നീ എവിടെ' എന്ന് കാത്തിരിക്കുന്ന നമ്മുടെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോഴാണ്. സത്യത്തിൽ അങ്ങനെ കാത്തിരിക്കുന്നൊന്നുമില്ല. കാത്തിരിക്കുകയല്ല, ഉറങ്ങിക്കിടക്കുകയാണ് നമ്മൾ. അതെ, രാത്രി നമ്മളെല്ലാം സുഖമായി ഉറങ്ങിക്കിടക്കുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ അതിരുകളിലായി വാളയാറും കളിയിക്കാവിളയുമെല്ലാമുള്ള മൊത്തം 19 ചെക്പോസ്റ്റുകൾ കടന്ന് മറുനാടൻ ചരക്കുകളുമായി വരുന്ന ലോറികൾ കാരണമാണ് നമ്മൾ ജീവിച്ചിരിക്കുന്നത്. ഈ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പല കാരണങ്ങളാൽ ലോറിവരവുകൾ നിലച്ചപ്പോൾ അതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. ഉദാഹരണത്തിന്, കൊറോണാ ഭീതി വരും മുമ്പുള്ള മാസത്തെ ഒരു സാധാരണ ദിവസം 2,300-ലേറെ ലോറികളാണ് ഇങ്ങനെ ഒരു ദിവസം വന്നത്. എന്നാൽ, കൊറോണ ലോക്ക്ഡൗണിൽ മാർച്ച് 25-ന് ഇത് 600-ൽ താഴെയായി. ചെക്പോസ്റ്റിൽ കർണാടകയുടെ തടസ്സം, ഇതര സംസ്ഥാനങ്ങളിലെ ഫാക്ടറികളുടെ അടഞ്ഞുകിടപ്പ് തുടങ്ങി പല കാരണങ്ങളാണ് ഈ കുറവിനു കാരണമായത്. ഇതോടെ, അധികാരികൾ ഞെട്ടിയുണർന്നു. കാരണം ഈ ലോറി വരവുകൾ നിലച്ചാൽ നമ്മുടെ കഞ്ഞികുടി മാത്രമല്ല, എല്ലാം മുട്ടും. അരി, പച്ചക്കറി, പാൽ, പഞ്ചസാര, പെട്രോളും ഡീസലും, പരിപ്പുവർഗങ്ങൾ, ഭക്ഷ്യ എണ്ണ, മസാലകൾ, പഴങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗത്തിലും കൃത്യമായ ലോറി എണ്ണങ്ങളുടെ കണക്കുകൾ പുറത്തുവന്നിരുന്നു (കേരളീയർ വെട്ടിവിഴുങ്ങുന്ന ഇറച്ചി, മുട്ട, മരുന്നുകൾ, ബേക്കറിസാധനങ്ങൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാത്ത കണക്കായിരുന്നു ഇത്). 'ലോറി' ബ്രിട്ടീഷ് ഇംഗ്ലീഷ് വാക്കാണ്. അമേരിക്കൻ ഇംഗ്ലീഷിൽ ലോറിയെ 'ട്രക്ക്' എന്നാണ് വിളിക്കുന്നത്. രാത്രി നമ്മളെല്ലാം ഉറങ്ങിക്കിടക്കുമ്പോൾ വരുന്ന ഈ ട്രക്കുകളില്ലെങ്കിൽ നമ്മുടെ സമ്പദ്വ്യവസ്ഥയല്ല, നമ്മൾതന്നെ ഇല്ല (പകൽ ട്രക്കുകളെ റോഡിൽ കണ്ടാൽ നമുക്ക് കുരുപൊട്ടും, നമ്മൾ സൂപ്പർമാർക്കറ്റിലോ സിനിമയ്ക്കോ പോകുമ്പോൾ ലക്കും ലഗാനുമില്ലാതെ വന്ന് വഴിയിൽ തടസ്സമുണ്ടാക്കുന്നത് പലപ്പോഴും ട്രക്കുകളാണല്ലൊ. എന്തിന്, ഇതൊന്നും പോരാതെ എയ്ഡ്സ് പരത്തുന്നതും ട്രക്ക് ഡ്രൈവർമാരാണെന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്). ഈ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ കേരളത്തിന്റെ ഇക്കോണമിയെ 'ട്രക്കോണമി'യെന്നു വിളിക്കുകയായിരിക്കും നല്ലത്. ഈ ഉറക്കത്തിൽനിന്ന് ഉണരാറായി എന്നാണ് ഈ കൊറോണക്കാലം നമ്മളെ പഠിപ്പിക്കുന്നത്. പണം വരുന്നതിലധികവും ഗൾഫിൽനിന്ന്, തീൻപണ്ടങ്ങളുൾപ്പെടെയുള്ള എല്ലാ പണ്ടങ്ങളും വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്, അത് െവച്ചുവിളമ്പിത്തരുന്നതോ അതിഥിത്തൊഴിലാളികളും... അങ്ങനെ ഒരു മൂന്ന് മാനങ്ങളുള്ള ഒരു (3ഡി) ബോംബിന്റെ മുകളിലാണ് നമ്മുടെ ഇരിപ്പ്. കേരളം ഒരിക്കലും നമുക്ക് വേണ്ടതിന്റെ 40 ശതമാനത്തിലധികം ഭക്ഷ്യോത്പാദനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിദഗ്ദ്ധരുണ്ട്. കൂടിയ ജനസാന്ദ്രത, ഭൂമിയുടെ ദൗർലഭ്യം, കൃഷി ലാഭമല്ലാതായത്... കാരണങ്ങളും പലതുണ്ട്. അപ്പോഴും മറുവശത്തുള്ള നാണ്യവിളകളുടേയും തോട്ടവിളകളുടേയും സമ്പന്ന ചരിത്രവും കാണാതിരിക്കരുത്. സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ പലതും അവരുടെ ഭക്ഷ്യ ആവശ്യങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ആഫ്രിക്കയിൽ നെൽക്കൃഷി നടത്താൻവരെ തുനിഞ്ഞ ഗൾഫ് രാജ്യങ്ങളുമുണ്ട്. വലിയ തോതിലുള്ള ഫാമിങ്, ഒരേ വിളതന്നെ വീണ്ടും വീണ്ടും കൃഷിചെയ്ത് മണ്ണിനെ തുലയ്ക്കുന്നത്, ഒരു വിളയിൽ മാത്രം ആശ്രയിക്കുന്ന കർഷകർ അതിന്റെ വില ഇടിയുമ്പോൾ ആത്മഹത്യ ചെയ്യുന്നത്... ഇതിനെല്ലാം പകരം ചെറുകിട കൃഷിയിലേക്ക് ഓരോ കുടുംബവും തിരിയേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇന്നത്തെ പ്രതിസന്ധി വിരൽചൂണ്ടുന്നത്. ഇതിന് സമാന്തരമായി ആഹാര രീതികളിലെ മാറ്റങ്ങളും പരീക്ഷിക്കേണ്ടതാണ്. ഉദാഹരണത്തിന്, അരിയിലും ഗോതമ്പിലുമുള്ള അമിത ആശ്രയത്വം കുറച്ചുകൊണ്ടുവരണം (ആന്ധ്രയിൽനിന്നും പഞ്ചാബിൽനിന്നും വരുന്ന ട്രക്കുകളുടേയും വാഗണുകളുടേയും മേലുള്ള ആശ്രയത്വം). കിഴക്കേ മലകളിൽ വെണ്ണിലാവ് പരത്തുന്ന ക്രിസ്ത്യാനിപ്പെണ്ണുങ്ങൾ സന്ധ്യനേരത്ത് െവച്ചുവിളമ്പുന്ന ചക്കപ്പുഴുക്കിനെയും കപ്പ-കാച്ചിൽ-ചേന-ചേമ്പിനേയും പ്രധാന ആഹാരമായി കണ്ടുതുടങ്ങാനുള്ള ബുദ്ധി ഉണ്ടാകണം. ഫൈവ്സ്റ്റാർ ഹോട്ടലിലെ നാടൻ ഫുഡ് ഫെസ്റ്റിവലുകളിൽ ഇവ വിളമ്പിക്കിട്ടിയാൽ വിരൽനക്കിക്കഴിക്കുന്ന കൊതിമാത്രം മതി ഇവയുടെ സാധ്യതകൾ കണ്ടറിയാൻ. 'കർണാടകയും തമിഴ്നാടും അവരുടെ റോഡിൽ രണ്ടുകുട്ട മണ്ണിട്ടാൽ തീരുന്നതേയുള്ളു ഈ കേരളം നമ്പർ 1'... ഇങ്ങനെ ഒരു മെസ്സേജ് വാട്സ് ആപ്പിൽ വരുമ്പോൾ അത് കേരളത്തിന്റെ ശത്രുവായ ഏതോ ബീജേപ്പിക്കാരൻ അയച്ചതാണെന്നു കരുതി രോഷം കൊള്ളുന്നതിനു പകരം അതൊരു വെല്ലുവിളിയായി എടുത്ത് അടുത്ത ചുവടുവയ്ക്കുന്നതായിരിക്കും കേരളത്തിന് ഗുണം ചെയ്യുക. 'ഇന്നലെ ചെയ്തോരബദ്ധം മൂഢർക്ക് ഇന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതിൽ മൂളായ്ക സമ്മതം രാജൻ' എന്നെഴുതിയത് ലോർക്കയും റിൽക്കെയുമല്ല. 1920-കളിൽ അന്നത്തെ ഏറ്റവും മോഡേൺ വ്യവസായങ്ങളിലൊന്നായ ഓടുനിർമാണം നടത്തിയിരുന്ന കുമാരനാശാനായിരുന്നു. rampaliyath@gmail.com

from money rss https://bit.ly/2RdyZL2
via IFTTT