പ്രശസ്ത നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ തങ്ങളുടെ ആറ് സ്ഥിരം വരുമാന നിക്ഷേപങ്ങളെയും ക്രിഡിറ്റ് റിസ്ക് ഫണ്ടുകളും മരവിപ്പിക്കുന്നു. കോവിഡ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങളിലുണ്ടായ ഇടിവ് നിക്ഷേപങ്ങളുടെ ലിക്വിഡിറ്റിയെ ഗുരുതരമാംവിധം ബാധിച്ചതാണ് ഈ തീരുമാനത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപകരുടെ 30,800 കോടി രൂപയാണ് ഇതുവഴി മരവിപ്പിക്കപ്പെടുന്നത്. നിക്ഷേപ മൂല്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് ഫ്രാങ്ക്ളിന്‍ പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഒരു മാസത്തോളമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അസാധാരണം എന്നാണ് ഫ്രാങ്ക്ളിന്റെ ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ വായ്പാ വിപണി കൊറോണ പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോര്‍പ്പറേറ്റ് ബോണ്ട് ട്രേഡിങ്ങിനെ ലോക്ക്ഡൗണ്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലിക്വിഡിറ്റിയില്‍ (നിക്ഷേപം പണമാക്കി മാറ്റാനുള്ള എളുപ്പം) നാടകീയമായ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് തങ്ങളുടെ വെബ്സൈറ്റില്‍ ഫ്രാങ്ക്ളിന്‍ നല്‍കിയ വിശദീകരണക്കുറിപ്പ് പറയുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോക്ക്ഡൗണിലായിരിക്കുകയാണെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് വ്യാപനം സാമ്പത്തിക വ്യവസ്ഥയെ തകരാറിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ആസ്തികളില്‍ 2016നു ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചില ബാങ്കുകളുടെ തകര്‍ച്ചയും മറ്റും കൊണ്ടുവന്ന പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയുടെ ഡെബ്റ്റ് മാര്‍ക്കറ്റ് കരകയറി വരാതെ നില്‍ക്കുന്നതിനിടയിലാണ് കൊറോണ വ്യാപനം സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ 'ഷാഡോ ബാങ്കിങ്' വ്യവസ്ഥയിലേക്ക് പണമിറക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അധികമാരും താല്‍പര്യം കാണിക്കാത്തതു കൊണ്ട് ഈ പദ്ധതി പാളി എന്നാണറിയുന്നത്. വളരെ കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്നായിരുന്നു ഷാഡോ ബാങ്കുകള്‍ക്കുള്ള വാഗ്ദാനം. ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുകയും പണം നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം ബാങ്കുകള്‍ പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍ക്കറ്റിന് ലഭിച്ച വലിയൊരു തിരിച്ചടിയായാണ് ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റന്റെ ഫണ്ട് മരവിപ്പിക്കലിനെ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും മികച്ച നിലയില്‍ പെര്‍ഫോം ചെയ്യുന്ന ഫണ്ടുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഫ്രാങ്ക്ളിനെ നയിച്ചത് ക്ഷമത വളരെ കുറഞ്ഞ കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കാനെടുത്ത തീരുമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫണ്ടുകളുടെ പ്രകടനം മികച്ചതായെങ്കിലും റിസ്ക് വളരെ വര്‍ധിച്ചു.
ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ച്യ, ഡൈനമിക് അക്രൂവല്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് എന്നീ ഫണ്ടുകളാണ് ഫ്രാങ്ക്ളിന്‍ മരവിപ്പിച്ചിരിക്കുന്നത്.
* This article was originally published here