121

Powered By Blogger

Friday, 26 June 2020

നിർമാണഘടകങ്ങളുടെ ഇറക്കുമതി: ചൈനയെ ഒഴിവാക്കി മറ്റുരാജ്യങ്ങളുടെ സാധ്യതതേടുന്നു

മുംബൈ: ടെക്സ്റ്റൈൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകൾതേടി ഇന്ത്യ. ചൈനയ്ക്കുപകരം ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്ന് ഇവ എത്തിക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനും നടപടികളുണ്ടാകും. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) അടിയന്തരമായി ആവശ്യമുള്ള ഘടകങ്ങളുടെയും ഇവ ലഭ്യമായ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിവരികയാണ്. വിവിധ വ്യവസായസ്ഥാപനങ്ങളുമായും സംഘടനകളുമായും ഡി.പി.ഐ.ഐ.ടി. ചർച്ചനടത്തിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാൽ ഈ രാജ്യങ്ങളുമായി സംസാരിച്ച് ഇറക്കുമതിയിളവുകൾ ഉൾപ്പെടെ നൽകി ഇന്ത്യൻവിപണിയിൽ എത്തിക്കുന്നതാണ് പരിഗണനയിലുള്ളത്. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ചൈനയിൽനിന്നുള്ള ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ എല്ലാ ടെലികോം ഉത്പന്നങ്ങളും വിശദമായി പരിശോധിക്കണമെന്ന് ടെലികോംവകുപ്പ് നിർദേശിച്ചു കഴിഞ്ഞു. ചൈനയിൽനിന്നുള്ള ഗുണമേന്മയില്ലാത്തതും വിലകുറഞ്ഞതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയാനും നടപടികളെടുത്തുവരികയാണ്. ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ചൈനയെ അപേക്ഷിച്ച് വില കൂടുതലാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഉത്പാദനം കുറഞ്ഞത് ആഭ്യന്തരവിപണിയിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. ലഭ്യത കുറവായതിനാൽ ഇ-കൊമേഴ്സ് കന്പനികൾ ഉൾപ്പെടെ സ്മാർട്ട്ഫോണിനും മറ്റും നൽകിയിരുന്ന ഓഫറുകൾ ഒഴിവാക്കിത്തുടങ്ങി.

from money rss https://bit.ly/2BKZsdO
via IFTTT