121

Powered By Blogger

Wednesday, 22 July 2020

ആരോഗ്യ ഇന്‍ഷുറന്‍സ്: ചുരുങ്ങിയ ചെലവില്‍ ടോപ് അപ്‌ പ്ലാന്‍ സ്വന്തമാക്കാം

അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളോ ആശുപത്രി വാസമോ നേരിടേണ്ടിവന്നാൽ അതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചാലോചിച്ച് മനസുപുണ്ണാക്കാതെ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവസരമാണ് ആരോഗ്യ ഇൻഷുറൻസ് നൽകുന്നത്. വിവിധ കമ്പനികൾ വ്യത്യസ്ത പോളിസികൾ ഇറക്കിയിട്ടുണ്ടെങ്കിലും വളരെക്കുറച്ച് കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളു. കുറഞ്ഞത് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകുന്ന കാര്യത്തിൽ സർക്കാരും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പോർട്ട്ഫോളിയോയിലെ അവശ്യ ഉൽപന്നമായി ആരോഗ്യ ഇൻഷുറൻസ് മാറിയിരിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസി കമ്പനികൾ ശ്രദ്ധിച്ചുകൊള്ളും. ഏറ്റവും നല്ല ചികിത്സയും മനസമാധാനവും ഇതിലൂടെ ലഭിക്കുന്നു. മാറുന്ന പ്രവണതകൾ ആധുനിക സൗകര്യങ്ങളും മികച്ച ആശുപത്രികളും ലഭ്യമാണെങ്കിലും ചികിത്സാ ചെലവുകൾ വൻതോതിൽ വർധിച്ചിരിക്കുന്നു. സമഗ്രമായ പരിരക്ഷകളോടെ താങ്ങാവുന്ന പ്രീമിയം തുകയിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാവുക പലപ്പോഴും പെട്ടെന്നായിരിക്കും. അവയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതുതന്നെയാണു നല്ലത്. നിർഭാഗ്യവശാൽ രോഗംവരുമ്പോൾ പോക്കറ്റിൽ നിന്നു പണമെടുത്തു ചികിത്സക്കു ചെലവഴിക്കാൻ പലർക്കും കഴിയില്ല. ഈ ഘട്ടത്തിൽ തുണയ്ക്കെത്താൻ ആരോഗ്യ ഇൻഷുറൻസിനു സാധിക്കും. പരിരക്ഷ കുറയാൻ കാരണം ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടോ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം കൊണ്ടോ പലരും പരിരക്ഷയെക്കുറിച്ച് ആലോചിക്കാറില്ല. യഥാർത്ഥഗുണം മനസിലാക്കാതെയാണ് നികുതിയിളവുകൾക്കുവേണ്ടി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. കോവിഡ് 19 ന്റെ കാര്യമെടുക്കുക. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസില്ലാതെ ജീവിക്കാനാവില്ലെന്ന സാഹചര്യംവന്നിരിക്കുന്നു. നഷ്ടപരിഹാരം, വ്യക്തിക്കുണ്ടാകുന്ന അപകടം, ഗുരുതരരോഗം എന്നിവയ്ക്കായുള്ള ചികിത്സാ ചെലവുകൾ ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽവരുന്നു. സാധാരണ പരിരക്ഷ മാത്രമുള്ള ഇൻഷുറൻസിന് ഇവയിൽനിന്നെല്ലാം സംരക്ഷണം സാധ്യമാണോ? ഇൻഷുർ ചെയ്ത തുകയേക്കാൾ കൂടുതൽ ചികിത്സാ ചെലവു വന്നുകൂടെ ? അപ്പോൾ നാം എന്തു ചെയ്യും? ആരോഗ്യ ഇൻഷുറൻസിലെ കൂട്ടിച്ചേർക്കലുകളെക്കുറിച്ചാണ് (ടോപ് അപ്) ഇവിടെ ചർച്ച ചെയ്യുന്നത്. കുടുംബത്തിനു മൊത്തം പരിരക്ഷ നൽകുന്ന മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസെടുത്ത ഒരാളുടെ കാര്യം ഉദാഹരണമായി പരിശോധിക്കാം. ഇയാളെ ആശ്രയിച്ച് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തിൽ ഇൻഷുർ ചെയ്ത തുക പൂർണമായോ ഏതാണ്ട് കൂടുതൽ ഭാഗമോ ചികിത്സക്കു ചെലവായി. ബാക്കി വരുന്ന ചെലവുകൾക്ക് എന്തു ചെയ്യും ? ഒന്നുകിൽ കൈയിലുള്ള നീക്കിയിരിപ്പിൽ നിന്നെടുത്തു ചെലവാക്കണം. വരാനിരിക്കുന്ന മറ്റു ചിലവുകളെ ഇതു ബാധിക്കും. സൂപ്പർ ടോപ് അപ് സാധ്യമായ ഇൻഷുറൻസ് പോളിസികളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളിലാണ് ബോധ്യപ്പെടുക. സൂപ്പർ ടോപ് അപ് പദ്ധതികൾ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ തീരുന്നമുറയ്ക്ക് ഉയർന്ന മറ്റൊരു തുകയുടെ പരിരക്ഷയിലേക്കു മാറുന്നതാണ് സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി. നിലവിലുള്ള പോളിസിക്കുപരിയായി കവറേജ് നൽകുന്ന പദ്ധതിയാണിത്. ചികിത്സയിലായിരിക്കെ ആരോഗ്യ ഇൻഷുറൻസ് പരിധി അവസാനിച്ചാൽ ടോപ് അപ് പ്ളാൻ ഫലത്തിൽ വരും. സ്വതന്ത്ര മെഡിക്ളെയിം പോളിസിയുമായോ കോർപറേറ്റ് ആരോഗ്യ പോളിസിയുമായോ ചേർക്കുന്നതിന് ഇത്തരമൊരു സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി ഉപകരിക്കും. നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഇല്ലെന്നിരിക്കട്ടെ, ആശുപത്രി ചെലവിന്റെ ആദ്യ ലക്ഷങ്ങൾ ചെലവഴിക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിലും വർധിക്കുന്ന ചെലവു കണക്കിലെടുത്ത് സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങാവുന്നതാണ്. എങ്ങനെ പ്രവർത്തിക്കുന്നു? സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങുമ്പോൾ നിങ്ങൾ ആദ്യപോളിസിയുടെ പരമാവധി പരിധി നിർണയിക്കണം. ഇതിനപ്പുറത്തേക്ക് ആശുപത്രി ചെലവുകൾ കടക്കുമ്പോഴാണ് സൂപ്പർ ടോപ് അപ് പദ്ധതി നിലവിൽ വരിക. സ്വന്തം സമ്പാദ്യത്തിൽ സ്പർശിക്കാതെ ചികിത്സ പൂർത്തിയാക്കാൻ ഇതിലൂടെ കഴിയും. സാധാരണ പോളിസിയേക്കാൾ കുറഞ്ഞ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സൂപ്പർ ടോപ് അപ് പദ്ധതിയുടെ ചെലവും കുറവാണ്. അതിനാൽ ആരോഗ്യ പരിരക്ഷാ പരിധി ഉയർത്തുന്നതിനുള്ള ചെലവു കുറഞ്ഞ പദ്ധതിയാണ് സൂപ്പർ ടോപ് അപ്. മൂന്നു ലക്ഷം രൂപയുടെ തിരിച്ചുപിടിക്കാവുന്ന പരിധിയും 10 ലക്ഷത്തിന്റെ പരിരക്ഷയുമുള്ള ടോപ് അപ് പദ്ധതിയുടെ കാര്യമെടുക്കാം. ആശുപത്രിയിൽകഴിയുന്ന ഒരാളുടെ പരിരക്ഷാപരധി 3 ലക്ഷമാണെന്നു വെയ്ക്കുക. രോഗത്തിന്റെ ഗൗരവം കാരണം ചെലവു മൂന്നു ലക്ഷത്തിൽ നിന്നുയർന്ന് 5 ലക്ഷത്തോളമെത്തി എന്നുംകരുതുക. ബാക്കി വരുന്ന 2 ലക്ഷം സ്വന്തം സമ്പാദ്യത്തിൽ നിന്നോ മറ്റെന്തെങ്കിലും വഴിയിലൂടെയോ കണ്ടെത്തേണ്ടിവരും. ഇനി നിലവിലുള്ള കവറേജിന്റെ ഒരുഭാഗം അതായത് 1.5 ലക്ഷം രൂപ നേരത്തേ ചെലവായിപ്പോയെങ്കിൽ, ചികിത്സയ്ക്ക് ചെലവിടാൻ 1.5 ലക്ഷം മാത്രമേ കാണൂ. ടോപ് അപ് പരിരക്ഷയുണ്ടെങ്കിൽ പിന്നീടുള്ള ചെലവിന് ബുദ്ധിമുട്ടേണ്ടിവരില്ല. 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള ടോപ് അപ് പദ്ധതിയുടെ തിരിച്ചുപിടിക്കാവുന്ന പരിധി 3 ലക്ഷം ആണെങ്കിൽ , ആശുപത്രി ബില്ലിന്റെ ആദ്യ 3 ലക്ഷം ആദ്യ പോളിസിയിൽനിന്നും 3 ലക്ഷത്തിനു വെളിയിലുള്ള തുക ടോപ് അപ് പദ്ധതിയിൽ നിന്നുമാണ് നൽകുക. ഇവിടെ 2 ലക്ഷം രൂപയുടെ അഡീഷണൽ തുകയാണ് ടോപ് അപിൽ നിന്നുലഭിക്കുക. ടോപ് അപ് മാത്രമായി പോളിസി എടുക്കാൻ കഴിയുമെങ്കിലും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിനൊപ്പം ടോപ് അപ് ചെയ്യുന്നതാണ് നല്ലത്. അടിസ്ഥാന ഇൻഷുറൻസ് തൊഴിലുടമയുടേതോ സ്വന്തമോആകാം. നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതി ടോപ് അപ്പിലൂടെ അപ്ഗ്രേഡ് ചെയ്യുന്നത് സാമ്പത്തികമായി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/32L49Qp
via IFTTT