121

Powered By Blogger

Wednesday, 29 July 2020

പ്രതിസന്ധി മറികടക്കാന്‍ വീടിനോടുചേര്‍ന്നുള്ള ചെറിയ സംരംഭങ്ങള്‍ കൂടുന്നു

കൊച്ചി: കോവിഡ് ലോക്ഡൗൺ കേരളത്തിൽ പലരെയും സംരംഭകത്വത്തിലേക്ക് നയിച്ചു. സ്വന്തം ജോലി തന്നെ ഭീഷണിയായപ്പോൾ മറ്റൊരു വരുമാന മാർഗം കണ്ടെത്താൻ വായ്പയെടുത്തും മറ്റും നിരവധി പേരാണ് കേരളത്തിൽ വീടിനോടു ചേർന്ന് നാനോ സംരംഭങ്ങൾ ആരംഭിച്ചത്. ലോക്ഡൗൺ കാലയളവിൽ മാത്രം നാനോ സംരംഭങ്ങളിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇനിയും നാനോ സംരംഭങ്ങൾ കൂടുമെന്നാണ് വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ. 'മുതൽമുടക്ക് അഞ്ച് ലക്ഷം രൂപയിൽ താഴെ മതി' എന്നതാണ് പലരെയും നാനോ സംരംഭങ്ങളിലേക്ക് ആകർഷിച്ചത്. പാർട്ട് ടൈം ബിസിനസായും സംരംഭങ്ങൾ തുടങ്ങിയവരുണ്ട്. കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾ, ഗാർമെന്റ്സ്, ഭക്ഷ്യ സംസ്കരണം, മൃഗ പരിപാലനം, ചെടികളുടെ നഴ്സറി, ഫാമുകൾ തുടങ്ങിയ മേഖലകളിൽ നാനോ സംരംഭങ്ങൾ ആരംഭിക്കാം. സഹായങ്ങൾ ഏറെ വ്യവസായ വകുപ്പ് നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം നാനോ ഗാർഹിക സംരംഭകർക്കുള്ള പലിശ സബ്സിഡി വ്യവസായ വകുപ്പ് നൽകും. ഇനി സംരംഭം തുടങ്ങാൻ പോകുന്നവർക്കോ സംരംഭം ആരംഭിച്ചവർക്കോ ഇത്തരത്തിൽ ധനസഹായം ലഭിക്കും. അഞ്ച് ലക്ഷം രൂപയിൽ താഴെ സ്ഥിരം മൂലധനം നിക്ഷേപമുള്ളതും അഞ്ച് എച്ച്.പി.യിൽ താഴെ മാത്രം വൈദ്യുതി ആവശ്യമുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം വൈറ്റ്/ ഗ്രീൻ വിഭാഗത്തിൽപ്പെട്ട വീട്ടിലുള്ളതോ വീടിനോടു ചേർന്നതോ ആയ സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് ആനുകൂല്യം നൽകുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ടേം വായ്പ എടുത്ത സംരംഭകർക്ക് വാർഷിക പലിശയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ സബ്സിഡിയായി തിരികെ നൽകുന്നു. വനിതകൾ/പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഇത് എട്ട് ശതമാനം വരെ ലഭിക്കുന്നു. മൂന്ന് വർഷത്തേക്കാണ് ഇപ്രകാരം റീ-ഇമ്പേഴ്സ് ചെയ്ത് നൽകുന്നത്. ജില്ല വ്യവസായ കേന്ദ്രം വഴിയോ ബ്ലോക്ക് തലത്തിലുള്ള വ്യവസായ ഓഫീസർ വഴിയോ ആണ് ധനസഹായത്തിനുള്ള അപേക്ഷ നൽകേണ്ടത്. പരമാവധി രണ്ട് മാസത്തിനുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലേക്ക് പണം ലഭിക്കും. 2017-18 മുതൽ ഇതുവരെയായി 425 യൂണിറ്റുകൾക്കാണ് വ്യവസായ വകുപ്പ് വഴി സഹായം ലഭിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയാണ് സാമ്പത്തിക സഹായത്തിനായി നീക്കിവെച്ചിട്ടുള്ളത്. വ്യവസായ വകുപ്പിനെ കൂടാതെ കുടുംബശ്രീ വഴിയും നാനോ സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുന്നുണ്ട്.

from money rss https://bit.ly/3jQy3J7
via IFTTT