121

Powered By Blogger

Wednesday, 2 September 2020

ഭൂമി വിൽക്കാനുണ്ട്; വാങ്ങാൻ ആളില്ല

കൊയിലാണ്ടി: ഭൂമി ക്രയവിക്രയം കുത്തനെ കുറഞ്ഞത് സർക്കാരിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾക്കും തിരിച്ചടിയായി. വസ്തുവിൽപ്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ തീരാധാരം രജിസ്റ്റർ ചെയ്യുന്നത് വളരെ കുറഞ്ഞുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം, ഒസ്യത്ത്, മുക്ത്യാർ എന്നിവ മാത്രമായി ഭൂമികൈമാറ്റം ചുരുങ്ങി. 2019-20 സാമ്പത്തിക വർഷത്തിൽ 71,193 ആധാരങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഈ സാമ്പത്തികവർഷം ഇതുവരെ 10,309 രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. കോവിഡ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തെറിഞ്ഞതോടെ ഭൂമിവിൽപ്പനയും വാങ്ങലും നിലച്ചുവെന്നുതന്നെ പറയാം. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പണമൊഴുക്ക് കുറഞ്ഞതോടെയാണ് ഭൂമി ഇടപാടുകൾക്ക് പ്രതിസന്ധിയായത്. പ്രവാസികൾ അവരുടെ നിക്ഷേപം ഏറെയും വിനിയോഗിച്ചത് ഭൂമി വാങ്ങിക്കൂട്ടാനും സ്വർണം വാങ്ങാനുമായിരുന്നു. ആധാരം രജിസ്ട്രേഷൻ കുറയുന്നതോടെ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ലഭിക്കുന്ന കോടികളുടെ വരുമാനം നഷ്ടമാവുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 3100 കോടി രൂപയോളം രജിസ്ട്രേഷനിലൂടെ സംസ്ഥാന സർക്കാരിന് വരുമാനമുണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ രജിസ്ട്രേഷൻ കുറഞ്ഞതോടെ കഴിഞ്ഞ വർഷം ലഭിച്ചതിന്റെ കാൽ ഭാഗംപോലും വരുമാനം ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ജില്ലയിലെ മിക്കവാറും രജിസ്ട്രാർ ഓഫീസുകളിൽ ദിവസം 20 മുതൽ 30 വരെ ആധാ രം രജിസ്ട്രേഷൻ മുൻകാലങ്ങളിൽ നടന്നിരുന്നു. ഇപ്പോഴത് നാലോ അഞ്ചോ ആയി കുറഞ്ഞു. ദാനാധാരവും ഭാഗാധാരവും മാത്രമാണ് ഇപ്പോൾ മിക്ക രജിസ്ട്രാർ ഓഫീസുകളിലും നടക്കുന്നത്. പ്രതിഫലം വാങ്ങി സ്വത്ത് വിൽക്കുന്ന തീരാധാര രജിസ്ട്രേഷൻ ഏതാണ്ട് നിലച്ചുവെന്നുതന്നെ പറയാം. തീരാധാരം രജിസ്ട്രേഷൻ നടന്നാൽ മാത്രമേ സർക്കാരിന് സ്റ്റാമ്പ് ഇനത്തിൽ വരുമാനം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/3i7Cj5X
via IFTTT