121

Powered By Blogger

Sunday, 4 October 2020

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണോ ?

കേരളത്തിൽ ഈയിടെ ഉണ്ടായ ചില സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ, റിസർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ സൂപ്പർവിഷൻ വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സെപ്റ്റംബറിൽ രണ്ടു തവണ പൊതുവിജ്ഞാപനങ്ങൾ ഇറക്കുകയുണ്ടായി. അതുപ്രകാരം തിരുവനന്തപുരം ആർ.ബി.ഐ.യിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻ.ബി.എഫ്.സി.) മാത്രമേ ചില വ്യവസ്ഥകൾക്ക് വിധേയമായി 'പബ്ലിക് ഡെപ്പോസിറ്റ്' (പൊതുജനങ്ങളിൽനിന്നുള്ള നിക്ഷേപം) സ്വീകരിക്കാനുള്ള അനുവാദമുള്ളൂ. ബാക്കിയുള്ള 140 കമ്പനികൾക്ക് പബ്ലിക് ഡെപ്പോസിറ്റ് സ്വീകരിക്കാനുള്ള അനുവാദം ഇല്ലായെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണെന്നു തോന്നുന്നു സമൂഹ മാധ്യമങ്ങളിൽ ചില പ്രമുഖ എൻ.ബി.എഫ്.സി.കളുടെ പേരുകൾ പരാമർശിച്ചുകൊണ്ട് അവ പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ലായെന്ന് റിസർവ് ബാങ്ക് പറഞ്ഞതായ രീതിയിലുള്ള പ്രചാരണം കാണാൻ ഇടയായി. ഇത്തരം പ്രചാരണങ്ങൾ നിക്ഷേപം എന്ന വാക്കിന്റെ അർത്ഥം കേവലം 'പബ്ലിക് ഡെപ്പോസിറ്റ്' അല്ലെങ്കിൽ 'ഡെപ്പോസിറ്റ്' എന്നു മാത്രമാണെന്ന് കരുതുന്നതുകൊണ്ടാണെന്ന് തോന്നുന്നു. റിസർവ് ബാങ്കിന്റെ മേൽപ്പറഞ്ഞ 140 കമ്പനികൾക്കും 'പബ്ലിക് ഡെപ്പോസിറ്റ്' സ്വീകരിക്കാൻ മാത്രമേ വിലക്കുള്ളൂ. എന്നാൽ അവയ്ക്ക് പൊതുജനങ്ങളിൽനിന്ന് മറ്റുതരത്തിലുള്ള അനുവദനീയ നിക്ഷേപങ്ങൾ (Investments) സ്വീകരിക്കാവുന്നതാണ്. റിസർവ് ബാങ്കിൽനിന്ന് ലൈസൻസ് (സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ) കിട്ടിയിട്ടുള്ള എൻ.ബി.എഫ്.സി.കൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവർത്തിക്കേണ്ടതാണ്. അവയുടെ നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ കാര്യങ്ങൾ റിസർവ് ബാങ്കിൽ നിക്ഷിപ്തമാണ്. 'ഡെപ്പോസിറ്റ്' എന്ന വാക്കും മേൽപ്പറഞ്ഞ നിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളതാണ്. അതുപ്രകാരം പൊതുജനങ്ങളിൽനിന്ന് ഡെപ്പോസിറ്റ് എന്ന നിക്ഷേപം റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും ഉപാധികൾക്കും വിധേയമായി അതിനായി പ്രത്യേകം അനുമതി നൽകിയിട്ടുള്ള എൻ.ബി.എഫ്.സി.കൾക്ക് മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. എൻ.സി.ഡി. നിയമപരം നിലവിലുള്ള ആർ.ബി.ഐ. നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി ഡെപ്പോസിറ്റ് സ്വീകരിക്കുന്നവയും അല്ലാത്തവയുമായ എൻ.ബി.എഫ്.സി.കൾക്ക് ചില പ്രത്യേക തരത്തിലുള്ള നിക്ഷേപങ്ങൾ (investments) പൊതുജനങ്ങളിൽനിന്നു സ്വീകരിക്കാവുന്നതാണ്. അവയെ സംബന്ധിച്ച് പൊതുവായ ചില കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. എന്നാൽ, നിക്ഷേപങ്ങൾ നടത്തുന്ന വ്യക്തികൾ ഓരോ രീതിയും പ്രത്യേകം പഠിച്ച് വിലയിരുത്തി വേണം അത് ചെയ്യാൻ. ഇത്തരം നിക്ഷേപങ്ങളിൽ മുഖ്യമായത് നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്സ് (എൻ.സി.ഡി.) ആണ്. ഇവ ഓഹരി ആക്കി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങളാണ്. ഒരു നിശ്ചിത കാലാവധിക്ക് നിശ്ചിത പലിശനിരക്കിൽ സ്വീകരിക്കുന്ന നിശ്ചിത തുകയ്ക്കാണ് ഇത്തരം കടപ്പത്രങ്ങൾ പുറപ്പെടുവിക്കുന്നത്. നിക്ഷേപകന്റെ പേരിൽ ആയിരിക്കും അവ നൽകുന്നത്. ഇവ രണ്ടു രീതിയിലാണ് പുറപ്പെടുവിക്കുന്നത്. (i) പബ്ലിക് ഇഷ്യു വലിയ എൻ.ബി.എഫ്.സി.കൾ പൊതുവെ നിക്ഷേപങ്ങൾ സമാഹരിക്കുന്നത് ഇത്തരം കടപ്പത്രങ്ങളിൽ കൂടിയാണ്. വലിയ നോൺ ബാങ്കിങ് കമ്പനികൾ വളരെ സ്വീകാര്യമായ രീതിയിൽ അവരുടെ നിക്ഷേപകരെ ഉദ്ദേശിച്ച് ഓരോ കടപ്പത്ര ശ്രേണിയും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തുകൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിൽ വിപുലമായ തോതിൽ നടത്തുന്ന കടപ്പത്ര വിതരണമാണ് പബ്ലിക് ഇഷ്യു എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ കുറെക്കൂടി സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. പൊതുവെ ബാങ്കുകളുടെ പലിശ നിരക്കിലും കൂടുതലായിരിക്കും ഇവയുടെ പലിശ നിരക്ക്. എൻ.ബി.എഫ്.സി.കൾ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനെക്കാൾ കർശനമായ നടപടിക്രമങ്ങൾ കടപ്പത്രം ഇറക്കുമ്പോൾ പാലിക്കേണ്ടതുണ്ട്. കമ്പനികൾ ആവശ്യമായ കരുതൽ ധനശേഖരം, ക്രെഡിറ്റ് റേറ്റിങ് എന്നിവ ഉറപ്പാക്കേണ്ടതും സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) കർശനമായ നിബന്ധനകൾ പാലിക്കേണ്ടതുമാണ്. ഡെപ്പോസിറ്റ് സ്വീകരിക്കുന്ന രീതിയെക്കാൾ വളരെ കർശനവും സുതാര്യവുമായ രീതികളാണ് ഇത്തരത്തിലുള്ള കടപ്പത്ര വിതരണ രീതി അവലംബിക്കുന്നത്. നിലവിലെ നിർദേശങ്ങൾ അനുസരിച്ച് ഇത്തരം കടപ്പത്രം ഇറക്കുന്നതിനു മുമ്പ് കടത്തിന് ബലമായി കമ്പനിയുടെ സ്വത്തുക്കൾ മാറ്റിവയ്ക്കേണ്ടതും (Asset backing) അത്യാവശ്യമാണ്. ഇതിനു പുറമേ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി കമ്പനി പങ്കുവയ്ക്കേണ്ടതും സെബിക്ക് കാലാകാലങ്ങളിൽ ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ നൽകേണ്ടതുമാണ്. നിക്ഷേപകർക്ക് അവരുടെ നിക്ഷേപം സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സെബി, സ്റ്റോക് എക്സ്ചേഞ്ച്, ആർ.ബി.ഐ. തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്കു മുമ്പിൽ സമർപ്പിക്കാനുള്ള അവകാശവും ഉണ്ടായിരിക്കും. ഇങ്ങനെ നോക്കുമ്പോൾ ഈ രീതിയിലുള്ള കടപ്പത്ര വിതരണം സുരക്ഷിതത്വം, സുതാര്യത, വിവരശേഖരണ ലഭ്യത, നിയമം ഉറപ്പാക്കൽ എന്നീ നിലകളിലും മികച്ചതായി തീരുന്നു. അവ ആദായപൂർണവും ആയിരിക്കും. (ii) പ്രൈവറ്റ് പ്ലെയ്സ്മെന്റ് സ്വകാര്യ പ്ലെയ്സ്മെന്റ് എന്നറിയപ്പെടുന്ന കടപ്പത്ര വിതരണ രീതിയാണ് അടുത്തത്. ഇതിനെ പ്രൈവറ്റ് പ്ലെയ്സ്മെന്റ് ഓഫ് എൻ.സി.ഡി. എന്നു പറയുന്നു. എല്ലാ എൻ.ബി.എഫ്.സി.കൾക്കും ബോർഡ് അംഗീകരിച്ച സമയത്തിനു വിധേയമായി ഇത്തരം കടപ്പത്രം വിതരണം ചെയ്ത് നിക്ഷേപങ്ങൾ സമാഹരിക്കാവുന്നതാണ്. നിലവിലെ റിസർവ് ബാങ്ക് ചട്ടപ്രകാരം ഇത്തരത്തിലുള്ള കടപ്പത്രത്തിന്റെ ചുരുങ്ങിയ മുഖവില 20,000 രൂപ ആയിരിക്കും. അവയുടെ കാലാവധി ഒരു വർഷത്തിൽ കൂടുതലായിരിക്കും. കടപ്പത്രങ്ങൾ മൂലം സമാഹരിക്കുന്ന പണം കമ്പനികൾ അവയുടെ മാത്രം ആവശ്യങ്ങൾക്കേ ഉപയോഗിക്കാൻ പാടുള്ളൂ. സ്വന്തം കടപ്പത്രങ്ങളുടെ ഉറപ്പിൻമേൽ കമ്പനികൾ കടം കൊടുക്കാനും പാടില്ല. എല്ലാ കടപ്പത്ര വിതരണവും നിക്ഷേപ സമാഹരണവും കമ്പനിയുടെ ബോർഡ് അംഗീകരിച്ച നയങ്ങൾക്ക് അനുസൃതമായിരിക്കണം. മറ്റ് മാർഗങ്ങൾ കടപ്പത്രങ്ങൾക്കു പുറമേ സബോർഡിനേറ്റഡ് ഡെബ്റ്റ്, പെർപ്പച്വൽ ഡെബ്റ്റ് ഇൻസ്ട്രുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപ സമാഹരണവും എൻ.ബി.എഫ്.സി.കൾക്ക്, റിസർവ് ബാങ്ക് നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി നടത്താവുന്നതാണ്. ചുരുക്കത്തിൽ ഡെപ്പോസിറ്റ് എന്ന നിക്ഷേപം അതിനു മാത്രമായി പ്രത്യേകം അനുമതി ലഭിച്ചിട്ടുള്ള എൻ.ബി.എഫ്.സി.കൾക്ക് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ, അവ ഒഴികെ മറ്റ് ചില നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരു വിധം എല്ലാ എൻ.ബി.എഫ്.സി.കൾക്കും സാധിക്കും. നിധി കമ്പനികൾ ഈയിടെയായി നിക്ഷേപ മാർക്കറ്റിൽ നിധി കമ്പനികളുടെ സാന്നിധ്യം കാണാം. നിധി കമ്പനികൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളവയല്ല. നേരെമറിച്ച് അവ കമ്പനീസ് ആക്ട് പ്രകാരം നിയന്ത്രിക്കപ്പെടുന്നവയാണ്. ഇവയ്ക്ക് അവയുടെ അംഗങ്ങളിൽനിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. അത് ചില നിയന്ത്രണങ്ങൾക്ക് വിധേയവുമാണ്. അവയുടെ സുരക്ഷിതത്വത്തെപ്പറ്റി നിക്ഷേപകർ വേണ്ട തരത്തിൽ വിലയിരുത്തേണ്ടതാണ്. അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങൾക്ക് കടം കൊടുക്കുകയും ചെയ്യുന്നതാണ് ഇവയുടെ പ്രവർത്തന രീതി. അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുകയും ധനാവശ്യമുള്ള അംഗങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതും ഇവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽപ്പെടും. നിയമപ്രകാരമുള്ള മുന്നറിയിപ്പ്:ഈ ലേഖനത്തിൽ എൻ.ബി.എഫ്.സി.കൾക്ക് സ്വീകരിക്കാവുന്ന നിക്ഷേപ സാധ്യതകളെ പൊതുവായി മാത്രം പരാമർശിച്ചിട്ടുള്ളതാണ്. ഓരോരുത്തരും നിക്ഷേപത്തെക്കുറിച്ച് വിശദമായി പഠിക്കുകയും അതിന്റെ പോരായ്മകൾ പ്രത്യേകം മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രം ഉചിതമായ തീരുമാനം എടുക്കുക.

from money rss https://bit.ly/3d1r252
via IFTTT