121

Powered By Blogger

Tuesday, 23 February 2021

പാഠം 113| റിസ്‌കില്ലാതെ എങ്ങനെ 15ശതമാനം ആദായംനേടാം?

നിക്ഷേപ ലോകത്ത് നിശബ്ദ വിപ്ലവത്തിന്റെകാലമാണിത്. നാലുചെറുപ്പക്കാർകൂടിയാൽ ഓഹരി വിപണിയെയും മ്യൂച്വൽ ഫണ്ടുകളെയുംകുറിച്ചാണ് വർത്തമാനം. റോബർട്ട് കിയോസാക്കി 23 വർഷംമുമ്പ് രചിച്ച(അല്പം കാലഹരണപ്പെട്ടതാണെങ്കിലും) റിച്ച് ഡാഡ് പുവർ ഡാഡ് പോലുള്ള പുസ്തകങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നു. ലക്ഷങ്ങൾ നേട്ടമുണ്ടാക്കിയ കഥകൾകേട്ടാണ് പുതുതലമുറ നിക്ഷേപകർകൂട്ടത്തോടെയെത്തുന്നത്. ഒരളവുവരെ സോഷ്യൽമീഡിയയും നിക്ഷേപ ഫോറങ്ങളും പുതുനിക്ഷേപ ലോകത്തേയ്ക്ക് കയറിക്കൂടാൻ പലരെയും പ്രേരിപ്പിക്കുന്നുമുണ്ട്. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവരിൽ പലരും അതൊക്കെകണ്ട് വിപണിലേയ്ക്ക് എടുത്തുചാടുന്നുണ്ട്. ബെംഗളുരുവിൽനിന്ന് ലക്ഷ്മി വാസുദേവിന്റെ ഇ-മെയിൽ ലഭിച്ചത് ഈയിടെയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കണം. റിസ്ക് എടുക്കാൻ താൽപര്യമില്ല. എങ്ങനെ മികച്ച ആദായമുണ്ടാക്കാം? സമ്പാദിച്ച എല്ലാതുകയും ലക്ഷ്മി നിക്ഷേപിച്ചിരിക്കുന്നത് ബാങ്ക് എഫ്ഡിയിലാണ്. ഓരോതവണ നിക്ഷേപം പുതുക്കാൻ ബാങ്കിലെത്തുമ്പോഴാണ് പലിശനിരക്കിലെ ഇടിവ് എപ്രകാരമാണ് ആദായത്തെ ബാധിക്കുന്നതെന്ന് മനസിലാകുന്നത്. ഇപ്പോഴിതാ ആറുശതമാനത്തിന് താഴെയെത്തിയിരിക്കുന്നു. ഇനിയും ഈ പലിശയുംവെച്ച് മുന്നോട്ടുപോകാനാവില്ലെന്ന തീരുമാനത്തിലാണ് കൂടുതൽ ആദായംനൽകുന്ന മറ്റുപദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ലക്ഷ്മിയെ പ്രേരിപ്പിച്ചത്. റിസ്ക് എടുക്കാൻ താൽപര്യമില്ല, മികച്ച ആദായംവേണം, നിക്ഷേപതുക നഷ്ടപ്പെടാതിരുന്നാലുംമതി-എന്നൊക്കെയാണ് പലരുടെയും നിലപാട്. അവർക്കായി എല്ലാ കാലാവസ്ഥയിലും നിക്ഷേപിക്കാവുന്ന പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. ദീർഘകാല നിക്ഷേപലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രതിമാസം നിക്ഷേപിക്കാവുന്ന രീതിയിലുള്ള പോർട്ട്ഫോളിയോയാണ് നിർദേശിക്കുന്നത്. വ്യത്യസ്ത നിക്ഷേപ ആസ്തികൾ പരമ്പരാഗത നിക്ഷേപമാർഗങ്ങളാണ് വസ്തുവും സ്വർണവും ബാങ്ക് നിക്ഷേപവും. എല്ലാമുട്ടയും ഒരുകുട്ടയിലിടരുതെന്ന തത്വം അടിസ്ഥാനമാക്കി ഇവയ്ക്ക് ബദലായി ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാം. ഓഹരി വിപണി ഇടിഞ്ഞാലും സ്വർണത്തിന്റെ വില താഴെപ്പോയാലും നിക്ഷേപത്തിൽ മിനിമം ആദായം ഉറപ്പുരവരുത്തുകയെന്നലക്ഷ്യമാണ് ഇതിനുപിന്നിൽ. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംനൽകാൻ കഴിവില്ലെന്ന് ബോധ്യമായതാണ്. ദീർഘകാലത്തേയ്ക്ക് മികച്ച ആദായംനൽകാൻ ഓഹരിയിലെ നിക്ഷേപത്തിനുമാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ പോർട്ട്ഫോളിയോയിലെ നിശ്ചിതശതമാനം ഓഹരിയിലെ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ (ഹെഡ്ജിങ് ഇഫക്ടിനായി)സംരക്ഷിക്കേണ്ട ചുമതലയിൽ ഒരുഭാഗം സ്വർണത്തിനെ ഏൽപ്പിക്കാം. അതിനായി പോർട്ട്ഫോളിയോയിൽ സ്വർണ നിക്ഷേപവും ഉൾപ്പെടുത്താം. ഇനി ചേർക്കേണ്ട ആസ്തിയാണ് ഡെറ്റ്. ബാങ്ക് നിക്ഷേപത്തിന് ബദലായുള്ള നിക്ഷേപ പദ്ധതിയാണ് കടപ്പത്രങ്ങൾ. നിക്ഷേപതുകയിൽ നിശ്ചിതശതമാനം വളർച്ച എക്കാലവും ഉറപ്പുവരുത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. ഏഴുശതമാനം മുതൽ 11 ശതമാനംവരെ വാർഷികാദായം ഡെറ്റ് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. നിക്ഷേപം ക്രമീകരിക്കാം നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോർട്ട്ഫോളിയോയിൽ (വ്യത്യസ്ത ആസ്തികളിൽ) എത്രശതമാനം നിക്ഷേപമാകാമെന്ന് ഇനിതീരുമാനിക്കാം. ഓഹരി വിപണി തരക്കേടില്ലാത്ത മുന്നേറ്റത്തിന്റെ പാതയിലാണ്. സമീപഭാവിയിൽ ചെറിയരീതിയുള്ള തിരുത്തലുണ്ടാകാമെന്നുമാത്രമെ പ്രതീക്ഷിക്കാൻ കഴിയൂ. അതിനാൽ പ്രതിമാസ മൊത്തംനിക്ഷേപത്തിൽ 45ശതമാനംതുക ഓഹരിയിലേയ്ക്ക് മാറ്റിവെയ്ക്കാം. സ്ഥിരവളർച്ചക്കായി ഡെറ്റിൽ 30ശതമാനംതുകയും ഹെഡ്ജിങ് ഇഫക്ടിനായി 25ശതമാനംതുക സ്വർണത്തിലും നിക്ഷേപിക്കാം. Investment Portfolio Instruments Asset Class Investment(%) SBI ETF Nifty 50 Equity 20% Motilal Oswal NASDAQ 100 ETF Equity 25% Nippon India ETF Gold BeES Gold 25% ICICI Prudential Short Term Fund - Direct Plan Debt 30% ഭാവിയിൽ സ്വീകരിക്കേണ്ടരീതി മൂന്നുമാസത്തിലൊരിക്കലോ വിപണിയിലെ കാലാവസ്ഥയ്ക്കനുസരിച്ചോ ഈരീതിയിൽമാറ്റംവരുത്താം. ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ നിക്ഷേപഅനുപാതം 60-75ശതമാനമായി ഉയർത്താം. ഈസമയത്ത് സ്വാഭാവികമായും സ്വർണവില ഉയരുന്നതിനാൽ 0 മുതൽ 10ശതമാനംവരെയായി ഈ ആസ്തിയിലെ നിക്ഷേപതുക താഴ്ത്താം. സ്ഥിരവളർച്ച ലക്ഷ്യമിട്ടുള്ള ഡെറ്റിലെ നിക്ഷേപം അതേപടി നിലനിർത്താൻ മറക്കരുത്. ഓഹരി വിപണി ഉയരത്തിൽ തുടരുകയാണെന്നിരിക്കട്ടെ, സ്വർണവില മിതമായ നിരക്കിലേയ്ക്ക് എത്തയിട്ടുണ്ടാകും. അപ്പോൾ ഓഹരിയിലെ നിക്ഷേപം 30-40 ശതമാനമായി കുറച്ച് സ്വർണത്തിലെ നിക്ഷേപം 20 മുതൽ 40ശതമാനംവരെയായി വർധിപ്പിക്കാം. എന്തുകൊണ്ട് മികച്ചതാവുന്നു? ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നതിനാണ് മൂന്ന് ആസ്തികളുംചേർത്ത് പോർട്ട്ഫോളിയോ ഉണ്ടാക്കുന്നത്. ചുരങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചെങ്കിലമാത്രമെ ഓഹരിയിൽനിന്ന് മികച്ച ആദായംലഭിക്കൂ. എങ്കിലും പണം എപ്പോൾവേണമെങ്കിലും പിൻവലിക്കാനുംകഴിയും. അതുപോലെതന്നെ നിക്ഷേപതുക കുറയ്ക്കുന്നതിനും കൂട്ടുന്നതിനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമാകും. മറ്റൊരുവ്യവസ്ഥകളും നിങ്ങളെ അതിൽനിന്ന് വിലക്കാനുണ്ടാവില്ല. ഈരീതി മറ്റേത് നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുന്നതിനേക്കാളും ആദായംനൽകാൻ സഹായിക്കും. റിസ്ക് പരമാവധി കുറയ്ക്കുകയുംചെയ്യാം. വിപണിതാഴുമ്പോഴും ഉയരുമ്പോഴും നിശ്ചിതശതമാനം വാർഷികാദായം ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള ആസ്തിവിഭജനത്തിലൂടെ സാധിക്കുന്നു. തത്സമയം ട്രാക്കുചെയ്യാം നിക്ഷേപം കൈകാര്യംചെയ്യുന്നത് സുതാര്യമായതിനാൽ ഓരോദിവസവും അതിന്റെമൂല്യം എത്രയെന്ന് കാണാൻകഴിയും. നിക്ഷേപിച്ചതുക, മൂലധനേട്ടം, വാർഷികാദായം(ശതമാനക്കണക്കിൽ) അറിയാൻ സൗകര്യമുണ്ട്. Historical Return of the Investment Instruments 1yr(%) 3Yr(%) 5Yr(%) 7Yr(%) SBI ETF Nifty 50 22.48 13.17 17.03 - Motilal Oswal NASDAQ 100 ETF 37.37 29.40 26.49 22.30 Nippon India ETF Gold BeES 11.14 14.24 8.22 5.88 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എങ്ങനെ നിക്ഷേപിക്കും ഓഹരി നിക്ഷേപത്തിനായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. മികച്ച ഡിസ്കൗണ്ട് ബ്രോക്കർമാരിൽനിന്ന് ട്രേഡിങ് അക്കൗണ്ടെടുക്കാം. ട്രേഡിങ് അക്കൗണ്ട് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് മൂന്നു ആസ്തികളിലും മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപംനടത്തുകയുമാകാം. നിരക്ക് സീറോ ബ്രോക്കറേജ് ഈടാക്കുന്നവയാണ് ഡിസ്കൗണ്ട് ബ്രോക്കേഴ്സ്. അതുകൊണ്ടുതന്നെ ബ്രോക്കിങ് ഫീസ് നൽകേണ്ടതില്ല. വാർഷിക പരിപാലനചെലവിനത്തിൽ 350 രൂപമാത്രമാണ് ഈ ബ്രോക്കർമാർ ഈടാക്കുന്നത്. ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തിനായി മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുക്കാം. ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ വിതരണക്കാരുടെ കമ്മീഷനും നൽകേണ്ടതില്ല. എത്രരൂപ നിക്ഷേപിക്കാം പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. തിയതിയും സമയവും തീരുമാനിച്ച് അതിനായി ട്രേഡിങ് അക്കൗണ്ടിൽ സെറ്റ്ചെയ്യാം. പ്രതിമാസം 5000 രൂപയെങ്കിലും നിക്ഷേപിക്കാം. അതിനുകുറവോ കൂടുതലോ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ സൈറ്റിലൂടെയും നിക്ഷേപം നടത്താം. Investment in Mutual Funds Funds 1yr(%) 3Yr(%) 5Yr (%) 7Yr(%) Axis Bluechip Fund - Direct Plan, 17.92 17.70 19.44 18.10 Motilal Oswal Nasdaq 100 FOF - Direct Plan 37.84 - - - Nippon India Gold Savings Fund - Direct Plan 10.40 14.13 9.29 5.06 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എത്രആദായം പ്രതീക്ഷിക്കാം ചുരുങ്ങിയത് 11ശതമാനം ആദായമെങ്കിലും ഈ പോർട്ട്ഫോളിയോയിൽനിന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം ഫലപ്രദമായി ക്രമീകരിക്കുന്നതിനനുസരിച്ച് 15ശതമാനമോ അതിലധികമോ ആദായംനേടാനും അവസരമുണ്ട്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: റിസ്ക് കുറച്ച് പരമാവധി നേട്ടമുണ്ടാക്കാനുള്ള നിക്ഷേപ പദ്ധതിയാണിത്. നിശ്ചിതകാലം നിക്ഷേപിക്കണമെന്ന നിബന്ധനകളൊന്നുമില്ലെങ്കിലും ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചാൽ പരമാവധിനേട്ടമുണ്ടാക്കാം. ആറുമാസംകൂടുമ്പോൾ പോർട്ട്ഫോളിയോ വിലയിരുത്തിനേട്ടം പരിശോധിക്കാം. വിപണിയുടെ ചലനങ്ങൾ ശ്രദ്ധിച്ച് ഓഹരി, സ്വർണം എന്നിവയിലെ നിക്ഷേപഅനുപാതത്തിൽ ഏറ്റക്കുറച്ചിൽവരുത്താം.

from money rss https://bit.ly/2MkhRUF
via IFTTT