121

Powered By Blogger

Thursday, 16 September 2021

100 ശതമാനം വിദേശനിക്ഷേപം വരുമ്പോഴും ബി.എസ്.എൻ.എലിന് വിദേശവിലക്ക്

തൃശ്ശൂർ: ടെലികോം രംഗത്ത് സമഗ്രപരിഷ്കരണം വരുമ്പോഴും പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എലിന്റെ സ്ഥാനം പടിക്കുപുറത്ത്. ടെലികോം രംഗത്ത് നിലവിൽ 49 ശതമാനമായിരുന്ന വിദേശനിക്ഷേപം നൂറിലേക്കുയർത്തുമ്പോഴും വിദേശ ഉപകരണങ്ങൾ വാങ്ങാൻ ബി.എസ്.എൻ.എലിനുള്ള വിലക്ക് മാറ്റിയില്ല. ഇക്കാരണത്താൽ 4 ജി സേവനം നൽകാനുള്ള വഴിയാണ് നീളുന്നത്. ദേശസുരക്ഷയെന്ന പേരിലാണ് വിദേശകമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് 4ജി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അക്കാര്യത്തിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല. ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണപാക്കേജിൽ 4ജി സ്പെക്ട്രം അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്തെ അരലക്ഷം ടവറുകളിൽ 4ജി സേവനം എത്തിക്കാനുള്ള ടെൻഡർ റദ്ദായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. ഇന്ത്യ-ചൈന സംഘർഷമാണ് ടെൻഡർ റദ്ദാവുന്നതിലേക്ക് നയിച്ചത്. ടെൻഡറിൽ ചൈന കമ്പനികൾകൂടിയുള്ളതാണ് റദ്ദാക്കാൻ കാരണം. എന്നാൽ, നിലവിലെ 3ജി ടവറുകളിൽ ഒരു ചിപ് കാർഡ് അധികമായി ഘടിപ്പിച്ച് 4ജി ആക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നിരുന്നു. ടവറുകളിൽ കൂടുതലും ചൈന കമ്പനികൾ ആയതിനാൽ അതിനും വിലക്കുവന്നു. ഫലത്തിൽ വിദേശകമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താനും കഴിയില്ല, തദ്ദേശീയ സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞതുമില്ല.

from money rss https://bit.ly/3EtuuTp
via IFTTT