121

Powered By Blogger

Wednesday, 1 September 2021

പാഠം 140| ബന്ധുവിനോ സുഹൃത്തിനോ പണം കടംകൊടുക്കുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അബുദാബിയിൽ 15 വർഷം ജോലിചെയ്തശേഷം ഈയിടെയാണ് കുരിയാക്കോസ് നാട്ടിൽ സെറ്റിൽചെയ്യാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനവും ശമ്പളംകുറക്കലുമെല്ലാം ജോലി ആകർഷകമല്ലാതാക്കി. നാട്ടിൽ തിരിച്ചെത്തിയാൽ ജീവിക്കാനുള്ള സമ്പാദ്യമുണ്ടെന്നായിരുന്നു കുര്യാക്കോസ് ചിന്തിച്ചിരുന്നത്. ബന്ധുവിന് കടമായി നൽകിയതുക തിരികെചോദിക്കാമെന്നും കരുതി. നാട്ടിൽ തിരിച്ചെത്തിയശേഷം കുര്യാക്കോസും ഭാര്യയുംകൂടി ബന്ധുവീട് സന്ദർശിച്ച് ആഗമനോദ്ദേശം അറിയിച്ചു. വായ്പയുടെകാര്യംകേട്ടപ്പോഴെ ബന്ധിവിന്റെ മുഖം മ്ലാനമായി. പാരാധീനതകളുടെ കെട്ടഴിക്കാനായിരുന്നു അദ്ദേഹത്തിന് വെമ്പൽ. മകൾ ബെംഗളുരുവിൽ എംബിഎക്കും മകൻ സേലത്ത് എൻജിനിയറിങിനും പഠിക്കുന്നു. അവർക്ക് ഫീസുപോലും കൊടുക്കാൻ ബുദ്ധിമുട്ടുകയാണെന്നൊക്കെ അദ്ദേഹം പറഞ്ഞു. തിരിച്ച്കാര്യമായൊന്നും പറയാൻ കുര്യാക്കോസിന് അവസരവും നൽകിയില്ല. ജോലി ഉപേക്ഷിക്കാനുണ്ടായ കാരണം വിശദീകരിച്ച് കുറച്ചുതുകയെങ്കിലും ഇപ്പോൾ തരണമെന്ന് പറഞ്ഞുനോക്കിയെങ്കിലും നിരാശനായി അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു. നാട്ടിലേക്കയക്കുന്ന പണത്തിൽനിന്ന് പലപ്പോഴായാണ് ഭാര്യ 10 ലക്ഷംരൂപയോളം കടമായി നൽകിയത്. ഒടുവിൽ സ്വന്തംമക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് അദ്ദേഹത്തിന് ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നു. കൊടുത്ത പണം എപ്പോൾ തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാതെ കഴിയുകയാണ് കുര്യാക്കോസ് ഇപ്പോൾ. പണം ആവശ്യമില്ലാത്തവർ ആരുമുണ്ടാകില്ല. ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ മുന്നിൽകണ്ട് ചെറിയതുക പ്രതിമാസം നീക്കിവെക്കുച്ച് സമ്പത്തുണ്ടാക്കുന്നവരുണ്ട്. അതല്ല, പണം ആവശ്യമായിവരുമ്പോൾ ബാങ്ക് വായ്പയെടുത്ത് കിട്ടുന്ന വരുമാനത്തിൽ ഏറിയഭാഗവും തിരിച്ചടവിനായി ചെലവഴിക്കുന്നവരുമുണ്ട്. കൃത്യമായി തിരിച്ചടച്ചാൽ വീണ്ടും വായ്പവേണമോയെന്നന്വേഷിച്ച് ധനകാര്യ സ്ഥാപനങ്ങളിലെ എക്സിക്യുട്ടീവുകൾ ഫോണിന്റെ അങ്ങേതലക്കലിൽനിന്ന് ഇടക്കിടെ കിളിവചനമോതും. ഇഎംഐ മുടക്കംവരുത്തിയിട്ടുണ്ടെങ്കിൽ പിന്നീട് വായ്പക്ക് സമീപിച്ചാൽ നിഷേധിക്കുകയുംചെയ്യും. കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് ഉറപ്പുവരുത്തിയാണ് ബാങ്കുകൾ ലോൺ അനുവദിക്കുക. കടം, വായ്പ എന്നിവ ജീവിത നിഘണ്ടുവിൽനിന്ന് എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെട്ടിയിൽ പണമുള്ളയാളാണ് നിങ്ങളെങ്കിൽ സുഹൃത്തുക്കളോ ബന്ധുക്കളോ കടംചോദിച്ച് സമീപിച്ചില്ലെങ്കിൽ മഹാഅത്ഭുതായി അതിനെകാണാം. വേണ്ടപ്പെട്ടവർ വായ്പക്കായി സമീപിച്ചാൽ കൊടുക്കാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് അവർനേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൂടി കേൾക്കുമ്പോൾ. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും കുടുംബാഗംങ്ങൾക്കും വായ്പ നൽകുന്നത് വൈകാരികമായ തീരുമാനമായിമാറുന്നു. സാമ്പത്തികസ്ഥിതി പരിശോധിക്കാം കോവിഡ് വ്യാപനത്തെതുടർന്ന് വ്യാപാരതകർച്ചയും ജോലിനഷ്ടപ്പെടലും വ്യാപകമായതോടെ വായ്പവാങ്ങുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. സുഹൃത്തോ സഹപ്രവർത്തകനോ ബന്ധുവോ വായ്പക്കായി സമീപിക്കുക സ്വാഭാവികം. പ്രത്യേക സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണദ്ദേഹമെങ്കിൽ കടംകൊടുക്കുന്നകാര്യത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കാം. അടുപ്പമുള്ളയാളെന്ന നിലയിൽ വായ്പ ചോദിച്ച വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമല്ലോ. അതിനുമുമ്പായി, പണംനൽകിയാൽ മുന്നോട്ടുള്ള ജീവിതത്തിന് അത് തടസ്സമാകുമോയെന്ന് ആലോചിക്കണം. പ്രതിമാസ എസ്ഐപിയോ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള മറ്റുനിക്ഷേപങ്ങളോ മുടങ്ങാതെനോക്കണം. എന്തെങ്കിലും വാങ്ങാൻവെച്ചിരുന്ന പണമാണെങ്കിൽ. കുറച്ചുമാസത്തേക്ക് അത് മാറ്റിവെക്കാൻ കഴിയുമെങ്കിൽ, അതെടുത്ത് സുഹൃത്തിനെ സഹായിക്കാം. വിശ്വസിക്കാമോയെന്ന് വിലയിരുത്തണം വിശ്വസിക്കാൻ കഴിയുമെങ്കിൽമാത്രം സുഹൃത്തുക്കളെയോ ബന്ധുക്കളേയോ സഹായിക്കുക. ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന അനൂപിന്റെ അനുഭവം നിങ്ങൾക്കുണ്ടാകരുത്. അഞ്ചുവർഷത്തോളം കൂടെ ജോലിചെയ്ത രമേഷ് പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ കടംവാങ്ങി. ജോലിയിൽ മികവുപുലർത്തിരുന്ന അയാൾ അതിനകം അനൂപിന്റെ അടുത്തസുഹൃത്തായി മാറിയിരുന്നു. അമ്മയുടെ ചികിത്സക്കുവേണ്ടിയാണെന്നുപറഞ്ഞാണ് പലപ്പോഴായി ഇത്രയുംതുക വാങ്ങിയത്. മാസങ്ങൾ പിന്നിട്ടശേഷം ഒരു സന്തോഷവാർത്ത അറിയിക്കാനാണ് അനൂപിന്റെ ക്യാബിനിൽ രമേഷ് എത്തിയത്. മറ്റൊരുകമ്പനിയിൽ ഇതിനേക്കാൾ മികച്ച ശമ്പളത്തിൽ ഉയർന്ന തസ്തികയിൽ ജോലി ലഭിച്ചകാര്യം അദ്ദേഹം അറിയിച്ചു. പണം ഉടനെതന്നുതീർക്കുമെന്ന ഉറപ്പുംനൽകി. മുംബൈയിലേക്കുപോയ രമേഷിനെ പിന്നീടൊരിക്കലും അനൂപിന് ബന്ധപ്പെടാനായില്ല. അനൂപ് അവസാനമായി കടംകൊടുത്തത് രമേഷിനായിരുന്നു. നിക്ഷേപത്തിൽതൊടരുത് ഭാവിക്കുവേണ്ടിയുള്ള നിക്ഷേപത്തിൽനിന്നെടുക്കാതെ കടംകൊടുക്കാൻ ശ്രദ്ധിക്കുക. അതായത്, നിങ്ങളുടെ ഭാവിയെ ബാധിക്കുന്നവിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പോകരുതെന്ന് ചുരുക്കം. റിട്ടയർമെന്റിനോ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനൊ കരുതിവെച്ചിട്ടുള്ള നിക്ഷേപത്തിൽനിന്നെടുത്ത് ആരെയും സഹായിക്കേണ്ട. മറിച്ച് തൽക്കാലത്തേക്ക് ആവശ്യമില്ലാത്ത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലുണ്ടെങ്കിൽ അതുനൽകാം. അടിയന്തിര ആവശ്യത്തിനായി സൂക്ഷിച്ചിട്ടുള്ള പണം വായ്പനൽകാനെടുക്കരുത്. ബിസിനസിൽ തിരിച്ചടിയോ തൊഴിൽനഷ്ടമോ ഉണ്ടായാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുമോയെന്ന് കടംകൊടുക്കുംമുമ്പ് ആലോചിക്കുക. നോ പറയാൻ പഠിക്കുക എത്രഅസ്വസ്ഥത ഉണ്ടാക്കുമെങ്കിലും ചിലസാഹചര്യങ്ങളിൽ പ്രിയപ്പെട്ടവരോട് നോ പറയേണ്ടത് അത്യാവശ്യമായിവരും. ജോലിയോ, ബിസിനസോ അസ്ഥിരമായ സാഹചര്യത്തിലൂടെ നിങ്ങുകയാണെങ്കിൽ രണ്ടുവട്ടംചിന്തിക്കുക. കടംകൊടുക്കുന്നുണ്ടെങ്കിൽ ആവ്യക്തിയുടെ അടിയന്തര സാഹചര്യം പരിഗണിച്ചുമാത്രംചെയ്യുക. കാറ് വാങ്ങുന്നതിനോ, ക്രഡിറ്റ്കാർഡ് കുടിശ്ശിക തീർക്കുന്നതിനോ കടംചോദിച്ചാൽ അത് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലത്. ലഭിക്കുന്നവരുമാനം ശരിയായി കൈകാര്യംചെയ്യാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ബാധ്യതകളുണ്ടാകുന്നത്. ഒരുപക്ഷേ, അദ്ദേഹത്തെപ്പോലെ ജീവിക്കാൻ നിങ്ങൾക്കും കഴിയും. ഭാവി ലക്ഷ്യമാക്കി മിച്ചംപിടിച്ച് ജീവിക്കുന്ന നിങ്ങളുടെ കീശയിലാണ് അദ്ദേഹം നോട്ടമിടുന്നതെങ്കിൽ അതിന് നോ പറയുകതന്നെവേണം. തുടർച്ചയായി വായ്പവാങ്ങുന്നവരെ ഒഴിവാക്കാം വരുമാനത്തിൽ ഒതുങ്ങാതെ സ്ഥിരമായി കടംവാങ്ങി ജീവിക്കുന്നവരുണ്ട്. കിട്ടാവുന്നിടത്തുനിന്നൊക്കെ വായ്പവാങ്ങുകയും ആദ്യമൊക്കെ കൃത്യമായും തിരിച്ചുകൊടുക്കുന്നവരുമാകും ഇത്തരക്കാർ. ബാങ്കുകളിൽനിന്ന് ഉയർന്ന പലിശക്ക് വ്യക്തിഗത വായ്പയുമെടുത്തിട്ടുണ്ടാകും. നേരത്തെ കടംവാങ്ങിയ വ്യക്തി പഴയത് തീർക്കാതെ വീണ്ടും വായ്പ ചോദിച്ചാൽ ഒഴിഞ്ഞുമാറുന്നതാകും ഉചിതം. ഇപ്പോൾ പണമില്ലെന്നോ, മറ്റ് ബാധ്യതകളുണ്ടെന്നോ പറയാം. ഒന്നോ രണ്ടോതവണ നൽകാതിരുന്നാൽ പിന്നെ ഇത്തരക്കാരുടെ ആക്രമണം ഉണ്ടാകില്ല. ലഭിക്കുന്നവരുമാനം ശരിയായ രീതിയിൽ കൈകാര്യംചെയ്യാൻ ശ്രദ്ധിച്ചില്ലെങ്കിൽ കടംകൊടുത്ത് നിങ്ങളും കടക്കാരനായി മാറിയേക്കാം. ജാമ്യം നിൽക്കുമ്പോൾ സൂക്ഷിക്കുക സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആവശ്യപ്പെടുമ്പോൾ ബാങ്ക് വായ്പക്കുംമറ്റും ജാമ്യംനിൽക്കുംമുമ്പ് രണ്ടുവട്ടമെങ്കിലും ആലോചിക്കുക. ലോണെടുത്തയാൾ തിരിച്ചടവ് നിർത്തിയാൽ അതിന്റെ ബാധ്യത ജാമ്യക്കാരനുമുണ്ടാകുമെന്നകാര്യം മറക്കേണ്ട. കടലാസ് നീട്ടുമ്പോൾ ഒപ്പിട്ടുകൊടുക്കുമെന്നല്ലാതെ തുടക്കത്തിൽ ഇക്കാര്യം ഗൗരവത്തോടെ ആരും പരിഗണിക്കാറില്ല. വായ്പയെടുത്തയാളിൽനിന്ന് പണംലഭിക്കാതെവന്നാൽ ജാമ്യക്കാരനിൽനിന്ന് പണംഈടാക്കാനാകും ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുക. വർഷങ്ങൾ പിന്നിട്ടിട്ടുണ്ടാകും. സുഹൃത്തിനെ തിരയുമ്പോൾ എവിടെയാണെന്നുപോലും കണ്ടെത്താനായെന്നുവരില്ല. ഒടവിൽ മുതലും പലിശയും പലിശയുടെ പലിശയുമടക്കം നല്ലൊരുതുക കയ്യിൽനിന്ന് പോകും. സഹാനുഭൂതി വില്ലനായേക്കാം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുംമറ്റും സാമ്പത്തിക ബുദ്ധിമുട്ടുകാണുമ്പോൾ അസ്വസ്ഥമാകുക സ്വാഭാവികം. എന്നാൽ മറ്റൊരാളെ സഹായിക്കുംമുമ്പ്, അവനവന്റെ സാമ്പത്തികാര്യോഗ്യം പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങളെ ആശ്രയിച്ചും ഒരുകുടുംബമുണ്ടെന്നും ഓർക്കുക. കയ്യിൽ പണംവരുമ്പോഴെല്ലാം ആവശ്യക്കാരുമുണ്ടാകും. 50 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് കരുതുക. അപ്പോഴറിയാം സുഹൃത്തുക്കളും ബന്ധുക്കളുമായി നാട്ടിൽ പണത്തിന് ആവശ്യമുള്ളവർ എത്രപേരുണ്ടെന്ന്. പണമില്ലെങ്കിൽ ആരുംതിരിഞ്ഞുനോക്കുകയുമില്ല. തിരികെചോദിക്കാൻ മടിക്കരുത് കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും വാങ്ങിയ വായ്പ തിരിച്ചുകൊടുക്കാനാണ് കടംവാങ്ങിയവർ പ്രഥമപരിഗണന നൽകേണ്ടത്. എന്നാൽ, പലിശയും തിരിച്ചടവിന് സമയപരിധിയും ഇല്ലാത്തതിനാൽ സാമ്പത്തിക സ്ഥിതിമെച്ചപ്പെട്ടാലും പണംതിരികെകൊടുക്കാൻ മടിക്കുന്നവർ ഏറെയാണ്. വായ്പകൊടുത്തപ്പോൾ നിശ്ചിത സമയപരിധി പറഞ്ഞിട്ടുണ്ടെങ്കിൽ തിരികെ ചോദിക്കാൻ മടിക്കേണ്ടതില്ല. അതുകൊണ്ട് കടംകൊടുക്കുമ്പോൾ തിരികെ എപ്പോൾതരുമെന്ന് വാക്കാലെങ്കിലുമുള്ള ഉറപ്പുവാങ്ങണം. സമയപരിധികഴിഞ്ഞാൽ പണംതിരികെ ചോദിക്കാൻ മറക്കരുത്. ചോദിച്ചുകൊണ്ടേയിരിക്കണം! ഇ-മെയിൽ അയച്ചോ വാട്സാപ്പിൽ മെസേജ് അയച്ചോ മാന്യമായി ഇക്കാര്യം ഓർമിപ്പിക്കാം. ചെറിയതുകയാണെങ്കിൽ വായ്പവാങ്ങിയവർ മറുന്നുപോകാനുമിടയുണ്ട്. feedback to: antonycdavis@gmail.com കുറിപ്പ്: വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ചെയ്യുമ്പോഴാണ് സാധാരണരീതിയിൽ കടബാധ്യതയുണ്ടാകുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ജീവിക്കാൻ ശീലിക്കണം. ഉത്പാദനക്ഷമമാണെങ്കിൽ മാത്രം വിവേകത്തോടെ ബാങ്ക് വായ്പകളെടുക്കുക. വരുമാനത്തിൽ ഏറെഭാഗവും തിരിച്ചടവിന് നൽകേണ്ടിവരുന്ന നിരവധിപേരുണ്ട്. കടംവാങ്ങാതെയുള്ള ജീവിതശൈലി പരിശീലിക്കാൻ ശ്രമിക്കുക. നിക്ഷേപത്തിന് പ്രാധാന്യംനൽകി ക്ഷമയോടെ കാത്തിരുന്ന് ലക്ഷ്യംനേടുക. ഇനി കടംകൊടുക്കുന്നവരോട് ഒരുകാര്യംകൂടി. തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൊടുക്കാതിരിക്കുക. സുഹൃത്തക്കളുടെയും ബന്ധുക്കളുടെയും സാഹചര്യം അറിഞ്ഞുകൊണ്ടാണല്ലോ വായ്പ നൽകുന്നത്. പണംതിരികെ ലഭിച്ചാൽ അത് ബോണസായി കണ്ടാൽമതി!

from money rss https://bit.ly/3BtHExt
via IFTTT