121

Powered By Blogger

Monday, 20 September 2021

വിപണിയിലെനേട്ടം ശ്വാശ്വതമല്ല: നിക്ഷേപകർ തയ്യാറെടുക്കേണ്ടത് എങ്ങനെ?

ഓഹരി വിപണിയെപ്പോലെ ചാഞ്ചാടുന്ന- എന്നത് ഇംഗ്ലീഷിലെ ഒരു പ്രയോഗമാണ്. വിപണികളിൽ എക്കാലത്തും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഓഹരി വിപണി. എന്നാൽ ജനുവരിയിലെ ചില ചെറിയ ചാഞ്ചാട്ടങ്ങൾ മാറ്റിനിർത്തിയാൽ 2020 ഏപ്രിൽ മുതൽ ആഗോളതലത്തിൽ ഓഹരി വിപണി അതിശയകരമാംവണ്ണം സ്ഥിരത പുലർത്തുകയാണ്. എന്തായിരിക്കും ഇതിന്റെ കാരണം? അസാധാരണമായ ഈസ്ഥിരത എത്രകാലം നീണ്ടുനിൽക്കും? വലിയതോതിലുള്ള തിരുത്തൽ ആസന്നമാണോ? നിക്ഷേപകർ അതിനായി എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് ? പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്. 2020 മാർച്ച് ഒടുവിലെ 7583ൽ നിന്ന് നിഫ്റ്റി 2021 സെപ്തംബറിൽ 17400 നു മുകളിലെത്തിയ ഇപ്പോഴത്തെ ബുൾതരംഗം 2003-07ലെ ബുൾതരംഗത്തിനു സമാനമാണ്. 2003 മെയ്മാസം 3000ത്തോളമായിരുന്ന സെൻസെക്സ് 2007 ഡിസമ്പർ ആയപ്പോഴേക്കും 20000ത്തിനു മുകളിലെത്തി. എന്നാൽ 2003-07 ബുൾതരംഗത്തിൽ വിപണിയിൽ പലതവണ ശക്തമായ തിരുത്തലുകളുണ്ടായി. 2006 മുതൽ 2020 വരെയുള്ള കാലയളവിൽ വിപണി 17 തവണ 10 ശതമാനത്തിലേറെ തകർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം ശരാശരി 10 ശതമാനത്തിനു മുകളിൽ ഒരുതിരുത്തലെങ്കിലും നടത്തി എന്നർത്ഥം. ഇത്തരം തകർച്ചകൾ വിപണിയുടെ പ്രത്യേകതയാണ്. ഈ ബുൾതരംഗത്തിലും കടുത്ത തിരുത്തലുകളുണ്ടാവും. വിപണി ചലനങ്ങളുടെ സമയക്രമം പ്രവചിക്കുക പ്രയാസകരമാണെന്നുമാത്രമല്ല മിക്കവാറും അസാധ്യംതന്നയാണ്. അതേസമയം, ചില സാധ്യതകൾ മുൻകൂട്ടി കാണാൻ കഴിയും. വിപണിയിലെ വിലനിലവാരം കൂടുതലാണെന്ന കാര്യത്തിൽ തർക്കമില്ല. ഏതുമാനദണ്ഡം നോക്കിയാലും വിപണിയിലെ വിലകൾ കൂടുതലാണ്. അതുകൊണ്ട്, വൺവേ നിരത്തിലെ വാഹനംപോലെ തുടർച്ചയായി വേഗത വർധിപ്പിച്ചുകൊണ്ടിരിക്കാൻ വിപണിക്കു കഴിയുകയുമില്ല. അപ്പോൾ, കടുത്ത തിരുത്തലുകൾക്കു തുടക്കമിടാൻ സാധ്യതയുള്ളത് എന്തൊക്കെയാണ് ? വിദേശ പോർട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ചെറുകിട നിക്ഷേപം പോലെയല്ല, സ്മാർട് മണി ആണത്. ജൂലൈ മുതൽ മിക്കവാറും വിപണിയിൽ വിൽപനക്കാരായ എഫ്പിഐകൾ ഇന്നത്തെ വിപണി മൂല്യ നിർണയത്തിന്റെ കാര്യത്തിൽ സംശയാലുക്കളാണ്. വിപണിയുടെ മൊത്തം ഇടപാടിൽ 45 ശതമാനത്തോളം വ്യക്തിഗത നിക്ഷേപകരുടേതും 11 ശതമാനം എഫ്പിഐകളുടേതും ആണെങ്കിലും ഇന്ത്യൻ ഓഹരികളിൽ 27.4 ശതമാനം എഫ്പിഐകളുടെ കൈവശമാണ്. വ്യക്തിഗത നിക്ഷേപകരുടെ പക്കൽ 8.1 ശതമാനം മാത്രമേയുള്ളു. 7.9 ശതമാനം അഭ്യന്തര സ്ഥാപനങ്ങളുടേതാണ്. ചില്ലറ നിക്ഷേപകരുടെ ആധിക്യവും ആധിപത്യവും ഇപ്പോഴത്തെ തരംഗത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ 2000ത്തിലേയും 2008ലേയും അനുഭവങ്ങൾ പറയുന്നത് ഇതിനുമാറ്റം വരാമെന്നാണ്. വിപണിയുടെ സ്വഭാവം പ്രതികൂലമാകുമ്പോൾ എഫ്പിഐ കൾ വൻവിൽപനക്കാരാകാൻ സാധ്യതയുണ്ട്. ഈ വർഷാവസാനം യുഎസ് കേന്ദ്ര ബാങ്ക് ടാപെറിംഗ് പ്രഖ്യാപിക്കുമ്പോഴോ യുഎസിലെ വർധിക്കുന്ന പണപ്പെരുപ്പം കാരണം ബോണ്ട് യീൽഡ് കുത്തനെ ഉയരുമ്പോഴോ ഈ മാറ്റം സംഭവിക്കാം. ഓഹരികളിൽനിന്ന് ബോണ്ടുകളിലേക്കുള്ള മൂലധനത്തിന്റെ ചുവടുമാറ്റം വരുംമാസങ്ങളിൽ സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ഓഹരി വിലകൾ ഏറെ ഉയർന്നുനിൽക്കുന്ന അവസ്ഥയിൽ. എഫ്പിഐകൾ വിൽപന നടത്തുമ്പോൾ, വാങ്ങാൻ ചെറുകിട നിക്ഷേപകർ വീണ്ടും ചാടിവീഴാം. കഴിഞ്ഞ ഏപ്രിൽ മുതൽ അവർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ വിൽപന തുടരുകയും വ്യാപകമായിത്തീരുകയും ചെയ്യുമ്പോൾ തിരുത്തലുകൾ അതിവേഗത്തിലും മൂർച്ചയേറിയതുംആകാം. ചെറുകിട നിക്ഷേപകർ പരിഭ്രാന്തിയോടെ കളം വിടുന്ന അവസ്ഥയും സംജാതമായേക്കാം. 2000 ത്തിലും 2008ലും ഇതാണു സംഭവിച്ചത്. ഇത്തരം ഘട്ടങ്ങളിൽ നടക്കുന്ന മ്യൂച്വൽഫണ്ട് വിൽപനകൾ വിപണിയിലെ ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്തേക്കാം. ഇതൊരുസാധ്യതയാണ്. എന്നാൽ ഇപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു ഘടകത്തിൽനിന്നാകാം തിരുത്തലിനുള്ള തുടക്കമിടുന്നത്. കുതിക്കുന്ന ഈ ബുൾ വിപണിയിൽ നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ നിക്ഷേപകർ തിരുത്തലിനായി ഒരുങ്ങിയിരിക്കണം. ഗുണമേന്മയുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, പ്രത്യേകിച്ച് ലാർജ് കാപുകളിൽ, ഉചിതമായ ഘട്ടങ്ങളിൽ ഭാഗികമായി ലാഭമെടുക്കുക, കുറച്ചുപണം സ്ഥിര നിക്ഷേപത്തിലേക്കുമാറ്റുക എന്നിവയാണ് ഇക്കാലത്ത് സ്വീകരിക്കാവുന്ന സന്തുലിത നിക്ഷേപതന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3tV14Zt
via IFTTT