121

Powered By Blogger

Tuesday, 27 July 2021

സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4480 രൂപയിലെത്തി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കെ ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയതോതിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/3j1qboK
via IFTTT

സെൻസെക്‌സിൽ 209 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 15,700ന് താഴെയെത്തി. സെൻസെക്സ് 209 പോയന്റ് നഷ്ടത്തിൽ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. രാജ്യത്തെ വളർച്ചാനിരക്ക് 12.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. അൾട്രടെക് സിമെന്റ്, എൻടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, നെസ് ലെ, ബിർളസോഫ്റ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈൽ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jbLvIf
via IFTTT

വാക്‌സിനെടുത്തവര്‍ക്ക് കുറഞ്ഞ പലിശയില്‍ ഗോള്‍ഡ് ലോണുമായി ഇന്‍ഡല്‍ മണി

കൊച്ചി: കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് വാക്സിൻ എടുത്തവർക്ക് സ്വർണപ്പണയ വായ്പയിൽ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇൻഡൽ മണി. ഇതിനായി ഇൻഡൽ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്സ് എഗെയ്ൻസ്റ്റ് കോവിഡ്) എന്ന പുതിയ സ്കീം അവതരിപ്പിച്ചു. 11.5 ശതാനം പലിശ നിരക്കിൽ ഈ സ്കീമിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. റിസർവ് ബാങ്ക് അനുവദിക്കുന്ന ഫുൾ ലോൺ ടു വാല്യുവിൽ പ്രോസസിംഗ് ചാർജുകളൊന്നുമില്ലാതെയാണ് ഒരു വർഷത്തേക്ക് പുതിയ സ്കീമിൽ ഗോൾഡ് ലോൺ ലഭ്യമാക്കുക. ഇൻഡൽ മണിയുടെ രാജ്യമെമ്പാടുമുള്ള ശാഖകളിൽ പുതിയ സ്കീം ലഭ്യമാണ്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് ഇൻഡൽ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഉമേഷ് മോഹനൻ അറിയിച്ചു. പരമാവധിയാളുകൾ വാക്സിൻ എടുക്കുക എന്നതാണ് കോവിഡ് മഹാമാരിക്കെതിരായ യുദ്ധം ജയിക്കുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. മഹാമാരിയുടെ പ്രത്യാഘാതത്തിൽ ജീവിതം പ്രതിസന്ധിയിലായവർക്ക് കൈത്താങ്ങാകുക എന്നതും ഇതുപോലെ തന്നെ പ്രധാനമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് പുതിയ സ്കീമിലൂടെ ഇൻഡൽ മണി നിറവേറ്റുന്നതെന്ന് ഉമേഷ് മോഹനൻ പറഞ്ഞു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആയിരം കോടി ടേണോവറും 200ൽ പരം കോടി മൂലധനവുമുള്ള ഇന്റൽ കോർപറേഷന്റെ മുൻനിര കമ്പനിയാണ് ഇൻഡൽ മണി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോർപറേറ്റ് ഓഫീസ് കൊച്ചിയിലാണ്. ധനകാര്യ സേവനങ്ങൾക്കു പുറമെ ഓട്ടോമൊബീൽ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്്മെന്റ്, മീഡിയ, കമ്യൂണിക്കേഷൻ, എന്റർടൈൻമെന്റ് മേഖലകളിലും ഇൻഡൽ കോർപറേഷൻ പ്രവർത്തിച്ചു വരുന്നു.

from money rss https://bit.ly/2TE9BT9
via IFTTT

നിഫ്റ്റി 15,750ന് താഴെ ക്ലോസ്‌ചെയ്തു: റെഡ്ഡീസ് ലാബ് 10%താഴെപ്പോയി

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ രണ്ടാംദിവസവും സൂചികൾ നഷ്ടത്തിലായി. ഏഷ്യൻ സൂചികകളിലെ തളർച്ചയാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്. നിഫ്റ്റി 15,750ന് താഴെയെത്തി. സെൻസെക്സ് 273.51 പോയന്റ് നഷ്ടത്തിൽ 52,678.76ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 15,746.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ടെക് ഓഹരികൾ തകർച്ചനേരിട്ടതും ഉടനെ വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനവുമാണ് ഉച്ചക്കുശേഷമുള്ള വ്യാപാരത്തെ സ്വാധീനിച്ചത്. പ്രതീക്ഷിച്ചതിലും മോശം പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഡോ.റെഡ്ഡീസ് ലാബ് 10ശതമാനത്തോളം തകർന്നു. സിപ്ല, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. ഹിൻഡാൽകോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഫാർമ നാലുശതമാനത്തോളം താഴ്ന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓഹരി വിപണി സമ്മർദംനേരിട്ടതോടെ രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 74.46 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.35-74.54 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zFVbRL
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ: അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും.അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും.

from money rss https://bit.ly/3zEfz5z
via IFTTT

ആഗോളതലത്തിൽ വിപണിലുണ്ടാകുന്ന ഗതിമാറ്റം നിർണായകം

ഡെൽറ്റാ വകഭേദം സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണി. വികസിത രാജ്യങ്ങളിലെ വാക്സിനേഷന്റെ വിജയത്തെതുടർന്ന് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ഡെൽറ്റ വൈറസ് ഉയർത്തിയേക്കാവുന്ന ഭീഷണി കുറയുകയാണ്. സാമ്പത്തിക വളർച്ചയിലെ വേഗക്കുറവും വിദേശ നിക്ഷേപകരുടെ വിൽപനയുംമറ്റും ഇതര ഏഷ്യൻ രാജ്യങ്ങളിൽ വിപണിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്ക് യോഗങ്ങൾ, ഈയാഴ്ച നടക്കുന്ന ബാഹ്യ വാണിജ്യ വായ്പകൾ (ഇസിബി)സംബന്ധിച്ച യോഗം, അടുത്താഴ്ചത്തെ ഫെഡറൽ ഓപ്പൺമാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം എന്നിവയും എക്കാലത്തേയും വലിയ വിലക്കയറ്റം കാരണം ഉദാരധനനയത്തിലുണ്ടാകാവുന്ന മാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ആപൽ സൂചനയാണ് നൽകുന്നത്. പോയവാരത്തിൽ ആദ്യവിൽപനകൾക്കുശേഷം ആഗോള വിപണികൾ ഉറച്ച റിപ്പോർട്ടുകളെത്തുടർന്ന് ലാഭത്തിൽ പിടിച്ചുനിന്നു. വ്യാഴാഴ്ചനടന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ നയപ്രഖ്യാപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിലവർധനയ്ക്കനുസരിച്ച് പണപ്പെരുപ്പ മാർഗരേഖ തയാറാക്കുകയും ചെയ്തു. വിലക്കയറ്റ സമ്മർദ്ദമുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്ക് വരാനിരിക്കുന്ന യോഗത്തിലും ഉദാര നിലപാട് തുടരാൻ തീരുമാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. നയമാറ്റത്തെ ഭയപ്പെടാതിരിക്കാൻ വിപണിയെ അത് സഹായിച്ചു. ഇന്ത്യയിൽ, കോവിഡ് രണ്ടാം തരംഗത്തിന്റെ സ്വാധീനത്തെ തുടർന്ന് ആദ്യപാദങ്ങളിൽ ആസ്തി നിലവാരത്തിലും വളർച്ചയിലുമുണ്ടായ കുറവുകാരണം ബാങ്കുകളും വാഹനമേഖലയും താഴ്ചയുടെ പ്രവണത പ്രകടിപ്പിച്ചു. പിന്നീടിങ്ങോട്ട് പാശ്ചാത്യ വിപണി വീണ്ടെടുപ്പിനു നടത്തിയശ്രമം ഇന്ത്യൻ വിപണിക്കു ഗുണകരമായി. വിദേശ നിക്ഷേപകർ പ്രധാന വിൽപനക്കാരായി തുടരുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചില്ലറ വിൽപന രംഗത്തെ നിക്ഷേപകരും വിപണിയെ തുണച്ചു. ഉയർന്ന തോതിലുള്ള എഫ് ആന്റ് ഒ പ്രവർത്തനങ്ങൾ ഗതിവേഗം കൂട്ടാൻ വിപണിയെ സഹായിച്ചു. Key EM performance Country 3months return 6months return Year to Date India 9.3% 4.3% 11.8% China 6.4% -5.1% 3.7% Brazil 4.4% 5.9% 5.4% Korea 0.4% 4.0% 12.5% Taiwan -0.2% 7.3% 19.3% Honk Kong -6.4% -11.0% 0.1% Dated 20th July 2021 ഇന്ത്യയിൽ ഈവർഷം ഏപ്രിൽ മുതൽ വിദേശ നിക്ഷേപകർ വിൽപനയിലാണ്. കഴിഞ്ഞ നാലുമാസത്തിനിടയിൽ 30,000 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. വികസ്വര വിപണികളിൽ സാന്നിധ്യം കുറയ്ക്കുക എന്ന വിദേശ നിക്ഷേപകരുടെ നയത്തിന്റെ ഭാഗമായിക്കൂടിയാണിത്. എന്നാൽ കുറഞ്ഞ വിൽപന ശതമാനവും കൂടിയതോതിലുള്ള ആഭ്യന്തര വരവുമുള്ള ഇന്ത്യൻ വിപണിയെ ഇതുകാര്യമായി ബാധിക്കുന്നില്ല. ഏഷ്യയിലെ മികച്ച പ്രകടനംനടക്കുന്ന വിപണികളായ തായ്വാൻ, കൊറിയ എന്നിവിടങ്ങളിൽ ഏകീകരണം തുടങ്ങിക്കഴിഞ്ഞു എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്. കൂടിയതോതിൽ ആഭ്യന്തരവരവും, മികച്ച ഒന്നാം പാദ ഫലങ്ങളും, ആകർഷകമായ ഐപിഒ ഓഫറുകളും കാരണം സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്കും ഈ ദൗർബ്ബല്യം പകർന്നേക്കാം. കോവിഡ് ഡെൽറ്റാ വകഭേദത്തേക്കാൾ, കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ വിപണിയിൽ ഉണ്ടാകാവുന്ന പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും വലിയ ഭീഷണി. അടുത്താഴ്ച നടക്കാനിരിക്കുന്ന എഫ്ഒഎംസി യോഗത്തിനായി ആഗോള വിപണി കാത്തിരിക്കയാണ്. ഇസിബിയെപ്പോലെ എഫ്ഒഎംസിയും ഉദാരനയം നിലനിർത്താനാണ് സാധ്യത. ബോണ്ട് വാങ്ങൽപരിപാടിയിൽ എത്രമാത്രം കുറവുണ്ടാകും എന്നതിനെക്കുറിച്ച് ധാരണലഭിക്കാൻ യോഗത്തിലെ നിർദ്ദേശങ്ങൾ വഴിതെളിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BFdkRz
via IFTTT

Monday, 26 July 2021

പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പൊതുഇടംവരുന്നു. ഫണ്ടുകളുടെ ഇടപാടുകൾക്ക് നേതൃത്വംവഹിക്കുന്ന രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരായ കാംസ്, കെഫിൻടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്ഫോം തയ്യാറാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)നിർദേശം നൽകി. നിലവിലുള്ള നിക്ഷേപകർക്കും പുതിയതായി എത്തുന്നവർക്കും പ്രയോജനപ്പെടുന്നതാകും പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാവുന്ന പ്ലാറ്റ്ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. 17 ഇനത്തിലുള്ള സാമ്പത്തികേതര ഇടപാടുകൾ ഒരുക്കിക്കഴിഞ്ഞശേഷമാകും നിക്ഷേപം ഉൾപ്പടെയുള്ള ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം സജ്ജമാക്കുക. എളുപ്പത്തിൽ കൈകാര്യംചെയ്യാം ഓരോ ഫണ്ടിലും നിക്ഷേപിക്കാൻ ഫണ്ടുകമ്പനികളെയോ ട്രാൻസ്ഫർ ഏജന്റുമാരെയോ സമീപിക്കാതെതന്നെ എല്ലാ ഫണ്ടുകളുടെ ഇടപാടുകളും ഒറ്റ പ്ലാറ്റ്ഫോംവഴി നടത്താനാകുമെന്നതാണ് പ്രത്യേകത. അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾക്കായി മെയിൽ ബാക്ക് സേവനംവഴി നിക്ഷേപകർ ആർടിഎകളെയാണ് സമീപിക്കുന്നത്. ഒരൊറ്റവേദി നിലവിൽവരുമ്പോൾ പലരെയും സമീപിക്കേണ്ട ആവശ്യമില്ലാതാകും. വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽമാറ്റംവരുത്താനും പുതിയ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും. അതായത്, കാംസ്, കെഫിൻടെക് എന്നിവർ സേവനം നൽകുന്ന ഫണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം മാറ്റങ്ങൾക്ക് വേറെ അപേക്ഷകൾ നൽകണം. ഇനി അതിന്റെ ആവശ്യമില്ലെന്ന് ചുരുക്കം. സമയവും ചെലവും ലാഭിക്കാൻ ഇതിലൂടെ നിക്ഷേപകർക്ക് കഴിയും. കൂടുതൽ സേവനങ്ങൾ മൂലധനനേട്ട സ്റ്റേറ്റുമെന്റ്, ഹോൾഡിങ് സ്റ്റേറ്റ്മെന്റ്, ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റുമെന്റ് തുടങ്ങിയവ പൊതുഡിജിറ്റൽ വേദിയിൽനിന്ന് തത്സമയം ലഭ്യമാകും. സേവനങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങളും ലഭിക്കും. ധനകാര്യ സേവനങ്ങൾകൂടി ഒരുക്കിയാൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും മറ്റ് ഫണ്ടുകളിലേക്ക് മാറാനും സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് മാത്രമാകും സേവനം ലഭിക്കുക. പിന്നീട് മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും ഏജന്റുമാർക്കുംകൂടി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം. ഡിസംബർ അവസാനത്തോടെ എല്ലാസേവനങ്ങളും ലഭ്യമാക്കാനാണ് സെബിയുടെ നിർദേശം. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർക്കും നിക്ഷേപം തുടങ്ങാനിരിക്കുന്നവർക്കും വൻസാധ്യതകളാണ് പൊതുവേദി നൽകുന്നത്.

from money rss https://bit.ly/2UVJYh3
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ താഴ്ന്ന് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് നേരിയതോതിൽ കുറഞ്ഞ് 47,450 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ വിലയിൽ വ്യത്യാസമില്ലാതിരുന്നതാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ.

from money rss https://bit.ly/3zDbEWP
via IFTTT

വീണ്ടും 53,000 കടന്നു: സെൻസെക്‌സിൽ 153 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 153 പോയന്റ് ഉയർന്ന് 53,006ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തിൽ 15,876ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ കനത്ത തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളും പ്രകടമായത്. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, എസ്ബിഐ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഒരുശതമാനംനേട്ടത്തോടെ നിഫ്റ്റി മെറ്റൽ സൂചികയാണ് മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8ശതമാാനവും നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ഇന്റർഗ്ലോബ് ഏവിയേഷൻ, കാനാറ ബാങ്ക് തുടങ്ങി 60 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3x52VLu
via IFTTT

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ.യ്ക്ക്

കൊച്ചി: കേരളം ആസ്ഥാനമായ 'ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്' പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ 997.78 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'ക്ക് സമർപ്പിച്ചു. 997.78 കോടി രൂപയിൽ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രൊമോട്ടർമാരുടെയും നിലവിലുള്ള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക. ഇതിൽ, പി. എൻ.ബി. മെറ്റ്ലൈഫ്, ബജാജ് അലയൻസ് ലൈഫ്, പി.ഐ. വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളും ജോൺ ചാക്കോളയും ഉൾപ്പെടുന്നു. ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങൾ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുക. വായ്പാ ആവശ്യങ്ങൾ ഉൾപ്പെടെ ഇതിൽ നിന്ന് നിറവേറ്റാനാകും. ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 300 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്.ആക്സിസ് കാപ്പിറ്റൽ, എഡെൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐ.സി. ഐ.സി.ഐ. സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ. സെക്യൂരിറ്റീസ് എന്നിവയാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ. തുടക്കം മൈക്രോഫിനാൻസ് സംരംഭമായി 1992-ൽ കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ മൈക്രോഫിനാൻസ് സംരംഭമായി തുടങ്ങിയ ഇസാഫ്, 2017 മാർച്ചിലാണ് സ്മോൾ ഫിനാൻസ് ബാങ്കായി മാറിയത്. നിലവിൽ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 550 ശാഖകളും 421 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 12 ബിസിനസ് കറസ്പോണ്ടന്റുമാരുമുണ്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്. 46.8 ലക്ഷമാണ് ഇടപാടുകാരുടെ എണ്ണം. സൂക്ഷ്മ വായ്പകൾ, സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായ്പകൾ, കോർപ്പറേറ്റ് വായ്പകൾ, കാർഷിക വായ്പകൾ എന്നിവ നൽകിപ്പോരുന്ന ബാങ്കിന്റെ മൊത്തം വായ്പ 2021 മാർച്ചിലെ കണക്കനുസരിച്ച് 8,415 കോടി രൂപയാണ്. മൊത്തം നിക്ഷേപം 8,999.43 കോടി രൂപയും. ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലുമുള്ള ഊന്നൽ തുടരുമെന്ന് കരടുരേഖയിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളിൽ എൻ.ആർ.ഐ. നിക്ഷേപം, കറന്റ് അക്കൗണ്ട് - സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം എന്നിവയിലായിരിക്കും ഊന്നൽ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം വരുമാനം 1,767.28 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അറ്റാദായം 105.40 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 24.23 ശതമാനവും.

from money rss https://bit.ly/3eZnC5o
via IFTTT

ലാഭമെടുപ്പും ആഗോളകാരണങ്ങളും തളർത്തി: നിഫ്റ്റി 15,850ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. എഫ്എംസിജി, ധനകാര്യം, റിയാൽറ്റി ഓഹരികളിലെ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നു. 123.53 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയിൽ പ്രതിഫലിച്ചു. സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ എജ്യുക്കേഷൻ, പ്രോപ്പർട്ടി, ടെക് സെക്ടറുകൾ ചൈനയിൽ സമ്മർദത്തിലായി. ഈയാഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗതീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ. ജെഎസ്ഡബ്ല്യു സ്റ്റീൽ, വിപ്രോ, റിലയൻസ്, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയിൽ പ്രധാനമായും നഷ്ടംനേരിട്ടത്. എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ഡിവീസ് ലാബ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടർ സൂചികകളിൽ നിഫ്റ്റി എനർജി ഒരുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകളും സമ്മർദംനേരിട്ടു. അതേസമയം മെറ്റൽ, ഫാർമ, ഐടി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതരെ 74.40 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.40-74.52 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/3iMzrNa
via IFTTT

ചുരുങ്ങിയ ചെലവിൽ വെള്ളിയിലും നിക്ഷേപിക്കാം: വരുന്നു സിൽവർ ഇടിഎഫ്‌

ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കും. ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ചമ്യൂച്വൽ ഫണ്ട് അഡൈ്വസറി സമതി ഇടിഎഫ് തുടങ്ങാൻ ശുപാർശചെയ്തു. അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ്. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക. നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും. ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ആഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.

from money rss https://bit.ly/3iIsv3E
via IFTTT

Sunday, 25 July 2021

107 എയർപോട്ടുകൾ നഷ്ടത്തിൽ: തിരുവനന്തപുരം എയർപോർട്ടിന്റെ നഷ്ടം 100കോടി

എയർപോർട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാനകാരണം. മുൻസാമ്പത്തികവർഷത്തെ അപേക്ഷിച്ച് നഷ്ടംഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവർഷം 1,368.82 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവുംതിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തികവർഷത്തിൽ 111.77 കോടി നഷ്ടംരേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവർഷം 13.15 കോടി ലാഭത്തിലായിരുന്നു. തിരക്കിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ 2.54കോടി രൂപയും അറ്റാദായംനേടിയിരുന്നു. തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്. അതേസമയം, കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.

from money rss https://bit.ly/2UGm1dO
via IFTTT

സെൻസെക്‌സിൽ 170 പോയന്റ് നഷ്ടത്തോടെ തുടക്കം: റിലയൻസിന്റെ ഓഹരിയിൽ സമ്മർദം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്സ് 170 പോയന്റ് നഷ്ടത്തിൽ 52,804ലിലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ കുറവുവന്നതിനെതുടർന്ന് ഓഹരി വിലയിൽ 0.35ശതമാനം ഇടിവുണ്ടായി. ടിസിഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ് കോർപ്, കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഡിഎൽഎഫ്, എൽആൻഡ്ടി, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത തുടങ്ങി 43 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BE7VKv
via IFTTT

താങ്ങുവില താങ്ങാകണമെങ്കിൽ

മന്ത്രി കെ. രാധാകൃഷ്ണന്റെ കൃഷിത്തോട്ടം കാണാൻപോയി. അദ്ദേഹം ഒന്നാംതരം കൃഷിപ്പണിക്കാരനാണ്. ഇലക്ഷനുമുന്നേ വീടിനടുത്തു കുറച്ചുസ്ഥലം കൂട്ടുകാരുമൊത്ത് പാട്ടത്തിനെടുത്ത് കപ്പക്കൃഷിചെയ്തു. വിളവൊക്കെ ഒന്നാംതരം. പക്ഷേ, കപ്പയ്ക്ക് എട്ട് രൂപയേ വിലയുള്ളൂ. ആ വിലയ്ക്ക് കൃഷി മുതലാവില്ല. അതുകൊണ്ട് കപ്പമുഴുവൻ വാട്ടക്കപ്പയാക്കി. 80,000 രൂപ നഷ്ടമെന്നാണ് രാധാകൃഷ്ണൻ പറഞ്ഞത്. നഷ്ടമൊക്കെ ആയെങ്കിലും ഒരിക്കൽക്കൂടി പരീക്ഷണത്തിനു തുനിഞ്ഞിരിക്കുകയാണ് അവർ. ഇത്തവണ കപ്പ മാത്രമല്ല, ഒന്നിൽ പൊളിഞ്ഞാൽ മറ്റൊന്നിൽനിന്നു കിട്ടിയാലോ. അതുകൊണ്ട് ചേന, മഞ്ഞൾ, കുറ്റിപ്പയർ എല്ലാം നടുന്നുണ്ട്. കൃഷി വെറും ലാഭത്തിനുവേണ്ടി മാത്രമല്ലല്ലോ. അതി​െന്റയൊരുരസം വേറെ. പക്ഷേ, ഒരു തവണകൂടി നഷ്ടത്തിലായാൽ രാധാകൃഷ്ണൻ ആഗ്രഹിച്ചാലും കൃഷിക്ക് കൂട്ടുകാർ ഉണ്ടാവില്ലെന്നതു തീർച്ച. കപ്പയുടെ തറവില കപ്പയ്ക്ക് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളതാണ്. 12 രൂപയാണ് താങ്ങുവില. ആ വിലയ്ക്കു വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹോർട്ടികോർപ്പു വഴിയോ സഹകരണസംഘങ്ങളുടെ വിപണനശാല വഴിയോ തറവിലയ്ക്കു 16 ഇനം പച്ചക്കറികൾ സർക്കാർ സംഭരിക്കുമെന്നാണ് ഉറപ്പുനൽകിയത്. പക്ഷേ, അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. ഞാൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനുകീഴെ കപ്പക്കൃഷിക്കാരുടെ പരാതിപ്രളയമായിരുന്നു. അഞ്ചുരൂപവരെ വിലയ്ക്കു വിറ്റവർ ഉണ്ടത്രേ. ചിലർ മഴവന്നപ്പോൾ ഇഷ്ടമുള്ളവരോട് പറിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. മാതൃഭൂമി 'താങ്ങായില്ല തറവില' എന്ന തലവാചകത്തിൽ ഒരു മുൻപേജ് വാർത്ത തന്നെ കൊടുത്തു. സുഭിക്ഷ കേരളം കാമ്പയിൻ വലിയ ചലനമാണ് നാട്ടിൻപുറങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളത്. പച്ചക്കറിയുടെ കാര്യമെടുത്താൽ കഴിഞ്ഞ നാലുവർഷംകൊണ്ട് പച്ചക്കറി ഉത്പാദനം 6.3 ലക്ഷം ടണ്ണിൽനിന്ന് 14.9 ലക്ഷം ടണ്ണായി ഉയർന്നു. ഒരുലക്ഷം ടൺ ഈ വർഷം കൂടുതൽ ഉത്പാദിപ്പിക്കും. കോവിഡ് കാലത്തും കേരളത്തിന്റെ ഭക്ഷ്യവിലസൂചികയിലെ വർധന അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ താഴ്ന്നുനിന്നതിന് ഒരു കാരണമിതാണ്. തറവില താഴ്ന്നതോ ഒരു പ്രധാന വിമർശനം തറവില താഴ്ന്നുപോയി എന്നതാണ്. ഇത്രയും ആദായം കിട്ടിയാൽപോരായെന്നാണു പരാതി. നിശ്ചയിച്ചിരിക്കുന്ന തറവില ഉത്പാദനച്ചെലവിനെക്കാൾ ശരാശരി 18 ശതമാനം ഉയർന്നതാണ്. സാധാരണ തറവിലയ്ക്ക് ഇത്രവലിയ മാർജിൻ ഒരിടത്തും നൽകാറില്ല. സാധാരണഗതിയിൽ തറവില സംഭരണവിലയെക്കാൾ ഉയർന്നതായിരിക്കും. കൃഷിക്കാർക്ക് അത് എവിടെ വേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പച്ചക്കറിക്കൃഷി ഒരിക്കലും നഷ്ടക്കൃഷി ആകില്ലെന്ന ഗാരന്റി മാത്രമാണു സർക്കാർ നൽകുന്നത്. എന്നാൽ, ഒന്നുണ്ട്, ശരാശരി ഉത്പാദനക്ഷമതയെങ്കിലും കൈവരിച്ചേതീരൂ. ഉദാഹരണത്തിന് വയനാടൻ നേന്ത്രൻ ഹെക്ടറിന് 10 ടണ്ണാണ് ഉത്പാദനക്ഷമതയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ താഴെയാണ് ഉത്പാദനക്ഷമതയെങ്കിൽ തറവില ലഭിച്ചാലും ലാഭകരമായിരിക്കില്ല. ഇങ്ങനെ ഓരോ വിളയ്ക്കും ഉത്പാദനക്ഷമത നിശ്ചയിച്ചിട്ടുണ്ട്. അതിനു മുകളിലേക്ക് ഉത്പാദനക്ഷമത കൊണ്ടുപോവുക എന്നതായിരിക്കണം ഓരോ കൃഷിഭവന്റെയും ലക്ഷ്യം. തറവില ഉയർത്തണമെന്നുള്ള ആവശ്യം തത്കാലം നിൽക്കട്ടെ. എന്നാൽ, തറവിലയ്ക്കു സംഭരിക്കാനുള്ള സംവിധാനം ഫലപ്രദമല്ലെന്നുള്ള വിമർശനം ഗൗരവത്തിൽ എടുത്തേതീരൂ. വൻകിട സംഭരണം രണ്ടു രീതിയിലാണു സംഭരണം. ഒന്ന്: വാണിജ്യാടിസ്ഥാനത്തിൽ വലിയതോതിൽ കൃഷി ചെയ്യുന്നവരിൽനിന്നു വി.എഫ്.പി.സി.കെ. തുടങ്ങിയ ഏജൻസികൾ വഴിയുള്ള സംഭരണം. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ മേഖലകളിൽ വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിയും പഴങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടല്ലോ. ഇവരിൽനിന്ന് വി.എഫ്.പി.സി.കെ.യും ഹോർട്ടികോർപ്പും മറ്റും സാധാരണഗതിയിൽ പച്ചക്കറികളും മറ്റും മാർക്കറ്റു വിലയ്ക്കു ചില്ലറവിപണിയിൽ വിൽക്കുന്നതിനുവേണ്ടി സംഭരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വിലയിടിഞ്ഞാൽ തറവിലയ്ക്കു വാങ്ങുമെന്നുള്ള ഉറപ്പ്. ഇത്തരത്തിൽ സംഭരണപരിപാടിയിൽ ഉൾപ്പെടാൻ ഉദ്ദേശിക്കുന്നവർ കൃഷിഭവൻ വഴി പേര് രജിസ്റ്റർചെയ്യുക. നല്ലൊരുപങ്ക് കൃഷിക്കാർക്ക് ഇതിനെക്കുറിച്ച് അറിയില്ല. സ്കീം പ്രഖ്യാപിച്ചതിനുശേഷം നേന്ത്രൻ, കപ്പ തുടങ്ങിയ പലതും സംഭരിച്ചിട്ടുണ്ട്. ഇവ തറവിലയ്ക്കു സംഭരിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ 25 കോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചതാണ്. എന്നാൽ, മൂന്നുകോടി രൂപയാണ് കഴിഞ്ഞ ധനകാര്യവർഷം ചെലവായിട്ടുള്ളത്. സംഭരണത്തിന്റെ പണം നൽകിയിട്ടില്ലെന്ന ആക്ഷേപവും ചില കോണുകളിലുണ്ട്. സാധാരണഗതിയിലുള്ള ഔട്ട്ലെറ്റ് വിൽപ്പനയ്ക്കുവേണ്ടിയുള്ള സംഭരണം മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ, തറവിലയ്ക്കു നഷ്ടംസഹിച്ച് സംഭരിക്കുന്നതിന് എന്തോ വിമുഖതയുള്ളതായി തോന്നുന്നു. ഇതു മാറണം. രജിസ്റ്റർചെയ്ത കൃഷിക്കാരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഈ ഏജൻസികൾ ഏറ്റെടുത്തേ തീരൂ. നഷ്ടം കുറയ്ക്കുന്നതിനുള്ള മാർഗം മിച്ച ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയാണ്. ഇതിനായി കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികളോ സ്റ്റാർട്ടപ്പുകളോ വഴിയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. കപ്പയുടെ കാര്യത്തിൽ ധനമന്ത്രിതന്നെ മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പരമ്പരാഗത കപ്പ ഉത്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിലാവണം. വാഴക്കുളത്തെ പൈനാപ്പിൾ ഫാക്ടറിയുടെ സംസ്കരണശേഷി പലമടങ്ങ് ഉയർത്തണം. എല്ലാ ജില്ലകളിലും ആഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനു കിഫ്ബിയിൽ നിർദേശിച്ചതാണ്. ജില്ലാ ഫാമുകളിൽ സ്ഥലം കണ്ടെത്തണം. ഇത്തരം പാർക്കുകൾ ആരംഭിക്കുന്നതിനു പിന്നെ എന്താണു തടസ്സം? ചില്ലറ സംഭരണം രണ്ട്: അടുത്ത സംഭരണരീതി പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ വഴിയാണ്. ഇതിനായി തുറക്കുന്ന പച്ചക്കറിക്കടകളിൽ ഏതൊരു കൃഷിക്കാരനും തങ്ങളുടെ പച്ചക്കറി കൊണ്ടുചെന്നു വിൽക്കാം. മാർക്കറ്റു വിലയ്ക്കുവാങ്ങി ചെറിയൊരു മാർജിനെടുത്തു ഉപഭോക്താക്കൾക്കു വിൽക്കും. മാർക്കറ്റുവില തറവിലയെക്കാൾ താഴ്ന്നാൽ തറവിലയ്ക്കു സംഭരിക്കും. മാർക്കറ്റുവിലയ്ക്കു വിൽക്കും. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു പ്രോജക്ടുകൾ വെക്കാം. അഞ്ചുലക്ഷം രൂപവരെ ഇങ്ങനെ വകയിരുത്താവുന്നതാണ്. ഒന്നാം നൂറുദിന പരിപാടിയിൽ ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 250 കടകൾ തുറക്കുമെന്നാണു പ്രഖ്യാപിച്ചത്. കോ-ഓപ്പ് മാർട്ടുകൾ എന്ന ബ്രാൻഡ് പേരിൽ ഈ കടകൾ തുറന്നു. പക്ഷേ, പച്ചക്കറി മാത്രമല്ല, മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും കോ-ഓപ്പ് മാർട്ടിൽ വിൽക്കാം. ഇതിൽ തെറ്റില്ല. മറ്റ് ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന ലാഭം ക്രോസ്-സബ്സിഡിയായി പച്ചക്കറിക്ക് ഉപയോഗിക്കാമല്ലോ. പക്ഷേ, കൂടുതൽ കടകൾ തുറന്നില്ലെന്നു മാത്രമല്ല, തുറന്ന കടകൾ പലതും അവയുടെ അടിസ്ഥാനലക്ഷ്യം വിസ്മരിച്ച മട്ടാണ്. പച്ചക്കറിയൊഴികെ ബാക്കിയെല്ലാം അവിടെ ലഭിക്കും. സഹകരണസംഘവും പഞ്ചായത്തും കോ-ഓപ്പ് മാർട്ടുകൾ വഴിയുള്ള സംഭരണം ഫലപ്രദമാകണമെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായിട്ടുള്ള ഏകോപനം അനിവാര്യമാണ്. സഹകരണ ബാങ്കും പഞ്ചായത്തും ചർച്ചചെയ്ത് ധാരണയിൽ എത്തണം. പച്ചക്കറി വാങ്ങുന്നതും വിൽക്കുന്നതും സംബന്ധിച്ചും സുതാര്യമായ കണക്കുരീതി ഉറപ്പുവരുത്തണം. മാത്രമല്ല, ഒരു ബ്ലോക്കിൽ ഒന്നെങ്കിലുംവെച്ച് ഒരു കോൾഡ് സ്റ്റോർ അനിവാര്യമാണ്. ഇത് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോജക്ടാകാം. നബാർഡിന്റെ വായ്പ ലഭ്യമാണ്. നടത്തിപ്പ് ഒരു സ്വയംസഹായസംഘത്തെ ഏൽപ്പിക്കാവുന്നതാണ്. ഇതിനുപുറമേ ബ്ലോക്ക് അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ കൊണ്ടാട്ടം, വറവുകൾ, ജാം തുടങ്ങിയവ ഉണ്ടാക്കുന്ന ചെറുകിട സംരംഭങ്ങളും വേണം. അധികംവരുന്ന മിച്ച ഉത്പന്നങ്ങൾ ഇത്തരത്തിൽ സംസ്കരിച്ച് വിപണിയിൽ ഇറക്കാൻ കഴിയണം. 1000 ജനസംഖ്യക്ക് അഞ്ചുവീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണല്ലോ. കഞ്ഞിക്കുഴി മാതൃക ഇതൊക്കെ പ്രായോഗികമാണോയെന്നു ചിന്തിക്കുന്ന സന്ദേഹവാഹികളോടു പറയാനുള്ളത്, രണ്ടുവർഷം കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തുകൾ ഈ സ്കീം വിജയകരമായി നടപ്പാക്കിയതാണ്. പക്ഷേ, ഇപ്പോൾ ഇങ്ങനെയൊരു സ്ഥിരംസംവിധാനത്തി​െന്റതന്നെ ആവശ്യം അവിടെ ഇല്ല. കാരണം, അവിടത്തെ പച്ചക്കറിക്കു നല്ലൊരു ജൈവബ്രാൻഡ് പ്രശസ്തിയുണ്ട്. അതുകൊണ്ട് കൂടുതൽ വിലയ്ക്കു വാങ്ങാൻ ആളുകൾ തയ്യാറാണ്. ഓൺലൈൻ മാർക്കറ്റിങ് അടക്കമുള്ള രീതികൾ അവലംബിക്കുന്ന ഒട്ടേറെ സംരംഭകർ വളർന്നുവന്നുകഴിഞ്ഞു. ഈ ചൊരിമണൽ പ്രദേശത്തു പച്ചക്കറിക്കൃഷി സ്ഥായിയാക്കുന്നതിൽ വിപണനത്തിനു നൽകിയ ശ്രദ്ധ നിർണായകമായി.

from money rss https://bit.ly/36Zo4vI
via IFTTT

Saturday, 24 July 2021

സൊമാറ്റോയുടെ ഓഹരി വില്പന: കോടീശ്വരന്മാരായത് 18ലേറെപ്പേർ

സൊമാറ്റോയുടെ പൊതുവിപണിയിലെ അരങ്ങേറ്റത്തിൽ കോടീശ്വരന്മാരായത് 18ലേറെ പേർ. സഹസ്ഥാപകരായ ദീപേഷ് ഗോയൽ, ഗുഞ്ജൻ പഡിദാർ, മോഹിത് ഗുപ്ത, ഗൗരവ് ഗുപ്ത, അക്രിതി ചോപ്ര ഉൾപ്പടെയുള്ളവരാണ് കോടികളുടെമൂല്യമുള്ള ഓഹരി ഉടമകളായത്. ചീഫ് എക്സിക്യുട്ടീവുമായ ദീപേന്ദർ ഗോയലിന് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ്(ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥവാകാശ പദ്ധതി) പ്രകാരം ലഭിച്ച ഓഹരികളുടെ മൂല്യം വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കനുസരിച്ച് 4,650 കോടിയായി. ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പടിഡാറിന്റെ ഓഹരികളുടെ മൂല്യം 363 കോടി രൂപയാണ്. ബിസിനസ് ഹെഡ് മോഹിത് ഗുപ്തയ്ക്ക് ലഭിച്ച ഓഹരികളുടെ മൂല്യം 195 കോടി രൂപയുമായി വർധിച്ചു. വിതരണമേഖലയുടെ ചുമതലവഹിക്കുന്ന ഗൗരവ് ഗുപ്തയുടെ ഓഹരി മൂല്യമാകട്ടെ 179 കോടി രൂപയും. അടുത്തയിടെ സഹസ്ഥാപക പദവിയിലെത്തിയ അക്രിതി ചോപ്രക്ക് ലഭിച്ച ഓഹരികളുടെ മൂല്യമാകട്ടെ 149 കോടിയായും ഉയർന്നു. സൊമാറ്റൊയെ ഓഹരി വിപണിയിലേയ്ക്ക് നയചിച്ച ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷാന്ത് ഗോയലിന്റെ ഓഹരി മൂല്യം 114 കോടിയാണ്. ജീവനക്കാർക്കുളള ഓഹരി ഉടമസ്ഥാവകാശപ്രകാരം ഓഹരി ലഭിച്ച മറ്റുള്ളവർ: അങ്കിത് കത്ര-105 കോടി രാഹുൽ ഗഞ്ജു-71കോടി ചൈതന്യ മാത്തൂർ-67 കോടി ഡാമിനി സ്വാഹ്നെ-43 കോടി മഞ്ജുനാഥ് രാമകൃഷ്ണൻ 30 കോടി അജിത് പാസി-26 കോടി കുനാൽ സ്വരൂപ്-22 കോടി പ്രശാന്ത് മാലിക്-20 കോടി അലൻകൃത് നിഷാദ്-17 കോടി ഡാമിനി ഭല്ല-10 കോടി സിദ്ധാർഥ് ജാവർ-9കോടി ഐപിഒ വിലയായ 76 രൂപയിൽനിന്ന് 50ശതമാനം പ്രീമിയത്തിൽ 125.85 രൂപയിലാണ് വെള്ളിയാഴ്ച സൊമാറ്റൊയുടെ ഓഹരി ക്ലോസ് ചെയതത്. ലിസ്റ്റ് ചെയ്ത നിലവാരമായ 115 രൂപയേക്കാൾ 9ശതമാനം ഉയരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി വിപണിയുടെ 11 വർഷത്തെ ചരിത്രത്തിലെ ഉയർന്ന ഡിമാന്റാണ് ഐപിഒക്കുണ്ടായത്. 9,375 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പ്രാരംഭ ഓഹരി വില്പനക്ക് 40.38 ഇരട്ടി അപേക്ഷകൾ ലഭിച്ചു.

from money rss https://bit.ly/2V9wnCw
via IFTTT

Friday, 23 July 2021

നിക്ഷേപ ബാങ്കുകൾക്ക് ചാകര: ഫീസിനത്തിൽ സൊമാറ്റോ ചെലവാക്കിയത് 229 കോടി

ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാൻ കമ്പനികൾ വരിനിൽക്കുമ്പോൾ നിക്ഷേപ ബാങ്കുകൾക്ക് ചാകര. ഐപിഒ നടപടിക്രമങ്ങൾക്കായി അണിയറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങുന്നത്. ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒ കൈകാര്യംചെയ്യുന്നതിന് ബാങ്കർമാർ ഫീസിനത്തിൽ 229 കോടി രൂപയാണ് ഈടാക്കിയത്. ഇതുവരെയുള്ള ഐപിഒകളുടെ കണക്കുനോക്കിയാൽ ഏറ്റവുംകൂടുതൽ തുകയാണിതെന്ന് വ്യക്തം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ക്രഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് സൊമാറ്റൊയുടെ ഐപിഒയ്ക്കുപിന്നിൽ പ്രവർത്തിച്ചത്. ഇതുവരെ വിപണിയിൽലെത്തിയ ഐപിഒകളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവും ഉയർന്നനിരക്കാണിത്. ചരിത്രംപറയുന്ന കണക്കുകൾ നവംബറിൽ ഗ്ലാൻഡ് ഫാർമയുടെ 6,479.5 കോടി രൂപയുടെ ഐപിഒ നടപടികൾക്കായി നിക്ഷേപ ബാങ്കുകൾ 97.34 കോടി രൂപയും 2016ലെ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ 6,056.79 കോടി രൂപയുടെ ഐപിഒയ്ക്ക് 90.85 കോടി രൂപയും ജൂണിലെ സോന ബിഎസ്ഡബ്ല്യു പ്രിസിഷൻ ഫോർജിങ് ലിമിറ്റഡിന്റെ 5,550 കോടി രൂപയുടെ ഐപിഒയ്ക്ക് 85.25 കോടി രൂപയുമാണ് ഫീസിനത്തിൽ നിക്ഷേപ ബാങ്കുകൾ ഈടാക്കിയത്. എസ്ബിഐ കാർഡ് ആൻഡ് പെയ്മെന്റ് സർവീസസ് ലിമിറ്റഡിന്റെ 10,340.79 കോടി രൂപയുടെ ഐപിഒയ്ക്ക് ബാങ്കുകൾക്ക് ലഭിച്ചത് 48.34 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ 8,695 കോടിയുടെ ഐപിഒക്ക് 35.61 കോടി രൂപയുമാണ് ഫീസിനത്തിൽ ബാങ്കുകൾക്ക് നൽകിയത്. കനത്ത ഫീസ് എന്തുകൊണ്ട്? സ്റ്റാർട്ടപ്പായിവന്ന് രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമായ ടെക് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പാണിത്. പ്രൊസ്പക്ടസ് തയ്യാറാക്കുന്നതു മുതൽ റെഗുലേറ്ററിൽനിന്ന് അംഗീകാരംനേടുന്നതിനും ആഗോള നിക്ഷേപഭീമന്മാരെ ആകർഷിക്കുന്നതിന് വിദേശ വിപണികളിലെ മാർക്കറ്റിങിനും വൻതുകയാണ് സൊമാറ്റോക്ക് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്. ഐപിഒക്കുവേണ്ടി പ്രവർത്തിച്ച അഞ്ച് ബാങ്കുകൾക്കും ഫീസ് തുല്യമായല്ല വീതിച്ചിരിക്കുന്നതെന്ന് വ്യക്തം. ആഗോളതലത്തിൽ ഐപിഒ ഏകോപനത്തിന് നേതൃത്വംനൽകിയവർക്ക് ലീഡ് ബാങ്കിനേക്കാൾ കൂടുതൽ പണംചെലവഴിക്കേണ്ടിവന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഐപിഒ സൈസ് 5,000 കോടി രൂപക്കുതാഴെയാണെങ്കിൽ 2-3ശതമാനമാണ് ഫീസായി ഈടാക്കുന്നത്. അതേസമയം, 5000 കോടിക്കുമുകളിലാണെങ്കിൽ നിരക്ക് രണ്ടുശതമാനത്തിന് താഴെയുമാണ്. മറ്റ് ഐപിഒകളുമായി സൊമാറ്റോയെ താരതമ്യംചെയ്യാനുംകഴിയില്ല. കാരണം, വിദേശസാധ്യതകൾ പ്രയോജനപ്പെടുത്താനായി വിദേശ ബാങ്കർമാരുടെ സംയുക്തസമതിതന്നെ അതിനായി പ്രവർത്തിച്ചിട്ടുണ്ട്. വിദേശ ഐപിഒക്കുവരുന്ന നിരക്കുകൾ അതുകൊണ്ടുതന്നെ ബാധകമായിവന്നിട്ടുണ്ടാകാം. നിക്ഷേപ ബാങ്കുകൾക്കുംനേട്ടം കാളവിപണിയിൽ രാജ്യത്ത് ഒരുവർഷത്തിനിടെ ഐപിഒയുമായെത്തിയത് നിരവധി കമ്പനികളാണ്. 2021ന്റെ ആദ്യപകുതിയിൽതന്നെ ഈയിനത്തിൽ നിക്ഷേപ ബാങ്കുകൾ 437.9 മില്യൺ ഡോളർ നേടിയതായാണ് ഫിനാൻഷ്യൽ മാർക്കറ്റ് വിദഗ്ധരായ റിഫിനിറ്റീവിന്റെ വിലയിരുത്തൽ. ഫീസിനത്തിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 25ശതമാനത്തിലേറെയാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3y58ivj
via IFTTT

പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും; പിരിച്ചത് 1,700 കോടി

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക്-സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്ക് 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്. ജൂലായ് 31-ഓടെ കാലാവധി അവസാനിക്കുന്നതിനാൽ ഇതിനുശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്വേറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് അറിയിച്ചു. 1,700 കോടി രൂപയിലധികമാണ് പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. 1,000 കോടി രൂപയോളം ഇതുവഴി കണ്ടെത്താനായിരുന്നു ലക്ഷ്യം. എന്നാൽ, 2020 അവസാനത്തോടെ തന്നെ ഇതിനേക്കാൾ കൂടുതൽ തുക പിരിച്ചിരുന്നു. എന്നാൽ, പുനർ നിർമാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാൻ സംസ്ഥാനത്തിന് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയിരുന്നു. അഞ്ചു ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന-സേവനങ്ങളെയും സെസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

from money rss https://bit.ly/3eQGALr
via IFTTT

റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ ഇടിവ്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം കുറവ്. ലോക്ഡൗൺ, റീട്ടെയിൽ ബിസിനസിനെ ബാധിച്ചതാണ് ലാഭം കുറയാൻ കാരണം. അതേസമയം, വരുമാനം 91,238 കോടിയിൽ നിന്ന് 1,44,372 കോടി രൂപയായി ഉയർന്നു. ടെലികോം സംരംഭമായ ജിയോയുടെ അറ്റാദായം ഇതേ കാലയളവിൽ 44.9 ശതമാനം വർധിച്ച് 3,651 കോടി രൂപയായി. ജിയോയുടെ വരുമാനം 18,952 കോടി രൂപയായി ഉയർന്നു.

from money rss https://bit.ly/3i30kgw
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 138.59 പോയന്റ് ഉയർന്ന് 52,975.80ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 15,856ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്ത സൊമാറ്റോ മികച്ച നേട്ടമുണ്ടാക്കി. ഐപിഒ വിലയിൽനിന്ന് 65ശതമാനംനേട്ടത്തിലായിരുന്നു ക്ലോസിങ്. ഒരുവേള 20ശതമാനമെന്ന അപ്പർ സർക്യൂട്ട് ഭേദിച്ച് 138 നിലവാരത്തിലെത്തിയെങ്കിലും 126 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ഐടിസി, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, എൽആൻഡ്ടി, അദാനി പോർട്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. ഓട്ടോ, ക്യാപിറ്റൾ ഗുഡ്സ്, പവർ, ഇൻഫ്ര സെക്ടറുകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ മൂല്യം 74.40ലാണ് ക്ലോസ് ചെയ്തത്. 74.37-74.57 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/36Vezhf
via IFTTT