121

Powered By Blogger

Sunday, 1 December 2019

വിദേശത്ത് സ്ഥിരതാമസക്കാരുടെ എണ്ണം ഏറുന്നുവോ...?

കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുഹൃത്ത് മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പോയി. പോയസമയത്ത് അക്കാദമിക ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 'തുടങ്ങിവച്ച ഗവേഷണം അവിടെ ചെന്ന് പൂർത്തിയാക്കണം... പറ്റുമെങ്കിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും അവിടത്തെ സർവകലാശാലയിൽത്തന്നെ നടത്തണം...' -കെമിക്കൽ എൻജിനീയറിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വാചാലനാവുമായിരുന്നു. പദ്ധതിചെയ്തിരുന്നതുപോലെതന്നെ ജോലിയും പഠനവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോയി. ഇതിനിടയിൽ വിവാഹവും കുടുംബവുമൊക്കെയായി. വാടകയിൽനിന്ന് രക്ഷപ്പെടാനായി ആദ്യം ചെറിയ ഒരു അപ്പാർട്ട്മെന്റ് വാങ്ങി. മക്കൾ വലുതായപ്പോൾ അവർക്ക് കളിക്കാനും മറ്റുമുള്ള സൗകര്യം കണക്കിലെടുത്ത് പിന്നീട് വീടുവാങ്ങി. തുടർന്ന് പല വീടുകൾ വാങ്ങുകയും പഴയവ വാടകയ്ക്ക് കൊടുക്കുകയും വിൽക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പതുക്കെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നു. ഇന്ന് നാട്ടിൽനിന്ന് ജോലിയന്വേഷിച്ച് എത്തുന്നവർക്ക് വാടകയ്ക്കും സ്വന്തമായി വാങ്ങാനും വീട് വേണമെങ്കിൽ ആദ്യം സമീപിക്കുന്ന ആളായി അദ്ദേഹം വളർന്നു. അടുത്തകാലത്ത് എയർപോർട്ടിനടുത്തായി കുറച്ചധികം ഭൂമി വാങ്ങി. ചെറു തുണ്ടുകളായുള്ള വിതരണവും അതോടൊപ്പംതന്നെ അപ്പാർട്ടുമെന്റ് കെട്ടി ഉയർത്താനുമുള്ള യജ്ഞത്തിലാണ്. തന്റെ കെമിക്കൽ എൻജിനീയറിങ് വിജ്ഞാനത്തിന് ഈ മേഖലയിലും പ്രായോഗികതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിദേശത്ത് ഭൂമി വാങ്ങിക്കൂട്ടുന്ന മലയാളികളുടെ എണ്ണം ഏറുന്നുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. യു.കെ., യു.എസ്.എ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഈ പ്രവണതയേറുന്നു. ലണ്ടൻ വിപണിയിൽ മാത്രം വീട് വാങ്ങുന്ന ഭാരതീയരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 25 ശതമാനം വർധനയാണ് ഉണ്ടായത്. കാരണം ഏകദേശം 15-നും 20 ശതമാനത്തിനും ഇടയിൽ വസ്തുവിന് വിലകുറഞ്ഞു. അതിനാൽ, മദ്ധ്യവർഗവും അതിസമ്പന്നരും അവർക്കിണങ്ങിയവ വാങ്ങുന്നു. ഇതിന്റെ മറ്റു കാരണങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്. തുടക്കത്തിൽ വാടകയ്ക്ക് ആരംഭിക്കുന്ന ജീവിതം പിന്നീട് ലളിതമായ ഭവനവായ്പയും വായ്പകിട്ടാനുള്ള എളുപ്പവും അവരെ സ്വന്തമായി വീട് വാങ്ങിക്കുന്നതിൽ ഉത്സുകരാക്കുന്നു. മാത്രവുമല്ല, 'വാടകയ്ക്ക് കൊടുക്കുന്ന തുകയേക്കാളും അൽപ്പം കൂടുതൽ തുക മാത്രം ഇ.എം.ഐ. അടച്ചാൽ കെട്ടിടം സ്വന്തമാവുമല്ലോ' എന്നും ചിന്തിക്കുന്നു. പിന്നീട് മക്കൾ സ്കൂൾപ്രായമെത്തുമ്പോൾ കുറച്ചുകൂടി വലിയ ഭവനം ആവശ്യമായിവരുന്നു. 'പഴയത് വാടകയ്ക്ക് കൊടുക്കാമല്ലോ' എന്നും കരുതുന്നു... ഒടുവിൽ, പിന്നീട് ഒരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാത്തവിധം ജീവിതം വിദേശത്തേക്ക് മാത്രമായി പറിച്ചുനടുന്നു. 'തിരിച്ചുവന്നിട്ട് എന്തുചെയ്യാൻ...?' എന്ന ചോദ്യവും അവശേഷിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്നും പ്രഥമസ്ഥാനത്തുള്ള ഉത്പാദനഘടകമാണ്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾ ഏറെയും ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ സ്റ്റുവാർട്ട് മില്ലിന്റെ അഭിപ്രായത്തിൽ 'ഭൂമി മനുഷ്യൻ സൃഷ്ടിച്ചതല്ല. അതുകൊണ്ടുതന്നെ കൃത്യമായ ആദ്യ ഉടമയെന്നോ അവകാശി എന്നോ വേർതിരിച്ച് പറയാനാവില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്ന പദത്തിൽ മണ്ണ് മാത്രമല്ല ഉൾക്കൊള്ളിച്ചിരിക്കുന്നത്... അതിൽ കാട്, പുഴ, സമുദ്രം, സൂര്യപ്രകാശം തുടങ്ങി പ്രകൃതി സൗജന്യമായി നൽകിയിരിക്കുന്ന എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അത് കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കുന്ന വസ്തുവാണ്...' പുഴ, കാട് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ പേരിലുള്ള തർക്കത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സാമ്പത്തികശാസ്ത്ര പഠന മേഖലയിലെ ഒരു പ്രധാന ശാഖയാണ് 'ലാൻഡ് ഇക്കണോമിക്സ്. ഭൂമിയുടെ സാമ്പത്തികഗുണങ്ങളെയും കാർഷിക-സാമ്പത്തിക ശാസ്ത്രത്തെയും കേന്ദ്രീകരിക്കുന്ന ഈ പഠനശാഖയിൽ ബിരുദവും പല സർവകലാശാലകളും ഒരുക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട് ഒരു ആഗോള വ്യവസായ സാധ്യതയുടെ ലോകവും ഈ പഠനശാഖ മുന്നോട്ടുവയ്ക്കുന്നു. ഭൂമി ദൈവത്തിന്റെ വരദാനമാണ്... മനുഷ്യൻ എപ്രകാരം ഉപയോഗിക്കുന്നുവെന്നതനുസരിച്ച് അത് ഫലം നൽകുന്നു. മലബാർ കുടിയേറ്റകഥ മദ്ധ്യതിരുവിതാംകൂറുകാർക്ക് സുപരിചിതമാണ്. മണ്ണിനോട് പടവെട്ടി പൊന്നു വിളയിച്ചവരാണവർ. എന്നാൽ, അടുത്ത തലമുറയ്ക്ക് ഇതിനോടൊന്നും താത്പര്യമില്ലല്ലോ എന്നുപറഞ്ഞ് പഴയ തലമുറ വ്യസനിക്കുന്നതും കാണാം. അവരുടെ ഭാഷയിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കുന്ന ഇന്നത്തെ സ്വാർത്ഥതയുടെ സംസ്കാരത്തിൽ ഭൂമിയോട് കാണിക്കുന്ന ക്രൂരതമൂലം മാനവികവും പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും പ്രകൃതിദുരന്തങ്ങൾക്കും വിവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഭൂമിയെ ജീവിതമാർഗമായി കണ്ടെത്തുന്നവരുടെ എണ്ണം കുറയുന്നതിന്റെ കാരണം, പ്രകൃതി നൽകുന്ന തിരിച്ചടികളും മണ്ണിലെ അദ്ധ്വാനത്തിന്റെ ഫലമില്ലായ്മ സൃഷ്ടിക്കുന്ന തരത്തിലുള്ള കർഷകരുടെ പ്രശ്നങ്ങളുമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വികസനം വഴിയായി ഭൂമികേന്ദ്രീകൃതമായ സമ്പദ്വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്ന സംസ്കാരം ഇവിടെയും ഉടലെടുക്കണം. വിദേശത്ത് മാത്രമല്ല, നമ്മുടെ നാട്ടിലും ഭൂമി കേവലം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കപ്പുറം വലിയതോതിലുള്ള ദീർഘകാല നിക്ഷേപസാധ്യതയായി മാറണം. വിദേശമലയാളികൾ നാട്ടിൽ ഭൂമി മേടിക്കാൻ പണ്ട് കാണിച്ചിരുന്ന ഉത്സാഹം വീണ്ടെടുക്കണം. കാരണം, ആൽഡോ ലിയോപോൾഡ് പറയുന്നതുപോലെ 'ഭൂമി എന്നത് കേവലം ഒരുപിടി മണ്ണല്ല, അത് സകല ജീവജാലങ്ങൾക്കുമുള്ള ഊർജസ്രോതസ്സാണ്.'

from money rss http://bit.ly/2rJTeGl
via IFTTT