121

Powered By Blogger

Sunday, 22 December 2019

സംരംഭകനാകണോ ജെഫ് ബെസോസിനെ കണ്ടുപടിക്കൂ

'ആമസോൺ' എന്ന പേര് സൗത്ത് അമേരിക്കയിലെ നദിയുടെ പേരായിട്ടല്ല, മറിച്ച് വിജയകരമായ ഒരു ഓൺലൈൻ വ്യാപാരശൃഖലയായാണ് സാമ്പത്തിക വ്യാപാര രംഗത്ത് അറിയപ്പെടുന്നത്. അതിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ 'ജെഫ് ബെസോസ്' ലോകപ്രശസ്തനായ ധനാഢ്യനാണ്. കുട്ടിക്കാലം മുതൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുള്ള ആഗ്രഹത്തെ തുടർന്ന് അദ്ദേഹം വീട്ടിൽത്തന്നെ ഇലക്ട്രിക്കൽ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തി ആദ്യബിസിനസ് സംരംഭത്തിന് തുടക്കമിട്ടു. കംപ്യൂട്ടർ സയൻസിലും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് വാൾസ്ട്രീറ്റിലെ വിവിധ കമ്പനികളിൽ ജോലിചെയ്ത് ഏറ്റവും ചെറുപ്പക്കാരനായ വൈസ് പ്രസിഡന്റ് സ്ഥാനത്തുവരെ എത്തി. നാല് വർഷത്തിനുശേഷം മുപ്പതാമത്തെ വയസ്സിൽ ജോലി ഉപേക്ഷിച്ച് 'ആമസോൺ ഓൺലൈൻ ബുക്ക് സ്റ്റോർ' സ്ഥാപിച്ചുകൊണ്ട് ബിസിനസ് രംഗത്ത് സജീവസാന്നിദ്ധ്യമായി. കേവലം രണ്ട്കിടപ്പുമുറിവീടിന്റെ സംവിധാനത്തിൽ നിന്ന് ആരംഭിച്ച പ്രസ്ഥാനം, ആദ്യത്തെ മാസത്തിൽത്തന്നെ 45 രാജ്യങ്ങളിൽ വിറ്റഴിച്ച് രണ്ടുമാസത്തിനുള്ളിൽ ആഴ്ചയിൽ 20,000 ഡോളറിന്റെ വില്പനയിലേക്ക് കടന്നു. തുടർന്ന് സി.ഡി, വീഡിയോ തുണിത്തരങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഫലപ്രദമായ ഉപഭോക്തൃ സമീപനവും വഴി ഇ-കൊമേഴ്സ് രംഗത്ത് നേതൃത്വത്തിലെത്തി. സാമ്പത്തികശാസ്ത്രത്തിൽ 'ജോസഫ് ആലിയോസ് ഷും പീറ്റർ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് 'സംരംഭകത്വം' എന്ന സാമ്പത്തിക ആശയത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത്. സാഹസികൻ എന്ന് ഭാഷാന്തരം നടത്താവുന്ന 'എൻട്രപ്രണർ' എന്ന ഫ്രഞ്ച് പദം സാമ്പത്തികശാസ്ത്രത്തിൽ ചേർത്തത് 'ജീൻ ബാപ്റ്റിസ്റ്റ് സേ' എന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 'ആഡം സ്മിത്തി'ന്റെ ആശയങ്ങളെല്ലാം പഠിച്ചതിനുശേഷം സംരംഭകത്വത്തിന് സ്മിത്ത് വലിയ പ്രാധാന്യം നൽകാഞ്ഞതിനെക്കുറിച്ച് സേ അഭിപ്രായപ്പെടുന്നുമുണ്ട്. സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, വിജയകരമായി നിലനിർത്തണമെങ്കിൽ തീവ്രവും സന്തുലിതവുമായ സമീപനം ആവശ്യമാണ്. പ്രധാനമായും ഏഴ് കാര്യങ്ങൾ ഇതിൽ ഉൾപെട്ടിരിക്കുന്നു: 'സ്ഥിരോത്സാഹം' ആണ് പ്രഥമമായിട്ടുള്ളത്. സംരംഭകത്വം ഒരു പ്രക്രിയയാണ്. ആരംഭത്തിലുള്ള ആവേശം തുടരുന്നതായിരിക്കണം. 'മൂലധനസമാഹരണം' ആണ് അനിവാര്യമായിട്ടുള്ള അടുത്ത ഘടകം. പണം, മനുഷ്യവിഭവശേഷി, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ ഇവയെല്ലാം കൃത്യമായ അനുപാതത്തിലായിരിക്കണം. 'പുതുമ' എന്ന് വിളിക്കാവുന്ന 'ഇന്നൊവേഷൻ' അഥവാ 'നൂതനത്വം' സംരംഭകത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉത്പാദനം മുതൽ അവതരണം വരെ ഓരോ ഘട്ടത്തിലും പുതുമ സൃഷ്ടിക്കാം. 'സഹപ്രവർത്തകരുമായുള്ള ബന്ധം' ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവശ്വാസമാണ്. ഇതിൽ കൂട്ടുബിസിനസുകാരും ജീവനക്കാരും ഉൾപ്പെടുന്നു. 'ഉത്പന്ന വികേന്ദ്രീകരണം' വഴി ഉപഭോക്താവിന് ആവശ്യമുള്ളത്, നിശ്ചിതസമയത്ത് ലഭ്യമാക്കുന്നതിലാണ് സംരംഭകന്റെ വിജയം. 'തുടർസേവനം' ലഭ്യമാവുമെന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. 'റിസ്ക് എടുക്കാനുള്ള കഴിവ്' സംരംഭകത്വത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകത്വത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്. ഒന്നിലെ നഷ്ടം മറ്റൊന്നിലെ ലാഭമാക്കാനുള്ള കഴിവാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത്. 'വാൾട്ട് ഡിസ്നി'യുടെ അഭിപ്രായത്തിൽ 'നിങ്ങൾക്ക് സംരംഭം സ്വപ്നംകാണാനാവുമെങ്കിൽ അത് ചെയ്യാനുമാവും. എപ്പോഴും സ്വപ്നങ്ങളുള്ളവരുടെ കൂടെയായിരിക്കാൻ പരിശ്രമിക്കുക. അസൂയാലുക്കളെ കണ്ട് അസ്വസ്ഥരാേകണ്ട... കാരണം, നിങ്ങളുടെ നേട്ടം അവർ അംഗീകരിച്ചതിന്റെ തെളിവാണത്.' 'വിജയം ആത്യന്തികമല്ല, പരാജയം അവസാനവുമല്ല, തുടർന്നുകൊണ്ടേയിരിക്കുവാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്' എന്ന 'വിൻസ്റ്റൺ ചർച്ചിലി'ന്റെ വാക്കുകൾ ഓരോ സംരംഭകനും ഉണർത്തുപാട്ടാണ്.

from money rss http://bit.ly/2MjI7Lw
via IFTTT