121

Powered By Blogger

Tuesday, 31 December 2019

കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം?

ബോംബെയിൽ വന്നെത്തുന്ന ഭൂരിഭാഗം മനുഷ്യരും ഇവിടെവന്നൊരു ജോലി കണ്ടെത്തി, മാസാമാസം കിട്ടുന്ന ശമ്പളംകൊണ്ട് അവനവന്റെ കെല്പനുസരിച്ച് ജീവിതം നയിച്ച് റിട്ടയർ ചെയ്യുന്നവരായിട്ടാണ് പരമ്പരാഗതമായി കണ്ടുവരുന്നത്. അതിലും വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടാവും. ടൈപ്പിസ്റ്റുതൊട്ട് മാനേജർ ലെവലുവരെയും അതിനപ്പുറവും. എഴുപതുകളിൽ ഞാനും അങ്ങനെ വന്നവനാണ് ഈ നഗരത്തിലേക്ക്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ മാസശമ്പളം. അത് എഴുന്നൂറ്റമ്പതും രണ്ടായിരവും ഒക്കെയായി. ഇവിടെവെച്ചാണ് ഞാനൊരു സാഹസിക തീരുമാനം എടുത്തത്. എനിക്കിങ്ങനെയായാൽ പോരാ... എനിക്കൊരു കാർ വാങ്ങണം... നല്ലൊരു വീട് വേണം... മക്കളാണ് എന്റെ ജീവിതസന്തോഷം... അവരെ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കണം... കുടുംബ ഭൂസ്വത്ത് അത്രയ്ക്കൊന്നും ഉള്ളവനുമായിരുന്നില്ല ഞാൻ. ബാറ്റ്ലിേബായ്സ് എന്ന വലിയ സ്ഥാപനത്തിലെ ജോലി മതിയാക്കിയാണ് ഞാൻ സ്വന്തം ബിസിനസിലേക്ക് ഇറങ്ങിയത്. അതും ട്രേഡിങ്ങിലേക്ക്. ഇലക്ട്രിക്കൽ ഇൻസുലേറ്റർ ട്രേഡിങ്. അതിൽ പച്ചപിടിച്ചുവരുമ്പോഴാണ് അതിന്റെ മുഖ്യ ഉപഭോക്താവായ സർക്കാരിന്റെ ഫണ്ടിന് ഗ്ലാനി സംഭവിക്കുന്നതും മറ്റൊരു ചുവടുമാറ്റം ആവശ്യമായിവന്ന ഘട്ടം അഭിമുഖികരിക്കേണ്ടി വന്നതും. അന്ന്, ഞാൻ ബോംബെയിലെ കലീനയിൽ സ്വന്തം ഫ്ളാറ്റിലായിരുന്നു താമസം. ഓഫീസെന്ന് പറയാവുന്നിടത്ത് അത്യാവശ്യം ഒരു ടൈപ്പിസ്റ്റും എന്റെ ബന്ധുകൂടിയായ ദേവരാജനും ഉണ്ടെന്നല്ലാതെ മറ്റു കാര്യങ്ങളൊക്കെ നോക്കേണ്ടത് ഞാൻതന്നെയായിരുന്നു. രണ്ട് കുട്ടികളായി. രണ്ടാമതു പിറന്നത് മോളായിരുന്നു. മൂന്നുമാസമേ ആയിട്ടുള്ളൂ. ട്രേഡിങ് നടത്തുന്ന കാലം തിരക്കുപിടിച്ചതായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെയാണ് പോവേണ്ടത്. രാവിലെ ഇറങ്ങിത്തിരിച്ചാൽ ഏകദേശം രാത്രിയാവും വീട്ടിലെത്തുമ്പോൾ. ഒരുദിവസം രാത്രി വീട്ടിലെത്തുമ്പോൾ ഭാര്യ, കുഞ്ഞുമോളുടെ ശരീരഭാഗങ്ങളിൽ ചുവന്ന ചില തിണർപ്പുകൾ കാണിച്ചുതന്നു. നല്ല വെളുത്ത ശരീരമായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ തിണർപ്പുകൾ കൂടുതൽ എടുത്തുകാണിച്ചു. രാവിലെതന്നെ മോളെയുംകൊണ്ട് തൊട്ടടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചിട്ടു പറഞ്ഞു: 'മോഹൻജി, പേടിക്കാനൊന്നുമില്ല. ഇത് കൊതുക് കുത്തിയതുകൊണ്ട് വന്നതാണ്. ഉറങ്ങുമ്പോൾ കൊതുകുവലയോ മറ്റോ കെട്ടി കുട്ടിയെ കിടത്തിയാൽ ഇത് താനേ മാറിക്കൊള്ളും. മരുന്നൊന്നും വേണ്ട'. അക്കാലത്ത് കൊതുകിനെ ഓടിക്കാൻ ഒരു 'ആമ മാർക്ക് തിരി'യാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. പക്ഷേ, അത് കത്തിച്ചുകഴിഞ്ഞാലുണ്ടാവുന്ന പുക ശ്വസിച്ചാൽ പലർക്കും അലർജി ഉണ്ടാവും. അതുകൊണ്ട് ആവഴി നോക്കണ്ട. അങ്ങനെ കൊതുകുവല തുന്നിയ ഒരു ചതുരൻ കുട വാങ്ങി. കുട്ടി ഉറങ്ങുമ്പോൾ മുകളിൽ കമഴ്ത്തിവെയ്ക്കാം ഈ കുട. പക്ഷേ, എന്റെ മോൾ ഉറങ്ങിയാൽ, കിടത്തിയ സ്ഥാനത്താവില്ല കുറച്ചുകഴിയുമ്പോൾ. അവൾ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും സ്ഥാനം തെറ്റിക്കും. ഉറങ്ങിക്കഴിഞ്ഞ് മുകളിൽ കമഴ്ത്തിയ കുട കുറെ കഴിയുമ്പോൾ ഉരുട്ടി ദൂരെക്കളയും. അങ്ങനെ കുട പരാജയപ്പെട്ടു. കൊതുകിനെ ഓടിക്കാൻ മറ്റെന്താണ് മാർഗം? ഞാൻ ആലോചനയിലായി. കോട്ടക്കിൽ ജോലിചെയ്യുന്ന സമയത്ത് ഡി.എൻ. റോഡിൽ വിദേശസാധനങ്ങൾ വിൽക്കുന്ന ചിലരെ പരിചയമുണ്ട്. ഭൂരിപക്ഷവും മലബാറുകാരാണ്. അവിടെ അന്വേഷിക്കാം. ഒന്നുരണ്ട് പരിചയമുള്ള പയ്യന്മാരുണ്ട്. ഞാൻ വി.ടി.യിൽ പോയി അവരെ കണ്ടുപിടിച്ച് എന്റെ ആവശ്യം പറഞ്ഞു. അവർ ജപ്പാൻനിർമിതമായ ഒരു സാധനം കവറിൽനിന്ന് എടുത്തുതന്നു. VAPE എന്നായിരുന്നു അതിന്റെ പേര്. ഇന്നത്തെ 'ഗുഡ്നൈറ്റ്' ഉപകരണത്തിന്റെ പ്രാചീനരൂപം. വില കേട്ടപ്പോൾ അന്തിച്ചുപോയി. 600 രൂപ. അക്കാലത്ത് സാധാരണക്കാരന്റെ ഒരുമാസത്തെ ശമ്പളമാണ് ആ തുക. മോളോടുള്ള അമിതവാത്സല്യത്താൽ ഞാനത് കണ്ണുമടച്ചു വാങ്ങി. അദ്ഭുതകരമായിരുന്നു അതിന്റെ ഫലം. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ ശരീരഭാഗങ്ങളിൽ കണ്ടിരുന്ന ചുവന്ന പാടുകൾ അപ്രത്യക്ഷമായി. സുഖമായി അവൾ ഉറങ്ങാനും തുടങ്ങി. ഞങ്ങളും കൊതുകുകടിയിൽനിന്ന് രക്ഷപ്പെട്ടു. സുഖപര്യവസായിയായി അവസാനിക്കേണ്ടതാണ് ഈ വിഷയം. പക്ഷേ, എന്റെ മനസ്സ് അലർട്ടായി. കൊതുകിൽനിന്ന് രക്ഷതരുന്ന ഈ ഉത്പന്നം എനിക്ക് ഉതകിയെങ്കിൽ, ഇന്ത്യയിൽ ഇത് ലക്ഷോപലക്ഷം ആൾക്കാർക്കും ആവശ്യമായി വന്നേക്കാം. നമ്മുടെ രാജ്യത്ത് കൊതുകുശല്യം ഇല്ലാത്തത് എവിടെയാണ്? അതുകൊണ്ട് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഉത്പന്നമല്ലേ ഇത്? ഞാൻ ആവഴിക്ക് ചിന്തിച്ചുതുടങ്ങി. അങ്ങനെ എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. ജപ്പാനിൽ നിർമിച്ച ഈ സാധനത്തെപ്പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഇന്നത്തെപ്പോലെ ഇന്റർനെറ്റൊന്നും ഇല്ലാത്ത കാലമാെണന്നോർക്കുക. 1981 ആണ് കാലഘട്ടം. എങ്കിലും, എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. അത്രമാത്രം വിശ്വാസമായിരുന്നു എനിക്ക് ഈ പ്രോഡക്ടിനോട്. പണ്ട് ജോലി ചെയ്തിരുന്ന കോട്ടക്കിൽവെച്ച് പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ വഴിയാണ് അന്വേഷണം തുടങ്ങിയത്. ജപ്പാൻ കമ്പനിയായ 'സുമിത്തോമോ' ട്രേഡിങ്ങിലെ രണ്ട് എക്സിക്യുട്ടീവുകളായിരുന്നു അവർ. ബോംബെയിലെ നരിമാൻപോയിന്റിലായിരുന്നു അവരുടെ ഓഫീസ്. ഞാൻ എന്റെ അന്വേഷണത്തിന്റെ മനസ്സുമായി ആ ഓഫീസിൽ ചെന്ന് അവരെ കണ്ടുപിടിച്ചു. അപ്പോഴാണറിയുന്നത് സുമിത്തോമോ കമ്പനിയുടെ ഒരു സഹോദരസ്ഥാപനമാണ് ഇതിന്റെ കെമിക്കൽസ് നിർമിക്കുന്നതെന്ന്. ആ കമ്പനിയല്ലാതെ അന്ന് ഈ കെമിക്കൽ ലോകത്താരും ഉണ്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ എനിക്കുള്ള വലിയ കമ്പം മനസ്സിലാക്കിയ അവർ ഒരു ശുഭവാർത്തയുംകൂടി തന്നു. ഈ കമ്പനിയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തൊട്ടടുത്തുതന്നെ ബോംബെയിൽ വരുന്നുവെന്ന വാർത്തയായിരുന്നു അത്. ജപ്പാനിൽനിന്ന് വരുന്ന ഈ രണ്ടു പേരുമായി എനിക്കൊരു കൂടിക്കാഴ്ച തരമാക്കിത്തരുമോ എന്ന എന്റെ അഭ്യർഥന ബോംബെ ഓഫീസിലെ കൂട്ടുകാർ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ജപ്പാനിലെ സുമിത്തോമോ കമ്പനിയിൽനിന്ന് വന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂർ നേരം നീണ്ടുപോയി അവരുമായുള്ള ചർച്ച. അവരുമായിട്ടുള്ള ചർച്ചയിൽനിന്ന് കിട്ടിയ വിവരം എന്റെ താത്പര്യങ്ങളെ അപ്പാടേ നിരസിക്കുന്നതായിരുന്നു. കമ്പനിയുടെ നിലപാടനുസരിച്ച് അവർ വലിയ കോർപ്പറേറ്റ് കമ്പനികളുമായിട്ടേ ബിസിനസ് ഇടപാടുകൾ നടത്തൂ എന്നതായിരുന്നു കാര്യം. ഒരു വ്യക്തിയുമായി ബിസിനസ് ചെയ്യാനുള്ള സാധ്യത ഇല്ലെന്നുതന്നെയാണ് അവർ ചുരുക്കത്തിൽ പറഞ്ഞത്. എന്നാലും, ഹെഡ് ഓഫീസുമായി സംസാരിക്കട്ടെ എന്നുപറഞ്ഞ് എന്നെയൊന്ന് ഉത്തേജിപ്പിക്കുകയും ചെയ്തിട്ടാണ് അവർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ഇതൊന്നുകൊണ്ടും ഞാൻ പടം മടക്കിയില്ല, നിരാശനുമായില്ല. എന്റെ വിശ്വാസം മുഴുവൻ ആ ജപ്പാൻ പ്രോഡക്ടിലാണ്. ഇന്ത്യയിൽ ഇത് വൻവിജയം കൊയ്യുമെന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. എന്റെ താത്പര്യവും വിശ്വാസവും കൂടിച്ചേർന്ന് അനുനിമിഷം എന്നെ പൊറുതിമുട്ടിക്കാൻ തുടങ്ങി. ആ അടങ്ങാത്ത ആവേശം എന്നെ ഒരു ഭ്രാന്തമായ തീരുമാനത്തിലായിരുന്നു എത്തിച്ചത്. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗുഡ്നൈറ്റ് മോഹന്റെ 'മോഹനം'എന്ന ആത്മകഥയിൽ നിന്ന്)

from money rss http://bit.ly/36eSWqh
via IFTTT