121

Powered By Blogger

Sunday, 19 January 2020

കേരളത്തിലെ ഗ്രാമീണമേഖയില്‍ 88 ശതമാനം കുടുംബങ്ങളും കടക്കെണിയില്‍

കോട്ടയം: കേരളത്തിലെ ഗ്രാമീണമേഖലയിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും വലുതുമായ വായ്പകളുടെ പിടിയിലാണെന്ന് പഠനം. കടബാധിതരിൽ നാലിൽ മൂന്ന് കുടുംബങ്ങളും വായ്പാതവണകൾ അടച്ചശേഷം മറ്റു വീട്ടുചെലവുകൾക്കുള്ള പണം കണ്ടെത്താൻ വിഷമിക്കുന്നു. നിലവിലുള്ള കടം അടയ്ക്കാൻ വീണ്ടും കടമെടുക്കാൻ നിർബന്ധിതരാകുന്നതോടെ കടക്കെണിയിൽ പെട്ടുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. പലരുടെയും പ്രതിമാസ തിരിച്ചടവുതുക മാസവരുമാനത്തെക്കാൾ കൂടുതലാണ്. മറ്റൊരു നാലിലൊന്ന് കുടുംബം മാസവരുമാനത്തിന്റെ പകുതി തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട്ടുബജറ്റിന്റെ താളംതെറ്റുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ് എൻവയണ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കിടയിലാണ് സർവേ നടത്തിയത്. കൂടുതൽ വായ്പകളും കാർഡുടമകളായ സ്ത്രീകളുടെ പേരിലാണെന്നതാണ് പ്രധാന കാര്യം. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയുടെ സംഘവായ്പകൾ സ്ത്രീകൾക്കുമാത്രമേ ലഭ്യമാകുന്നുള്ളൂവെന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ പേരിലുള്ളതിനെക്കാൾ രണ്ടര ഇരട്ടി വായ്പകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ, ലഭ്യമാകുന്ന വായ്പകൾ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇവർക്ക് കുറഞ്ഞ അധികാരമേയുള്ളൂ. 50 ശതമാനംപേർക്കും തുകവിനിയോഗത്തിൽ യാതൊരു പങ്കുമില്ല. സംഘവായ്പയെടുത്ത സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയേ വായ്പയെടുക്കണമെന്ന തീരുമാനം ഒറ്റയ്ക്കെടുത്തിട്ടുള്ളൂ. സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമാണ് സംഘവായ്പാ പദ്ധതികളുടെ ലക്ഷ്യമെങ്കിലും പകുതിയോളം സ്ത്രീകളും അതനുഭവിക്കാത്തവരാണെന്നാണ് പഠനം നൽകുന്ന വിവരം. വീടുനിർമാണം, നവീകരണം, ആരോഗ്യാവശ്യം, മറ്റുകടങ്ങൾ വീട്ടൽ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുന്നത്. ഒരാൾ രണ്ടിൽ കൂടുതൽ കമ്പനികളിൽനിന്ന് വായ്പയെടുക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല. അഞ്ച് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളിൽനിന്നുവരെ വായ്പയുള്ളവരുണ്ട്. മൈക്രോഫിനാൻസ് സംഘവായ്പകൾക്കുമേൽ നിലനിൽക്കുന്ന ഔദ്യോഗികനിയന്ത്രണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. Content Highlights:88% of Kerala rural familys are in the credit trap

from money rss http://bit.ly/30AGNtL
via IFTTT