121

Powered By Blogger

Sunday, 1 March 2020

ലഘുസമ്പാദ്യ പദ്ധതികൾ ഇനി എത്രനാൾ ?

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെകുറിച്ച് കേൾക്കാത്ത അല്ലെങ്കിൽ അതിൽ ചേരാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത അല്ലെങ്കിൽ നിർബന്ധിക്കപ്പെടാത്ത മലയാളികൾ കാണില്ല. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ഒട്ടു മിക്ക മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കാരണം ജനങ്ങളുടെ വിശ്വാസം ഇത്രയേറെ ആർജ്ജിച്ച സമ്പാദ്യ പദ്ധതികൾ ചുരുക്കമാണ്.എന്നാൽ മുൻപൊന്നും ഇല്ലാത്ത രീതിയിൽ, നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികൾ ലഘുസമ്പാദ്യ പദ്ധതികൾ ഇപ്പോൾ നേരിടുന്നുണ്ട്. ജനങ്ങളുടെയിടയിൽ സമ്പാദ്യശീലം വളർത്തുക, ആതുക രാജ്യപുരോഗതിക്കായി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1882 ലാണ് ലഘുസമ്പാദ്യ പദ്ധതികൾആരംഭിച്ചത്. ഈ പദ്ധതികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം; സേവിങ്സ് അക്കൗണ്ട്, റെക്കറിങ് ഡെപ്പോസിറ്റ്സ്, ഫിക്സഡ് ഡെപ്പോസിറ്റ്സ്, മാസവരുമാന പദ്ധതി എന്നിവ ഉൾപ്പെടുന്നപോസ്റ്റോഫീസ് സേവിങ്സ്; ദേശിയ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ പോലെയുള്ള സേവിങ്സ് സർട്ടിഫിക്കറ്റുകൾ; പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതി, 9 വയസ്സിനു താഴെയുള്ള പെണ്കുട്ടികൾ ക്കായുള്ള സുകന്യ പദ്ധതി എന്നിവ ഉൾപ്പെടുന്ന സാമൂഹ്യ സുരക്ഷ പദ്ധതികൾ എന്നിവയാണവ. ഇതിൽ മുതിർന്ന പൗരൻമാരുടെ സമ്പാദ്യ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോസ്റ്റോഫീസുകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയും ലഭ്യമാണ്. ഉയർന്ന പലിശ, സുരക്ഷിതത്വം, നികുതിയിളവ്, വീട്ടിനടുത്തു തന്നെയുള്ള പോസ്റ്റോഫീസുകൾ അല്ലെങ്കിൽ ഏജന്റുമാരുടെ സേവനം എന്നിവമൂലം ഈ പദ്ധതികൾക്ക് വളരെവേഗം ജനങ്ങളുടെയും പ്രീതിലഭിച്ചു. ലഘുസമ്പാദ്യ പദ്ധതികൾ വഴി സ്വരൂപിക്കുന്ന പണംകേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശിയ ലഘു സമ്പാദ്യ നിധിയിലേക്കാണ് പോകുന്നത് (National Small Savings Fund). ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി നികത്തുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളും ഈ ഫണ്ടിൽ നിന്നു കടമെടുക്കാറുണ്ട്. ലഘു സമ്പാദ്യ പദ്ധതികൾ ഇപ്പോൾ വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് വരാൻ രണ്ട് കാരണങ്ങളുണ്ട്. ഇന്ത്യയിലെ മൊത്തം സമ്പാദ്യ നിരക്ക് 15 വർഷത്തെ താഴ്ന്നനിലയിലെത്തിയത്, ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായ നികുതി നിയമം. ലഘുസമ്പാദ്യങ്ങൾ മിക്കതും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊന്ന് പ്രകാരം ആദായനികുതിയിളവിന് അർഹമാണ്. ഇത്തരം സമ്പാദ്യ പദ്ധതികളുടെ ജനപ്രീതിക്ക് കാരണവും അതു തന്നെയാണ്. എന്നാൽ പുതിയ ആദായ നികുതിനിയമപ്രകാരം നിശ്ചിത നിക്ഷേപങ്ങൾ ഒന്നുംനടത്താതെ തന്നെ നികുതിദായകർക്ക് ആദായനികുതിയിളവ് നേടിയെടുക്കുവാൻ കഴിയും. അതിനാൽ തന്നെ ആദായനികുതി ലാഭിക്കൽ എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തിയവർ, ലഘുസമ്പാദ്യ പദ്ധതികൾ ഉൾപ്പെടെ നികുതിയിളവ് ലഭ്യമാക്കിയിരുന്ന നിക്ഷേപ പദ്ധതികളോട് ഇനി മുഖം തിരിക്കാൻ സാധ്യതയുണ്ട്. പക്ഷെ ഇത് ഏതൊക്കെ ലഘുസമ്പാദ്യങ്ങളെ എത്രമാത്രം ബാധിക്കും എന്നതിനെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ നികുതിദായകരുടെ പൊതുവായ നിക്ഷേപശൈലി ശ്രദ്ധിച്ചാൽ വ്യക്തത കണ്ടെത്താനാകും. 2018-19 ലെ കണക്കുപ്രകാരം പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ലഭിച്ച ആകെ തുകയായ 99,000 കോടിയുടെ അൻപത് ശതമാനവും ആ സാമ്പത്തിക വർഷത്തിലെ അവസാന മാസമായ 2019 മാർച്ചിലാണ് നിക്ഷേപിക്കപ്പെട്ടത്. അതുപോലെ തന്നെ ദേശിയ സമ്പാദ്യ പദ്ധതിയിൽ പിരിച്ചെടുത്ത 26,000 കോടിയുടെ 28 ശതമാനവും മാർച്ചിലാണ് ലഭിച്ചത്. അതായത് നികുതി ലാഭിക്കൽ മാത്രം ലക്ഷ്യമിട്ട് നിക്ഷേപിച്ചത് എന്നർത്ഥം. മറ്റു ലഘുസമ്പാദ്യ പദ്ധതികളിൽ ഇത്ര വലിയ വ്യതിയാനം കാണാനില്ല. അതിനർത്ഥം പുതിയ ആദായനികുതി നിയമം ഈ രണ്ട് പദ്ധതികളിലുള്ള നിക്ഷേപത്തെ കാര്യമായി ബാധിക്കും എന്നുതന്നെയാണ്. ദേശീയ ലഘുസമ്പാദ്യ നിധിയിൽ സ്വരൂപിക്കുന്ന പണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘകാല കടപ്പാത്രങ്ങളിലാണ് നിക്ഷേപിക്കുന്നത്.അതായത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കടം കൊടുക്കുന്നു എന്നർത്ഥം. കൊടുക്കുന്നു എന്നല്ല, വായ്പയെടുക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായിരുന്നു എന്നതാണ് ശരി. 2011 വരെ അതാത് സംസ്ഥാനത്തു നിന്നു സ്വരൂപിക്കുന്നമൊത്തം ലഘുസമ്പാദ്യങ്ങളുടെ 80% എങ്കിലും സംസ്ഥാനങ്ങൾ കടമെടുക്കണം എന്നതായിരുന്നു നിയമം. ഇത് സംസ്ഥാനങ്ങളുടെ എതിർപ്പിനിടയാക്കി. കാരണം പലിശനിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര ധനമന്ത്രാലയമാണ്. മാർക്കറ്റ് നിരക്കിനെക്കാൾ ഉയർന്ന പലിശയാണ് ഈ വായ്പകളിന്മേൽ ഈടാക്കുന്നത്. (ഏറ്റവും പുതിയ ഉത്തരവുപ്രകാരം ഇത് 8.5 ശതമാനമാണ്.) അതിലും കുറച്ചു നിരക്കിൽ പൊതുവിപണിയിൽ നിന്നു കടമെടുക്കാമെന്നിരിക്കെ ഉയർന്ന നിരക്കിൽ കടം അടിച്ചേല്പിക്കുന്നതിനെ സംസ്ഥാനങ്ങൾ ചോദ്യം ചെയ്തു. തുടർന്ന്, പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ കടമെടുക്കൽ വിഹിതം 80 ൽ നിന്ന് 50 ശതമാനമായി കുറച്ചു. മാത്രമല്ല, താൽ പര്യമുള്ള സംസ്ഥാനങ്ങൾ മാത്രം നിധിയിൽ നിന്ന് കടമെടുത്താൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് 4 സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ലഘുസമ്പാദ്യ നിധിയിൽ നിന്ന് കടം വാങ്ങുന്നത് നിർത്തി. (കേരളം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഡൽഹി എന്നിവയാണ് ആ നാല് സംസ്ഥാനങ്ങൾ). പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് 2005-06 മുതൽ കേന്ദ്രസർക്കാരിന്റെ ഇടനില ഇല്ലാതെ സംസ്ഥാനങ്ങൾ നേരിട്ട് തന്നെ വിപണിയിൽ നിന്നു കടമെടുക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ലഘുസമ്പാദ്യ നിധിയിൽ നിന്നുള്ള കടമെടുപ്പ് കൂടി നിർത്തിയതോടെ മൊത്തം ധനകമ്മിയുടെ ഏകദേശം 90 ശതമാനവും വിപണിയിൽ നിന്ന് കടമെടുത്താണ് സംസ്ഥാനങ്ങൾ നികത്തുന്നത്. സ്വാഭാവികമായും ലഘു സമ്പാദ്യ പദ്ധതികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യമില്ലാത്തതിനാൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വന്നേക്കാം. നികുതിയിളവിന് പുറമെ ലഘുസമ്പാദ്യ പദ്ധതികളെ ആകർഷകമാക്കുന്ന മറ്റൊന്ന് ഉയർന്ന പലിശ നിരക്കാണ്. സമാന കാലാവധിയുള്ള ബാങ്ക് നിക്ഷേപത്തേക്കാൾ അല്ലെങ്കിൽ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കിനെക്കാൾ (Yield) ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. തന്മൂലം ദേശീയ ലഘുസമ്പാദ്യ നിധി നഷ്ടത്തിലാകുന്നു എന്നൊരു ആരോപണം ഉണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത നിക്ഷേപർക്ക് നൽകുന്ന പലിശയെക്കാൾ ഉയർന്ന നിരക്കിലാണ് നിധിയിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കടം കൊടുക്കുന്നത് എന്നതാണ്. ഉദാഹരണമായി ലഘുസമ്പാദ്യങ്ങൾക്കുള്ള ശരാശരി പലിശ 2019 ൽ 7.3% ആയിരുന്നപ്പോൾ നിധിയിൽ നിന്നുള്ള വായ്പയിന്മേൽ 8.5% പലിശയാണ് ഈടാക്കിയത്. പക്ഷെ ഭരണചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ നിധി നഷ്ടത്തിലാകുന്നു എന്നാണ് വിമർശനം. ഭരണപരമായ ചെലവുകൾ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഏജന്റുമാരുടെ കമ്മീഷനും പോസ്റ്റൽ വകുപ്പിന് നൽകുന്ന ഏജൻസി നിരക്കുകളുമാണ്. ലഘുസമ്പാദ്യങ്ങൾ ശേഖരിക്കുന്നതിൽ രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫീസുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിൽ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ്. സമ്പാദ്യം സ്വരൂപിക്കുന്നു എന്നത് മാത്രമല്ല, താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുവാനും പോസ്റ്റോഫീസുകൾ വഴി കഴിഞ്ഞു. 2000-01 ൽ ലഘുസമ്പാദ്യങ്ങൾ വഴി ശേഖരിച്ച 88,500 കോടി രൂപ (gross) 2018-19 ആയപ്പോഴേക്കും ഏകദേശം 7 ലക്ഷം കോടിയായി ഉയർന്നു. ഇത് ദേശിയ വരുമാനത്തിന്റെ ഏകദേശം 3.6% വരും. ആ വർഷത്തെ പിൻവലിക്കൽ കഴിച്ചു ലഭിച്ച അറ്റ നിക്ഷേപം ഏകദേശം 2 ലക്ഷം കോടിയാണ്. തപാൽ വകുപ്പ് 2018 ൽ തുടങ്ങിയ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ സേവനം ഇപ്പോൾ ബ്രാഞ്ച് തലത്തിലുള്ള പോസ്റ്റ് ഓഫീസുകളിൽ വരെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ജനങ്ങളിൽ നിന്ന് സമ്പാദ്യം സ്വരൂപിക്കുന്നതിൽ ഇനിമുതൽ ആ വകുപ്പിന് ഒരു വിരുദ്ധ താൽപ്പര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ ശ്രദ്ധആ വകുപ്പിന്റെ ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുന്നതിലാകും. ലഘുസമ്പാദ്യപദ്ധതികൾക്ക് മുൻപ് നൽകിയിരുന്ന പ്രാധാന്യവും പരിഗണനയും തുടർന്നും തപാൽ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ലഘുസമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതോടൊപ്പം, രാജ്യമൊട്ടാകെ ബാങ്കിങ് സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ജൻധൻ യോജന പോലുള്ള പദ്ധതികൾ, UPI പോലെ ധനകാര്യമേഖലയിലെ പുതിയ ടെക്നോളജികൾ എന്നിവയും ലഘു സമ്പാദ്യ പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം. ലഘുസമ്പാദ്യപദ്ധതികൾക്ക് ഉയർന്ന പലിശ നൽകുന്നതുമൂലം ബാങ്കുകളും അവരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകാൻ നിർബന്ധിതരാകുന്നു എന്ന വ്യാപകമായ വിമർശനം ഉയർന്നു വരുന്നുണ്ട്. തന്മൂലം റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചാലും ബാങ്കുകൾ വായ്പയിന്മേലുള്ള പലിശ നിരക്ക് കുറക്കാത്തത്റിസർവ് ബാങ്കിന്റെ വായ്പാനയത്തെ തന്നെ നിർവീര്യമാക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഈ ആരോപണത്തിൽ വലിയ കഴമ്പില്ല എന്നതാണ് സത്യം. ബാങ്കുകളെ സംബത്തിച്ചിടത്തോളം ലഘുസമ്പാദ്യങ്ങൾ ഒരു ഭീഷണിയേ അല്ല. 2018-19 ൽ രാജ്യത്തെ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിലെ ആകെ നിക്ഷേപം ഏകദേശം 40 ലക്ഷം കോടി രൂപ ആയിരുന്നപ്പോൾ ലഘുസമ്പാദ്യ പദ്ധതികളിലെ അറ്റ നിക്ഷേപം 2 ലക്ഷം കോടി രൂപ മാത്രമായിരുന്നു, അതായത് ബാങ്ക് നിക്ഷേപത്തിന്റെ വെറും 5 ശതമാനം! അതല്ല, ഇനി ലഘു സമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ചാൽ പോലും അതിലേക്കുള്ള നിക്ഷേപത്തെ ബാധിക്കാൻ പോകുന്നില്ല, കാരണം ലഘുസമ്പാദ്യങ്ങളിലെ ഒരു വർഷത്തെ മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനവും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് വഴിയാണ് ലഭിക്കുന്നത്. ആ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന, സാധാരണക്കാരൻ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം മാത്രമേ നോക്കുന്നുള്ളൂ, അതിൽ നിന്ന് കിട്ടുന്ന പലിശയെപ്പറ്റി ബോധവാനേയല്ല. ബാങ്കുകളും പലിശനിരക്ക് കുറക്കാൻ പോകുന്നില്ല, കാരണം മികച്ച ആദായം തേടിയുള്ള ഉയർന്ന, മധ്യ വരുമാനക്കാരുടെ ഓഹരിയിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള ഒഴുക്ക് ബാങ്കുകളെ അത്ര മാത്രം അസ്വസ്ഥരാക്കുന്നുണ്ട്. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)

from money rss http://bit.ly/2x1Z0FT
via IFTTT