121

Powered By Blogger

Tuesday, 17 March 2020

കൊറോണക്കാലത്തെ ആരോഗ്യപരിപാലനവും സാമ്പത്തിക ആരോഗ്യവും

'ഇതൊരു വലിയ ചെയ്ത്തായിപ്പോയല്ലോ ടീച്ചറേ' ഹോൾസെയിൽ പഴക്കച്ചവടക്കാരനായ ആലപ്പുഴ ജില്ലക്കാരന്റെ ചോദ്യം കേട്ട് 'എന്താണ് പ്രശ്നം?' ഞാൻ ചോദിച്ചു. കേരളസർക്കാരിന്റെ ആരോഗ്യപ്രതിരോധ പരിശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഊട്ടുനേർച്ചകൾ വേണ്ടെന്നുവെച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചോദ്യം. എല്ലാ വർഷവും മാർച്ച് 19-ാം തീയതി കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളിൽ പതിനായിരക്കണക്കിന് ആൾക്കാരാണ് നേർച്ചസദ്യയ്ക്കെത്തുന്നത്. അതിനാവശ്യമായ ചെറുപഴം പലയിടത്തും വിൽക്കുന്നത് ഇയാളായിരുന്നു. 'ഓർഡർ കൊടുത്തതിൽ ചില ലോറികൾ എത്തിക്കഴിഞ്ഞു. ഇനിയും എത്താനുണ്ടുതാനും. വലിയ നഷ്ടമാണെനിക്ക്'. അയാൾ തുടർന്നു. 'ഒരു വലിയകാര്യത്തിനുവേണ്ടിയുള്ള ചെറിയ സഹനമായിട്ടിതിനെ കാണണം. കാര്യങ്ങൾ നിയന്ത്രണത്തിലായാൽ മേയ് ഒന്നാം തീയതി നേർച്ചസദ്യ നടത്താനാവും.' അയാളെ സ്വാർത്ഥനാക്കാതിരിക്കാൻ ഞാൻ പരിശ്രമിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വളരെ ശ്രേഷ്ഠമായ രീതിയിലാണ് നമ്മുടെ സംസ്ഥാനത്ത് പ്രതിരോധനടപടികൾ നടക്കുന്നത്. ശ്ലാഘനീയമായ ഈ പരിശ്രമങ്ങൾമൂലം ലോകമെമ്പാടും നമ്മൾ പ്രശംസയ്ക്ക് പാത്രമാവുന്നു. ഇതിന്റെ സാമ്പത്തികവശം ചിന്തിക്കുമ്പോൾ മനസ്സിലാദ്യമെത്തുന്നത് സർക്കാരിന് ചെലവേറുന്നു എന്നതാണ്. സിനിമാപ്രദർശനം നിർത്തലാക്കിയതുമൂലം സർക്കാരിന്റെ വരവ് ഗണ്യമായി കുറയുന്നു. കച്ചവടം വലിയതോതിൽ നടക്കാത്തതുമൂലം നികുതിയിനത്തിലും വരുമാനം ത്രിതല ഭരണസംവിധാനങ്ങൾക്കും കുറയും. ആഗോളവ്യാപാര രംഗത്ത് തുറന്ന സമ്പദ്വ്യവസ്ഥയായതിനാൽ കയറ്റുമതിയിലും ഇറക്കുമതിയിലും വൻവീഴ്ചകൾക്ക് ഇടയാവുന്നു. രാജ്യങ്ങളുടെ അന്താരാഷ്ട്ര വ്യാപാരനിരക്ക് പ്രതികൂലമാവും. അത് ആഭ്യന്തരവിപണിയിൽ നിഷേധാന്മകമായ സമ്മർദങ്ങൾ സൃഷ്ടിക്കും. സ്വകാര്യവ്യക്തികൾക്കും വിവിധ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. വിമാനക്കമ്പനികൾ നൂറുകണക്കിന് സർവീസുകൾ നിർത്തലാക്കുമ്പോൾ കമ്പനികൾക്ക് മാത്രമല്ല, അവിടത്തെ ജീവനക്കാർക്കും വലിയ സാമ്പത്തികനഷ്ടങ്ങൾ ഉണ്ടാവുന്നു. ഓഹരിവിപണിയും വ്യത്യസ്തമായ തിരിച്ചടികൾ നേരിടുന്നു. സ്വർണവില താഴുന്നു. സ്റ്റോക്ക് ചെയ്ത് മാറ്റിവെക്കാവുന്ന വിപണിയും പെട്ടെന്ന് നശിച്ചുപോവുന്ന സാധനങ്ങളുടെ വിപണിയും വ്യത്യസ്തമായ പ്രശ്നങ്ങൾ നേരിടുന്നു. വിവാഹം പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വ്യവസായശൃംഖലകൾ തൊഴിലില്ലായ്മയെ നേരിടുന്നു. ആഗോള, ആഭ്യന്തര, സംസ്ഥാന, പ്രാദേശിക തലത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെ നമ്മൾ നേരിടേണ്ടിയിരിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ട്രേഡ് സൈക്കിൾ അഥവാ ബിസിനസ് സൈക്കിൾ എന്ന സാമ്പത്തിക സിദ്ധാന്തമുണ്ട്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ജെ.എ. ഷുമ്പീറ്റർ ഇതിന് മാറിമാറിവരുന്ന നാല് തലങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്നു. ഒന്നാമത്തേത് അഭിവൃദ്ധിയുടെ തലമാണ്. മറ്റുള്ളവ പ്രതിസന്ധി (റിസഷൻ) മാന്ദ്യം (ഡിപ്രഷൻ), വീണ്ടെടുക്കൽ (റിക്കവറി) എന്ന് അറിയപ്പെടുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ കുറച്ചുകാലത്തേക്ക് മന്ദീഭവിക്കുന്ന അവസ്ഥയാണ് റിസഷൻ. തൊഴിൽ, വരുമാനം, ചെലവ്, സമ്പാദ്യം, നിക്ഷേപം, വ്യാപാരനിരക്ക്, ജി.ഡി.പി. തുടങ്ങിയ എല്ലാ സാമ്പത്തികസൂചികകളും മന്ദഗതിയിലാവുന്ന അവസ്ഥയാണത്. പണപ്പെരുപ്പം പോലുള്ള സാമ്പത്തികപ്രശ്നങ്ങൾ നിക്ഷേപ ആത്മവിശ്വാസത്തെയും സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും 1930-കളിലാണ് (1929-33) മഹത്തായ സാമ്പത്തിക തകർച്ച എന്ന ഗ്രേറ്റ് ഡിപ്രഷൻ ഉണ്ടായത്. മൊത്തം വാങ്ങൽശേഷിയിലെ കുറവായിരുന്നു അതിന്റെ പ്രധാന കാരണമായിരുന്നത്. 2008-ലും അത്രയും തീവ്രമല്ലെങ്കിലും സമാനമായ പ്രതിസന്ധി നേരിട്ടു. നിശ്ചിത സാമ്പത്തികനയത്തിലൂടെ ലോകരാഷ്ട്രങ്ങൾ അതിനെയും അതിജീവിച്ചു. സാമ്പത്തികം ചിന്തിച്ചുകൊണ്ടിരിക്കാതെ യാഥാർത്ഥ്യബോധത്തോടെ രാജ്യനന്മയ്ക്കായി ത്യാഗംചെയ്യേണ്ട സമയമാണിത്. വ്യക്തികൾ തമ്മിലുള്ള സാമൂഹ്യം അകലം (സോഷ്യൽ ഡിസ്റ്റൻസിങ്) ആണ് പ്രധാന പ്രതിവിധി. പ്രളയവും നിപയും അതിജീവിച്ച കേരളം ഇതിനെയും മറികടക്കും. അതിനുതകുന്ന ചിന്തകളിലേക്കാണ് ഉയരേണ്ടത്. ഐ.എം.എഫിന്റെ സാരഥിയായിരുന്ന ക്രിസ്റ്റീൻ ലാഗാർഡിന്റെ വാക്കുകളിൽ 'പ്രതിസന്ധികൾക്ക് മുന്നിലാണ് കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രതിബദ്ധതയുടെയും സമൂഹമനഃസാക്ഷി ഉണരേണ്ടത്. സമയം ഒട്ടും താമസിപ്പിച്ചുകൂടാ, നേരിടാനായി ഉണർന്ന് പ്രവർത്തിക്കുകതന്നെ വേണം.'

from money rss http://bit.ly/2whDj4r
via IFTTT