121

Powered By Blogger

Thursday, 23 July 2020

'കോവിഡ് അനന്തര കേരളത്തില്‍ വ്യവസായ വികസനത്തിന് വലിയ സാധ്യതകള്‍'

കൊച്ചി: കോവഡ് അനന്തര കേരളത്തിന് മുന്നിൽ വൻതോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താൻ സംരംഭകർ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ. കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകൾ മുൻ നിർത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേർന്ന് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതം കാർഷിക- അനുബന്ധ മേഖലകളിലും ഉൽപാദന മേഖലയിലും മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെയും ജനങ്ങളുടെയും ഒത്തൊരുമ കോവഡ് അനന്തര കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് കരുത്ത് പകരും. കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. എന്നാൽ കേരളത്തിന്റെ ഉൽപാദന മേഖലക്ക് ഉപഭോഗാവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാൻ സാധിക്കുന്നത്. ഭക്ഷ്യ- കാർഷികോൽപന്ന സംസ്കരണ മേഖലയിൽ കേരളത്തിന് വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും. ആഭ്യന്തര വിപണിയിലെ സാധ്യതകൾ കൂടാതെ കയറ്റുമതി സാധ്യതയും ഈ മേഖലയലുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ സംരംഭകർക്ക് വലിയ സാധ്യതകളുണ്ട്. ഡയഗ്നോസ്റ്റിക്സ്, ബയോടെക്നോളജി, മെഡിക്കൽ ഡിവൈസസ്, എന്നിവയുടെ ഹൈ എൻഡ് മാന്യുഫാക്ചറിംഗ് കേരളത്തിന് സാധ്യത തുറന്നു വെക്കുന്നു. വ്യവസായ സംരംഭകർ ഈ മേഖലകളിൽ അത്യാധുനിക സ്ഥാപനങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരണം. ഹെൽത്ത് കെയർ മേഖലയിൽ ഹൈടെക് ചെറുകിട വ്യവസായ സംരംഭങ്ങളുണ്ടാകണം. കേരളത്തെ ഒരു വെൽനെസ് - ഹെൽത്ത് കെയർ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള വലിയ സാധ്യത മുന്നിലുണ്ട്. ഐ ടി അനുബന്ധ മേഖലകൾ, ടൂറിസം, സ്കിൽ ഡെവലപ്മെന്റ് എന്നിവ കേരളം ഊന്നൽ നൽകേണ്ട മേഖലകളാണ്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കണമെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൂടുതൽ മുന്നേറേണ്ടതുണ്ട്. കേരളത്തിന്റെ വ്യവസായ വികസനം വിവിധ രംഗങ്ങളിൽ കേരളം ആർജിച്ച നേട്ടങ്ങളുമായി ഇഴചേർന്നു പോകേണ്ടതാണെന്നും ഇതിൽ പൊതു-സ്വകാര്യ മേഖലകൾക്ക് ഒരുപോലെ പ്രാധാന്യമുണ്ടെന്നും ഡോ. രാമചന്ദ്രൻ പറഞ്ഞു. പ്ലാനിംഗ് ബോർഡ് ഇൻഡസ്ട്രി ചീഫ് എൻ ആർ ജോയി, കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ, എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി തേവന്നൂർ, എസ് ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ എസ് എൻ രഘുചന്ദ്രൻ നായർ, സി ജി എച്ച് എർത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ഡൊമിനിക്, ബേബി മറൈൻ ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർ അലക്സ് കെ നൈനാൻ, പിൻമൈക്രോ സി ഇ ഒ എ വി രവീന്ദ്രനാഥ്, എച്ച് ഡ എഫ് സി ബാങ്ക് സോണൽ ഹെഡ് ഹെമി സെബാസ്റ്റിയൻ, റീജനൽ ഹെഡ് അരുൺ അരവിന്ദ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻമാരായ ഡോ. എം ഐ സഹദുള്ള, ദീപക് എൽ അശ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/39kn0D2
via IFTTT