121

Powered By Blogger

Saturday, 1 August 2020

നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശം ലിപുലേഖിലൂടെ ചൈനീസ് സൈന്യം നീങ്ങി

നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശമായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് മേഖലയിലൂടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നീങ്ങിയതായി റിപ്പോർട്ട്. ഒരു ബറ്റാലിയൻ സൈനികരെ പിഎൽഎ ഈ വഴി കൊണ്ടുപോയത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനസസരോവർ തീർത്ഥാടക റൂട്ടായ ലിപുലേഖ് മേഖലയിൽ ഇന്ത്യയുടെ റോഡ് നിർമ്മാണത്തെ എതിർത്ത നേപ്പാൾ, ഇത് തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യ 1962ലെ യുദ്ധ സമയത്ത് കയ്യടക്കിയതാണെന്നും ആരോപിച്ചിരുന്നു. 80 കിലോമീറ്റർ റോഡാണ് ഇന്ത്യ ഇവിടെ നിർമ്മിക്കുന്നത്.

ലിപുലേഖിലൂടെ സൈനികരെ കൊണ്ടുപോയതിലൂടെ ചൈന, ഇന്ത്യക്ക് വ്യക്തമായ സന്ദേശം നൽകുകയാണെന്ന് ഒരു ആർമി ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇന്ത്യ ചൈനീസ് സൈന്യത്തിന് തുല്യമായ സൈനിക വിന്യാസം മേഖലയിൽ നടത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിനൊപ്പം നേപ്പാൾ സൈന്യത്തിന്റെ നീക്കങ്ങളും ആർമി നിരീക്ഷിച്ചുവരുകയാണ്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യൻ പ്രദേശങ്ങളിലാണ് നേപ്പാൾ അവകാശവാദമുന്നയിച്ചത്. ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രംഗത്തെത്തിയിരുന്നു. ഈ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച മാപ്പ് നേപ്പാൾ ഇറക്കുകയും ഇതിനായുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന-നേപ്പാൾ ട്രൈ ജംഗ്ഷൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണിത്. ഇന്ത്യയിലേയും ചൈനയിലേയും നിയന്ത്രണരേഖയ്ക്ക് സമീപമുള്ളവർ പരസ്പരം വർഷത്തിലൊരിക്കൽ ബാർട്ടർ വ്യാപാരം നടത്തുന്ന മേഖലയാണ് ലിപുലേഖ്.

കിഴക്കൻ ലഡാക്കിൽ പരസ്പര ധാരണ പ്രകാരം സംഘർഷമേഖലകളിൽ നിന്ന് ഇരു സൈന്യങ്ങളും പിന്മാറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണിത്. മിക്കയിടങ്ങളിലും സേനാപിന്മാറ്റം പൂർത്തിയായെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇരു സൈന്യങ്ങളും മിക്കയിടങ്ങളിൽ നിന്നും പിന്മാറി എന്നാണ് ചൈനീസ് വിദേശകാര്യ വക്താ്വ്ന് പറഞ്ഞത്.  എന്നാൽ ഈ അവകാശവാദം തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരസ്പര ധാരണ പ്രകാരമുള്ള പിന്മാറ്റം പൂർത്തിയാക്കുന്നതിൽ ചൈനയിൽ നിന്ന് ആത്മാർത്ഥമായ നടപടി പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലിപുലേഖ് പാസിന് സമീപവും ഉത്തര സിക്കിം, അരുണാചൽ അതിർത്തികളിലും ചൈന സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ പലയിടങ്ങളിൽ നിന്നും പിന്മാറിയിട്ടുണ്ടെങ്കിലും ചൈനീസ് സൈന്യം ഏത് നിമിഷവും തിരിച്ചുവരുമെന്ന വിലയിരുത്തലിൽ ജാഗ്രതയിലാണ് ഇന്ത്യൻ ആർമി. ഗാൽവാൻ താഴ് വരയിലെ പിപി 14 (പട്രോളിംഗ് പോയിന്റ്), ഹോട്ട് സ്പ്രിംഗ്സിലെ പിപി 15, 16 എന്നിവയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ടെങ്കിലും ഗോഗ്രയിലെ പിപി 17ൽ അവർ തുടരുന്നുണ്ട്. 



* This article was originally published here