121

Powered By Blogger

Friday, 11 September 2020

ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല

ജി.എസ്.ടി. നഷ്ടപരിഹാരത്തർക്കം കേന്ദ്രസംസ്ഥാന ബന്ധങ്ങളെ വഷളാക്കിയിരിക്കുകയാണ്. ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ഇതിൽനിന്നാണല്ലോ നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോൾ ബാക്കി 2.3 ലക്ഷം കോടിയുടെ വിടവ് എങ്ങനെ നികത്തും? കടമെടുക്കേണ്ടിവരും ഇങ്ങനെയെങ്കിൽ താത്കാലികമായി കടമെടുക്കുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോൾ അഞ്ചു വർഷമാണ് കോമ്പൻസേഷൻ സെസ് പിരിവിന്റെ കാലാവധി. അതു ദീർഘിപ്പിച്ച് ഈ നഷ്ടം നികത്താം. മറ്റാരുമല്ല, മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെയാണ് ഈ നിർദേശം ജി.എസ്.ടി. കൗൺസിലിൽ മുന്നോട്ടുവെച്ചത്. ആ നിലപാടിൽനിന്നാണ് കേന്ദ്രസർക്കാർ പിന്നാക്കം പോകുന്നത്. സെസ് ഫണ്ടിലെ കുറവു നികത്താൻവേണ്ടി കടമെടുക്കാൻ അവർ തയ്യാറല്ല. വൻതോതിലുള്ള ഈ കടമെടുപ്പ് പലിശനിരക്ക് ഉയർത്തുമെന്നാണ് അവരുടെ ഭീതി. ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് 21 ലക്ഷം കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചവരിൽനിന്ന് ഇത്തരമൊരു നിലപാടുണ്ടാകുന്നത് വിചിത്രമെന്നേ പറയാനാവൂ. കടം മൊണിെറ്റെസ് ചെയ്യാം ഇനി ഇങ്ങനെയൊരു ആധിയുണ്ടെങ്കിൽ, വേറെ വഴി നോക്കണം. കടം മോണിറ്റൈസ് ചെയ്യാം എന്ന മാർഗം പല സാമ്പത്തികവിദഗ്ധരും മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകമെമ്പാടും സർക്കാരുകൾ അതു ചെയ്യുന്നുമുണ്ട്. പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം ഇതാണെന്ന് മുൻ ആർ.ബി.ഐ. ഗവർണർ സി. രംഗരാജനടക്കമുള്ളവർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ ചെവിയിൽ കയറിയിട്ടില്ല. ധനക്കമ്മി കൂടുമെന്ന പ്രതിവാദമാണ് അവരുയർത്തുന്നത്. സംസ്ഥാന സർക്കാരുകൾ കടമെടുത്താലും ധനക്കമ്മി കൂടും. സെസ് ഫണ്ടിലെ ഇടിവ് നികത്താനുള്ള വായ്പ കേന്ദ്രസർക്കാർ എടുക്കുന്നതുതന്നെയാണ് ഉചിതം. സംസ്ഥാനങ്ങളുടെ ധനക്കമ്മിയുടെ പരിധി ഉയർത്തണം. വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി.എസ്.ടി. നഷ്ടപരിഹാരത്തുക വ്യത്യസ്തമാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും ധനക്കമ്മി, അതനുസരിച്ച് പ്രത്യേകമായിത്തന്നെ ഉയർത്തണം. കേന്ദ്രത്തിന് ധാർമികബാധ്യത അതുമാത്രമല്ല, സെസ് ഫണ്ടിലെ ഇടിവ് നികത്താൻ കേന്ദ്രത്തിന് ധാർമികമായ ബാധ്യതയുമുണ്ട്. ആദ്യ രണ്ടു വർഷങ്ങളിൽ സെസ് ഫണ്ടിൽ മിച്ചം തുകയുണ്ടായിരുന്നു. അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ഐ.ജി.എസ്.ടി.യിൽ വിതരണം ചെയ്യാതെ മിച്ചമുണ്ടായിരുന്ന ഒരു ലക്ഷംകോടി രൂപയാണ് ഇന്ത്യാ സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ അന്ന് നിക്ഷേപിച്ചത്. സ്വാഭാവികമായും സെസ് ഫണ്ടിൽ കുറവുണ്ടാകുമ്പോൾ നികത്തേണ്ട ബാധ്യത, ആ ഫണ്ടിലെ അധിക തുക എടുത്തവർക്കുണ്ട്. മിച്ചം വരുന്ന തുക ഞങ്ങൾക്കു വേണം, കുറവു വന്നാൽ അത് സംസ്ഥാനം സഹിക്കണം എന്ന ധാർഷ്ട്യം ഫെഡറൽ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിലെ ചർച്ച ഏതാണ്ട് ഈ ഗതിയിലാണ് മുന്നേറിയത്. യോഗം അവസാനിക്കാറായപ്പോൾ പൊടുന്നനെ തൊപ്പിയിൽനിന്ന് പുതിയൊരു വാദം കേന്ദ്രസർക്കാർ പുറത്തെടുത്തു. ജി.എസ്.ടി. നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ്-19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമായിരുന്നു ആ വാദം. എന്തെല്ലാം മുട്ടാപ്പോക്കുകളാണ് കേന്ദ്രം പറയുന്നതെന്നു നോക്കുക. കേന്ദ്രം നിയമപരമായി നിർവഹിക്കേണ്ട ബാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒഴിഞ്ഞുമാറാൻ ബാലിശമായ കാരണങ്ങൾ അന്വേഷിക്കുകയാണവർ. എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുമ്പോഴാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. ജനകീയാധികാരമാണ് കേന്ദ്രസർക്കാരിനുള്ളത്, രാജാധികാരമല്ല എന്നവരെ ഓർമിപ്പിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിലപാടിന് നിയമസാധുതയില്ല കേന്ദ്രസർക്കാരിന്റെ നിലപാടിന് ഒരു നിയമസാധുതയുമില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ കണക്കാക്കണമെന്ന് നഷ്ടപരിഹാര നിയമത്തിലെ ഏഴാം വകുപ്പിൽ നിർവചിച്ചിട്ടുണ്ട്. സംരക്ഷിതവരുമാനവും യഥാർഥവരവും തമ്മിലുള്ള വ്യത്യാസമാണത്. എല്ലാ രണ്ടുമാസവും ആ തുക സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കണം. അതാണ് നിയമം. ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യരുടെയുമൊന്നും ഇടപെടലുകൾക്ക് അതിൽ ഒരുകാര്യവുമില്ല. ഫെഡറൽ മൂല്യങ്ങൾക്കെതിരാണ് ഈ നിലപാട്. സംസ്ഥാനങ്ങളോടു കാട്ടുന്ന വഞ്ചനയും. സംസ്ഥാന നികുതിമേഖലയുടെ 70 ശതമാനവും അടിയറ വെച്ചുകൊണ്ടാണ് ജി.എസ്.ടി. ഏർപ്പെടുത്താൻ സമ്മതിച്ചത്. അത് ചെയ്യുമ്പോൾ നൽകിയ വാഗ്ദാനമാണ് നഷ്ടപരിഹാരത്തുക. അത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാബാധ്യതയായി ഉറപ്പുവരുത്തുകയും ചെയ്തു. ആ ബാധ്യത നിറവേറ്റുകതന്നെ വേണം. അതിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കാനാവില്ല. ബി.ജെ.പി.യിതര സംസ്ഥാന സർക്കാരുകളുടെ പൊതുനിലപാട് ഇതാണ്. ബജറ്റ് താറുമാറാകും നഷ്ടപരിഹാരത്തുക ലഭിക്കാത്തതുകാരണം സംസ്ഥാന സർക്കാരുകളുടെ ബജറ്റ് താറുമാറാകും. ജി.എസ്.ടി. വരുമാനത്തിൽ 14 ശതമാനം വർധന പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആ ചെലവ് നടത്താനുള്ള പിന്തുണയാണ് കേന്ദ്രസർക്കാരിൽനിന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യാ സർക്കാരിന്റെ ചെലവുകളിൽ 60 ശതമാനവും സംസ്ഥാന സർക്കാരുകളുടേതാണ്. ചെലവ് വർധിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ ഒരുവശത്ത് അവകാശപ്പെടുകയും മറുവശത്ത് സംസ്ഥാന സർക്കാരുകളുടെ ചെലവ് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് അസംബന്ധമാണെന്നു മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുകയും ചെയ്യും. ഈ ധനകാര്യവർഷത്തിലെ ആദ്യപാദത്തിൽ ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയുടെ സങ്കോചത്തിന്റെ കണക്കു വന്നിട്ടുണ്ട്. 60 രാജ്യങ്ങളുടെ ശരാശരി സങ്കോചം 12 ശതമാനമാണ്. ഇന്ത്യയുടേത് 24 ശതമാനവും. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇന്ത്യയുടെ സമ്പദ്ഘടനയുടെ ഈ ദയനീയപ്രകടനത്തിനു കാരണം കേന്ദ്രസർക്കാരാണ്. നോട്ടു നിരോധനംകാരണം നടുവൊടിഞ്ഞ സമ്പദ്ഘടനയുടെ ചുമലിൽ അയുക്തികമായ ലോക്ഡൗൺ പദ്ധതികളും ദുർബലമായ ഉത്തേജകപാക്കേജുമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനം മാത്രമാണ് യഥാർഥ ഉത്തേജകം. ഉപഭോഗ ഡിമാൻഡ് 27 ശതമാനം കൂപ്പുകുത്തി. സംസ്ഥാനങ്ങളുടെ ചെലവുകൂടി വെട്ടിച്ചുരുക്കിയാൽ സ്ഥിതി ഇനിയും പരിതാപകരമാകും. മറ്റൊരു ദുരന്തമുണ്ടാക്കരുത് ജി.എസ്.ടി. കോമ്പൻസേഷൻ വിവാദത്തിൽനിന്നും തലയൂരുന്നത് എങ്ങനെയെന്ന് അറിയാതെ കേന്ദ്രധനമന്ത്രി നട്ടംതിരിയുകയാണ്. കൗൺസിലിൽ പറഞ്ഞതുപോലെയല്ല പുറത്തു പറഞ്ഞത്. അപ്പോൾ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. കോവിഡ് നഷ്ടപരിഹാരത്തിന് അർഹതയില്ലായെന്നു പറഞ്ഞിട്ടേയില്ല എന്നാണ് ഏറ്റവും പുതിയ പത്രക്കുറിപ്പ്. മുഴുവൻ ഇപ്പോൾ തരാൻ പറ്റില്ലപോലും. പകുതിയെങ്കിലും സാമ്പത്തിക സ്ഥിതി സാധാരണനിലയിലാകുംവരെ മാറ്റിവെക്കണമത്രേ. അതെന്തു യുക്തിയാണ്? നഷ്ടപരിഹാരം മാറ്റിവെക്കുക എന്നു പറഞ്ഞാൽ ആ തുകയ്ക്കുള്ള ചെലവ് നല്ലകാലം വരുന്നതുവരെ മാറ്റിവെക്കണമെന്നാണ്. ദൈനംദിന ചെലവു നടത്താതെയും വികസനപ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയുമിരുന്നാൽ എങ്ങനെ നല്ലകാലം വരുമെന്നാണ് കേന്ദ്രധനമന്ത്രി കരുതുന്നത്? വീട്ടുചെലവിന്റെ യുക്തി പ്രയോഗിച്ച് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാവില്ല. ഞങ്ങളെപ്പോലെയുള്ള ഇടതുപക്ഷക്കാർ പോട്ടെ, രഘുറാം രാജനെപ്പോലെ നിയോ ലിബറൽ ഗോത്രത്തിൽപ്പെട്ടവർപോലും കേന്ദ്ര ധനമന്ത്രിയുടെ ഈ നിലപാടിനെ അസംബന്ധം എന്നേ വിശേഷിപ്പിക്കൂ. നല്ലകാലം വന്നിട്ട് പണം ചെലവഴിക്കാൻ കാത്തിരുന്നാൽ ആ നല്ലകാലത്തിന്റെ വരവു വൈകും. നോട്ടുനിരോധന വങ്കത്തം പോലുള്ള മറ്റൊരു ദുരന്തമായി ഈ നയം മാറും. ജി.എസ്.ടി. നഷ്ടപരിഹാരം വാങ്ങാനുള്ള സമരത്തിനുമുന്നിൽ കേരളമുണ്ട്.

from money rss https://bit.ly/32lwufp
via IFTTT