121

Powered By Blogger

Sunday, 11 October 2020

ഓൺലൈനായി എടുക്കാവുന്ന സംരംഭ ലൈസൻസുകൾ

വ്യവസായങ്ങൾക്കുള്ള ഏകജാലകമായ കെ-സ്വിഫ്റ്റ് ഓൺലൈൻ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ 'കെ-സ്വിഫ്റ്റ് 2.0' മുഖ്യമന്ത്രി ഈയിടെ പുറത്തിറക്കി. ഇതോടെ ഒട്ടനവധി സൗകര്യങ്ങളും ആനുകൂല്യങ്ങളുമാണ്, ലൈസൻസുകളും അനുമതികളും നേടുന്നതിൽ സംരംഭകർക്ക് ലഭിക്കുന്നത്. സംരംഭകർക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ ലൈസൻസുകൾ നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഓൺലൈൻ പ്ലാറ്റ്ഫോം നിലവിൽ വന്നത് 2019 ഫെബ്രുവരിയിലാണ്. എന്നാൽ, നിലവിലുള്ള സംരംഭകർക്ക് അവരുടെ ലൈസൻസുകൾ പുതുക്കുന്നതിന് സൗകര്യം ഉണ്ടായിരുന്നില്ല. ഏറെക്കാലമായി വ്യവസായ സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇപ്പോൾ അതിനുള്ള സൗകര്യം കൂടി ലഭ്യമായിരിക്കുന്നു. 14 വകുപ്പുകളിൽനിന്നുള്ള അനുമതികൾ 14 വകുപ്പുകളിൽനിന്നുള്ള ലൈസൻസുകൾ / അനുമതികൾ / നിരാക്ഷേപ പത്രങ്ങൾ എന്നിവയ്ക്കായി ഇപ്പോൾ കെ-സ്വിഫ്റ്റിനെ ആശ്രയിക്കാവുന്നതാണ്. ഈ ഓഫീസുകളിൽ പോകാതെ തന്നെ അപേക്ഷ ഫയൽചെയ്ത് അനുമതി നേടുന്നതിനുള്ള സൗകര്യം ഒരുങ്ങിയിരിക്കുന്നു. • ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്:: നിർമാണ അനുമതിയും ഫാക്ടറി ലൈസൻസും. • ഫയർ ആൻഡ് റെസ്ക്യു ഡിപ്പാർട്ട്മെന്റ്:: തുടങ്ങാനുള്ള അനുമതിയും ഫയർ സുരക്ഷാ ക്ലിയറൻസും. • ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്:: ഇലക്ട്രിക്കൽ സ്കീം അനുമതി, സേഫ്റ്റി സർട്ടിഫിക്കറ്റ്. • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്: : എച്ച്.ടി. /എൽ.ടി. പവർ കണക്ഷൻ. • മലിനീകരണ നിയന്ത്രണ ബോർഡ്: : സ്ഥാപിത അനുമതി (consent to establish) യും നടത്തിപ്പ് അനുമതിയും (consent to operate). • ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഡിപ്പാർട്ട്മെന്റ്:: ലേ ഔട്ട് അംഗീകാരം. • തദ്ദേശ സ്വയംഭരണ വകുപ്പ് (മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും):: കെട്ടിട നിർമാണ അനുമതി, ആയതിന്റെ വികസനവും പുനർ വികസനവും. ഉടമസ്ഥതാ സർട്ടിഫിക്കറ്റ്, മുനിസിപ്പൽ ലൈസൻസ്. • തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമപ്പഞ്ചായത്തുകൾ)::കെട്ടിട നിർമാണ അനുമതിയും ആയതിന്റെ വികസനവും പുനർ വികസനവും. ഉടമസ്ഥതാ സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ലൈസൻസ്. • കേരള വാട്ടർ അതോറിറ്റി:: പുതിയ വാട്ടർ കണക്ഷൻ. • ഭൂഗർഭ ജല വകുപ്പ്:: ഭൂഗർഭ ജല പരിശോധനയും പമ്പിങ് ടെസ്റ്റും. • തൊഴിൽ വകുപ്പ്:: രജിസ്ട്രേഷൻ ഓഫ് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്, കരാർ തൊഴിലാളി രജിസ്ട്രേഷൻ, കെട്ടിട നിർമാണ തൊഴിലാളി രജിസ്ട്രേഷൻ, ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ. • മൈനിങ് ആൻഡ് ജിയോളജി:: ക്വാറികൾക്കുള്ള അനുമതി, മണ്ണ് നീക്കുന്നതിനുള്ള അനുമതി. • സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി:: പരിസ്ഥിതി ക്ലിയറൻസ്. • ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ്:: അറക്കമില്ലുകൾക്കും മരം അധിഷ്ഠിതമായ സ്ഥാപനങ്ങൾക്കുമുള്ള ലൈസൻസും മരം മുറിക്കാനും മാറ്റാനുമുള്ള അനുമതിയും. ഇത്രയും ലൈസൻസുകൾ ലഭിക്കുന്നതിന് ഒരൊറ്റ അപേക്ഷാ ഫോറം സമർപ്പിച്ചാൽ മതി. ഫീസ് ഓൺലൈനിൽ അടയ്ക്കാം. 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായിരിക്കും. പുതിയ സൗകര്യങ്ങൾ 'കെ-സ്വിഫ്റ്റ് 2.0' നിലവിൽ വരുന്നതോടെ ഏതാനും പുതിയ സൗകര്യങ്ങൾ കൂടി വ്യവസായികൾക്ക് ലഭിക്കും. •നിലവിലുള്ള സംരംഭങ്ങളുടെ മുകളിൽ പറഞ്ഞ എല്ലാ ലൈസൻസുകളും അനുമതികളും ഓൺലൈൻ വഴി തന്നെ പുതുക്കിയെടുക്കാം. •30 ലക്ഷം രൂപ വരെ ഒരു സംരംഭത്തിന് സബ്സിഡിയായി നൽകുന്ന 'എന്റർപ്രണർ സപ്പോർട്ട് സ്കീം' പ്രകാരമുള്ള അപേക്ഷയും സമർപ്പിക്കാം. ജില്ലാ വ്യവസായ കേന്ദ്രം വഴി സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഇത് നൽകുന്നത്. ഉത്പാദനം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് അർഹത. •പ്രൊഫഷണൽ ടാക്സ് അടയ്ക്കാനും കെ-സ്വിഫ്റ്റ് സംവിധാനം ഉപയോഗിക്കാം. •കെ-സ്വിഫ്റ്റ് ഓൺലൈൻ പോർട്ടൽ വഴിയാണ്, മുൻകൂർ അനുമതി വാങ്ങാതെ സംരംഭം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. റെഡ് കാറ്റഗറി ഒഴികെയുള്ള എല്ലാത്തരം സംരംഭങ്ങൾക്കും നിക്ഷേപ പരിധി നോക്കാതെ അനുമതി ലഭിക്കും. മൂന്നു വർഷത്തിനു ശേഷം ആറു മാസത്തിനുള്ളിൽ അനുമതികൾ നേടിയാൽ മതിയാകും. ഈ കാലയളവിൽ യാതൊരുവിധ പരിശോധനയും പാടില്ല എന്നും നിയമം അനുശാസിക്കുന്നുണ്ട്. കെ-സ്വിഫ്റ്റിൽ കയറി നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സംരംഭങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളെ ഇതിനായി സമീപിക്കാവുന്നതാണ്. തികച്ചും സൗജന്യമായി ഈ സേവനം ലഭിക്കുന്നതാണ്. ഇതിനായി പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയമിച്ചിട്ടുണ്ട്. നേരത്തെ സംരംഭകർ അനുഭവിച്ചിരുന്ന, ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാണ് കെ-സ്വിഫ്റ്റ് 2.0. (സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/30Vb9Zp
via IFTTT